| Saturday, 20th September 2025, 9:42 am

പുഷ്പ 2വും കണ്ണപ്പയും ലിസ്റ്റില്‍, ഓസ്‌കറിനുള്ള ഇന്ത്യന്‍ എന്‍ട്രി സ്വന്തമാക്കി ഹിന്ദി ചിത്രം ഹോംബൗണ്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓസ്‌കര്‍ അവാര്‍ഡിനുള്ള ഇന്ത്യന്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ട് ബോളിവുഡ് ചിത്രം ഹോംബൗണ്ട്. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടിയ ചിത്രമാണ് ഇത്തവണ ഇന്ത്യ അക്കാദമി അവാര്‍ഡിന് അയക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഹോംബൗണ്ടിനെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി പ്രഖ്യാപിച്ചത്.

24 ചിത്രങ്ങളുണ്ടായിരുന്ന പട്ടികയില്‍ ജൂറി ഐക്യകണ്‌ഠേനയാണ് ഹോംബൗണ്ടിനെ തെരഞ്ഞെടുത്തത്. എന്‍ട്രിക്കായി സമര്‍പ്പിച്ച ലിസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഒരൊറ്റ മലയാള ചിത്രം പോലും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. ലിസ്റ്റിലെ മറ്റ് സിനിമകളെക്കാള്‍ എന്തുകൊണ്ടും യോഗ്യത ഹോംബൗണ്ടിനാണ് എന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.

വിവേക് അഗ്നിഹോത്രി ചെയ്ത ദി ബംഗാള്‍ ഫയല്‍സ്, തെലുങ്ക് ചിത്രങ്ങളായ കണ്ണപ്പ, പുഷ്പ 2, സംക്രാന്തികി വസ്തുന്നാം, കുബേര എന്നിവ ഓസ്‌കര്‍ എന്‍ട്രിക്കുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത് സിനിമാപ്രേമികളെ ഞെട്ടിച്ചു. കലാപരമായി യാതൊരു ഗുണവുമില്ലാത്ത ഈ സിനിമകള്‍ എങ്ങനെ ലിസ്റ്റില്‍ ഇടം നേടിയെന്നാണ് പലരും ചോദിക്കുന്നത്.

ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത ഐ വാണ്ട് ടു ടോക്ക്, മറാത്തി ചിത്രം ആതാ തംബാച്ചേ ന്യായ്, ഹിന്ദി ചിത്രം ഫുലേ, എന്നിവയും ജൂറിക്ക് പരിഗണിക്കാമായിരുന്നെന്നും ഒരുകൂട്ടം സിനിമാപ്രേമികള്‍ അഭിപ്രായപ്പെടുന്നുണ്ട്. മികച്ച സിനിമകള്‍ റിലീസാകുന്ന മലയാളത്തെ പൂര്‍ണമായും അവഗണിച്ചതിനെതിരെയും ചിലര്‍ പ്രതിഷേധം രേഖപ്പെടുത്തി.

ജൂറി തെരഞ്ഞെടുത്ത ഹോംബൗണ്ട് നല്ല രീതിയില്‍ മാര്‍ക്കറ്റ് ചെയ്താല്‍ പുര്‌സകാര വേദിയില്‍ ശ്രദ്ധ നേടുമെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്. ബോളിവുഡില്‍ നിന്ന് ഈയടുത്ത് വന്ന മികച്ച സിനിമകളിലൊന്നായാണ് ഹോംബൗണ്ടിനെ പലരും കണക്കാക്കുന്നത്. ഇഷാന്‍ ഖട്ടര്‍, വിശാല്‍ ജേത്വ, ജാന്‍വി കപൂര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ഉത്തരേന്ത്യയിലെ സാധാരണ ഗ്രാമത്തില്‍ നിന്ന് നല്ലൊരു ജീവിതം സ്വപ്‌നം കാണുന്ന മൂന്ന് പേരുടെ കഥയാണ് ചിത്രം പറയുന്നത്. പൊലീസ് ആകാന്‍ ആഗ്രഹിക്കുന്ന മുഹമ്മദ് ഷുഹൈബും സുഹൃത്തായ ചന്ദന്‍ കുമാറുമാണ് പ്രധാന കഥാപാത്രങ്ങള്‍. ഉത്തരേന്ത്യയിലെ ജാതി വിവേചനവും മുസ്‌ലിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും ചിത്രത്തില്‍ കാണിക്കുന്നുണ്ട്. കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlight: Homebound movie selected as India’s official entry for Oscar awards

We use cookies to give you the best possible experience. Learn more