| Tuesday, 30th June 2026, 8:15 pm

ലോകകപ്പില്‍ ഇറാന്റെ പുറത്താകല്‍ ആഘോഷമാക്കി ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി; വിസ റദ്ദാക്കിയതിലും സന്തോഷമെന്ന്

ആദര്‍ശ് എം.കെ.

വാഷിങ്ടണ്‍: 2026 ഫിഫ ലോകകപ്പില്‍ നിന്നും ഇറാന്‍ പുറത്തായത് ആഘോഷമാക്കി യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മുള്ളിന്‍. വാഷിങ്ടണില്‍ നടന്ന ലോകകപ്പ് സുരക്ഷാ അവലോകന യോഗത്തിലാണ് മുള്ളിന്‍ തന്റെ പ്രതികരണം അറിയിച്ചത്.

ഇറാന്‍ പുറത്തായ വാര്‍ത്ത അറിഞ്ഞപ്പോള്‍ താന്‍ സന്തോഷം കൊണ്ട് നൃത്തം ചെയ്തതായും പാട്ടുപാടിയതായും അദ്ദേഹം വെളിപ്പെടുത്തി.

‘അവര്‍ (ഇറാന്‍) പോയതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്,’ എന്നായിരുന്നു മുള്ളിന്റെ പ്രതികരണം. ഇറാന്‍ ടീമിന്റെ വിസ റദ്ദാക്കി അവരെ യു.എസ് മണ്ണില്‍ നിന്ന് എത്രയും വേഗം മടക്കി അയക്കാന്‍ സാധിച്ചതില്‍ താന്‍ സന്തുഷ്ടനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ പ്രതിനിധികളായി വരാനിരുന്നവരില്‍ പകുതിയോളം പേര്‍ക്കും ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി നേരിട്ട് ബന്ധമുണ്ടെന്നും മുള്ളിന്‍ ആരോപണമുന്നയിച്ചു. എന്നാല്‍ ഈ ആരോപണത്തിന് തെളിവുകളൊന്നുമില്ലെന്ന് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതികരിച്ചു.

യു.എസും ഇറാനും തമ്മിലുള്ള സൈനിക-രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഇറാനിയന്‍ ടീമിന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന് യു.എസ് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

അവരുടെ പരിശീലന കേന്ദ്രം ട്യൂസണില്‍ നിന്ന് മെക്‌സിക്കോയിലെ ടിജുവാനയിലേക്ക് മാറ്റേണ്ടി വന്നു. ഓരോ മത്സരത്തിനും തൊട്ടുമുമ്പ് മാത്രം യു.എസില്‍ പ്രവേശിക്കാനും മത്സരം കഴിഞ്ഞാലുടന്‍ രാജ്യം വിടാനുമായിരുന്നു നിര്‍ദേശം.

ആതിഥേയ രാജ്യമായ യു.എസ് തങ്ങളോട് വളരെ മോശമായാണ് പെരുമാറിയതെന്ന് ഇറാന്‍ പരിശീലകന്‍ അമീര്‍ ഘലെനോയി കുറ്റപ്പെടുത്തി. ഭാവിയില്‍ ആതിഥേയ രാജ്യങ്ങള്‍ ടീമുകളോട് ഇത്തരത്തില്‍ പെരുമാറുന്നത് തടയാന്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇത്രയധികം വെല്ലുവിളികള്‍ക്കിടയിലും തങ്ങളുടെ ടീമിന്റെ പ്രകടനത്തില്‍ ലോകം അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ടീം മടങ്ങുന്നതിന് മുന്‍പായി ഡ്രസ്സിങ് റൂമുകളില്‍ വൈകാരികമായ കുറിപ്പുകള്‍ വെച്ചിരുന്നു.

‘പുരാതന പേര്‍ഷ്യ മുതല്‍ ഇന്നത്തെ ഇറാന്‍ വരെ, ഇറാന്റെ ആത്മാവ് സജീവമാണ്. ഞങ്ങള്‍ അഭിമാനത്തോടെ വന്നു, അന്തസ്സോടെ മടങ്ങുന്നു,’ എന്നാണ് അവര്‍ കുറിപ്പിലെഴുതിയത്.

ഗ്രൂപ്പ് ജി-യില്‍ കളിച്ച ഇറാന്‍ മൂന്ന് മത്സരങ്ങളും സമനിലയിലാണ് പിരിഞ്ഞത്. ഇതോടെ നേരിയ വ്യത്യാസത്തില്‍ റൗണ്ട് ഓഫ് 32 യോഗ്യതയും ടീമിന് നഷ്ടപ്പെട്ടിരുന്നു.

അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ അള്‍ജീരിയക്കെതിരെ ഓസ്ട്രിയ അവസാന നിമിഷം ഗോള്‍ നേടിയതോടെയാണ് ഇറാന് പുറത്തേക്കുള്ള വഴിയൊരുങ്ങിയത്.

Content Highlight: Homeland Security Secretary celebrates Iran’s World Cup exit.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more