| Thursday, 8th October 2026, 12:03 am

ഓരോ പൊലീസ് സ്റ്റേഷനിലും ഒരു തൂഫാന്‍ മെന്റര്‍: പരിശീലനപരിപാടിയുമായി ആഭ്യന്തരമന്ത്രി

ദേവിക ജയചന്ദ്രന്‍

കൊച്ചി: സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലും ‘തൂഫാന്‍ മെന്റര്‍’ ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തില്‍ നടക്കുന്ന ലഹരിക്കെതിരായ പോരാട്ടത്തില്‍ കേരളാ പൊലീസ് സ്വീകരിക്കുന്ന ചിട്ടയായ ഒരു മുന്നേറ്റമാണ് തൂഫാന്‍ മെന്‍ര്‍ എന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പരിശീലന പരിപാടിയെക്കുറിച്ച് മനസുതുറന്നത്.

കൊച്ചി അമൃതയില്‍ നടന്ന ‘തൂഫാന്‍ മെന്റര്‍’ പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഓരോ പൊലീസ് സ്റ്റേഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ഉദ്യോഗസ്ഥന്‍ പരിപാടിയില്‍ പങ്കെടുത്തു. ലഹരിയെക്കുറിച്ച് ശാസ്ത്രീയമായ ധാരണയും കൃത്യമായ സമീപനവുമുള്ള ആളായിരിക്കും ‘തൂഫാന്‍ മെന്റര്‍’.

തൂഫാന്‍ മെന്റര്‍ ആകാനുള്ള പരിശീലനത്തില്‍ പങ്കെടുത്തവരില്‍ വലിയൊരു പങ്ക് യുവ ഉദ്യോഗസ്ഥരായിരുന്നു എന്നത് അഭിമാനം നല്‍കുന്നെവെന്ന് മന്ത്രി പറഞ്ഞു. കോളേജുകളിലും സ്‌കൂളുകളിലും ചെന്ന് വിദ്യാര്‍ത്ഥികളോട് സംസാരിക്കാനും, ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ അവര്‍ക്കൊപ്പം നില്‍ക്കാനുമുള്ള താല്പര്യവും ആത്മവിശ്വാസവും അവരുടെ വാക്കുകളില്‍ വ്യക്തമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തര മന്ത്രിയുടെ കൂടെ നിന്നൊരു ഫോട്ടോ എടുത്തു എന്നത് ആര്‍ക്കും നിയമത്തിന് മുകളില്‍ നില്‍ക്കാനുള്ള ലൈസന്‍സല്ലെന്നും
അയാള്‍ എത്ര വലിയ ആളായാലും, സ്വാധീനമുള്ളവനായാലും തെറ്റ് ചെയ്താല്‍ മുഖം നോക്കാതെ കേസെടുക്കണമെന്നും മന്ത്രി വ്യക്തമാക്കി. കുറ്റവാളിയെ കുറ്റവാളിയായിത്തന്നെ കാണണമെന്നും അതില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

നിയമം അനുസരിച്ച് സത്യസന്ധമായി കടമ നിര്‍വഹിക്കുന്ന ഏതൊരു പൊലീസുകാരന്റെയും ഒപ്പം ആഭ്യന്തര വകുപ്പ് ഉറച്ചുനില്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ പങ്കെടുത്ത കുട്ടികള്‍ മുന്നോട്ടുവെച്ച ‘കുട്ടിപ്പെട്ടി’ എന്ന ആശയവും, പൊലീസിനെ പേടിയോടെയല്ലാതെ ഒരു ‘പൊലീസ് ബ്രോ’ ആയി കാണാന്‍ അവര്‍ ആഗ്രഹിക്കുന്നതും ഏറെ സന്തോഷം നല്‍കിയെന്ന് മന്ത്രി പറഞ്ഞു.

ശാസ്ത്രീയമായ അറിവും, നിര്‍ഭയമായ നിയമനടപടികളും, സമൂഹത്തോട് ചേര്‍ന്നുനില്‍ക്കുന്ന പൊലീസ് സംവിധാനവുമായി ‘ഓപ്പറേഷന്‍ തൂഫാന്‍’ കരുത്തോടെ മുന്നോട്ട് പോവുകയാണെന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രി കുറിപ്പ് അവസാനിപ്പിക്കുന്നത്.

Content Highlight: Home Minister Ramesh  Chennithala talks about thoofan mentor program to fight drugs.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more