| Monday, 23rd April 2018, 7:37 am

'ലിഗ നീയും നിന്റെ പ്രിയപ്പെട്ടവരും സ്വന്തം നാട്ടിലേക്ക് പോകു... കേരളത്തില്‍ നിങ്ങള്‍ക്ക് നീതി കിട്ടില്ല'; ലിഗയുടെ മരണത്തില്‍ പൊലീസിനെതിരെ ഹണിറോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കോവളത്ത് നിന്നും കാണാതായ വിദേശ വനിത ലിഗയുടെ മൃതദേഹം കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് പ്രതിഷേധം ഉയരുകയാണ്. കാണാതാകുന്നവരെ കണ്ടെത്താന്‍ കേരള പൊലീസ് ഉത്സാഹം കാണിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

ലിഗയുടെ മരണവുമായി ബന്ധപ്പെട്ട പൊലീസ് നിലപാടിനെ പലരും വിമര്‍ശനവിധേയമാക്കിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കയാണ് മലയാളത്തിന്റെ പ്രമുഖ നടി ഹണിറോസ്.

ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് ഹണി തന്റെ പ്രതിഷേധം അറിയിച്ചത്.

ദൈവത്തിന്റെ സ്വന്തം നാടെന്ന് പേരു മാത്രമേ കേരളത്തിനുള്ളു. അതിഥിയായി വിദേശീയരെ സ്വീകരിക്കാനും ടൂറിസം വികസിപ്പിക്കാനും മാത്രമേ കേരളത്തിന് അറിയാവു. അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ അത്ര താല്പര്യം കാണിക്കാറില്ലെന്നും ഹണിറോസ് പറഞ്ഞു.


ALSO READ: ലിഗയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്; കുടുംബത്തിന് അടിയന്തിര സഹായം നല്‍കുമെന്ന് സര്‍ക്കാര്‍


മരിച്ച ലിഗയ്ക്കായി പ്രതിഷേധങ്ങളോ ഹര്‍ത്താലുകളോ നടത്തില്ലെന്നും ഇത് കേരളമാണെന്നും ഹണിറോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണേ..

ലിഗ വിദേശിയാണ്.. അവര്‍ക്ക് മതമോ ജാതിയോ വോട്ടോ ഒന്നും തന്നെയില്ല, അവര്‍ക്ക് വേണ്ടി ഹാഷ് ടാഗുകളില്ല, ആള്‍ക്കൂട്ടമോ പ്രതിഷേധമോ ഇല്ല, രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ ഹര്‍ത്താലില്ല, ചാനല്‍ ചര്‍ച്ചയില്ല.

അയര്‍ലണ്ടില്‍ നിന്നും ചികിത്സക്കായി കേരളത്തിലെത്തിയതാണ് ലിഗയും ഭര്‍ത്താവും അനിയത്തിയും. പക്ഷേ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശ്വസിച്ച് എത്തിയ അവര്‍ക്ക് തെറ്റി. ഒരു മാസം മുമ്പ് ലിഗയെ കാണാതായായെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ കണ്ടത്. ദാ ഒരു മാസത്തിനു ഇപ്പുറം അവരുടെ മൃതദേഹം ശിരസ്സറ്റ നിലയില്‍ കണ്ടെത്തിയിരിക്കുന്നു.

അന്ന് ലിഗയെ കാണാനില്ല എന്ന് പോസ്റ്റര്‍ ലിഗയുടെ ഭര്‍ത്താവ് നാട് മുഴവനും ഒട്ടിക്കുന്ന വിഡിയോയൊക്കെ എല്ലാരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവാം. ഭര്‍ത്താവ് ആന്‍ഡ്രൂ ജോര്‍ദാനും ഇലീസുനും അവളെ കണ്ടെത്താം എന്ന പ്രതീക്ഷയിലായിരുന്നു ഇന്നലെ വരെ. ആ പ്രതീക്ഷയാണ് ഇന്നലെ അവസാനിച്ചത്.

നമ്മുടെ പൊലീസിന് നിരപരാധികളെ സ്റ്റേഷനില്‍ അടിച്ചു കൊല്ലാന്‍ മാത്രമേ സാധിക്കു.. കാണാതായവരെ അവരുടെ ബന്ധുക്കള്‍ കണ്ടത്തെട്ടെ.. കേസുമായി ബന്ധപ്പെട്ട സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല പോലീസ് സ്റ്റേഷനില്‍ പരാതിയുമായി പോയപ്പോള്‍ പോലീസ്‌കാര്‍ പറഞ്ഞ മറുപടി വിചിത്രമാണ്.

“നിങ്ങള്‍ വിചാരിക്കും പോലെ ഈ നാട്ടില്‍ വില്ലന്മാരോ അധോലോകമോ ഒന്നുമില്ല”. വാരാപ്പുഴ പിന്നെ ഈ നാട്ടില്‍ അല്ലാത്തോണ്ട് പിന്നെ കുഴപ്പമില്ല.

ദൈവത്തിന്റെ സ്വന്തം നാട് കൊടുത്ത വിധിയുമായി അവളും അവളുടെ പ്രിയപ്പെട്ടവരും തിരികെ പോകട്ടെ.. നിങ്ങള്‍ക്ക് ഇവിടെ നീതി കിട്ടില്ല. അവിടെയുള്ളവരോട് പറയൂ..

ഇത് കേരളമാണ്.. ഇത് ഇന്ത്യയാണ്.. ഇവിടെ ഇങ്ങനെയാണ്..!
Copied….

Latest Stories

We use cookies to give you the best possible experience. Learn more