| Thursday, 8th May 2025, 3:51 pm

സോഷ്യല്‍ മീഡിയ വഴി രാജ്യവിരുദ്ധ പോസ്റ്റുകള്‍ പ്രചരിപ്പിച്ചാല്‍ ഉടന്‍ നടപടി; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി ആഭ്യന്തര മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യ വിരുദ്ധ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. ഇന്ത്യ വിരുദ്ധ പ്രചാരണങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കാനുള്ള നിര്‍ദേശത്തിന്റെ ഭാഗമാണ് കേന്ദ്രത്തിന്റെ നീക്കം.

ദേശവിരുദ്ധ പ്രചാരണങ്ങള്‍ ഓണ്‍ലൈനില്‍ നിരീക്ഷിക്കണമെന്നും സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടു. വ്യാജ പ്രചാരണങ്ങള്‍ നടത്തുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ വേഗത്തില്‍ നടപടിയെടുക്കാനും നിര്‍ദേശമുണ്ട്.

ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് പാകിസ്ഥാന്‍ വ്യാപകമായ വ്യാജപ്രചാരണം നടത്തുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

2000ലെ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ സെക്ഷന്‍ 69എ പ്രകാരം ദേശീയ സുരക്ഷയുടേയോ പൊതുക്രമത്തിന്റെയോ താത്പര്യാര്‍ത്ഥം ഓണ്‍ലൈന്‍ ഉള്ളടക്കത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിര്‍ത്തി പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സായുധ സേനകള്‍, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ എന്നിവ ഏകോപനത്തിന്റെ ആവശ്യകതയുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ആശയവിനിമയ ബന്ധം വര്‍ദ്ധിപ്പിക്കണമെന്നും നിര്‍ദേശിച്ചു.

ഇന്നലെ പുലര്‍ച്ചെ 1.05 ന് പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള ജെയ്ഷെ, ലഷ്‌കര്‍-ഇ-ത്വയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് ഭീകര ക്യാമ്പുകള്‍ ഇന്ത്യ ആക്രമിച്ച് തകര്‍ത്തിരുന്നു.

പഹല്‍ഗാം ആക്രമണത്തിന് പകരമായായിരുന്നു ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്. ഒമ്പത് ഇടങ്ങളിലായി നടത്തിയ ആക്രമണത്തില്‍ ഇന്ത്യ ലക്ഷ്യം വെച്ചത് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍ മാത്രമാണ്.

വിവിധ സേനകളുടെ സംയുക്ത ഓപ്പറേഷനിലൂടെ കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കമായ ഓപ്പറേഷന്‍ സിന്ദൂരിലൂടെയാണ് ഇന്ത്യ പാകിസ്ഥാന് മറുപടി നല്‍കിയത്.

ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വര്‍ഷിച്ചത്. ഇതോടെ കനത്ത ആഘാതം ഭീകരര്‍ക്കുണ്ടായി. ഔദ്യോഗിക കണക്ക് പ്രകാരം 100 ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായി വിവരം വന്നിരുന്നു.

Content Highlight: Home Ministry issues directive to states to take immediate action if anti-national posts are spread on social media

We use cookies to give you the best possible experience. Learn more