| Friday, 3rd July 2026, 6:35 pm

പെരുമഴയിലും വീശിയടിച്ച് തൂഫാന്‍; കൂറ്റന്‍ റാലിയുമായി ചെന്നിത്തല

ആദർശ് എം.കെ.

പെരുമ്പാവൂര്‍: സംസ്ഥാനത്തെ ലഹരിമുക്തമാക്കാന്‍ ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂരില്‍ സംഘടിപ്പിച്ച ‘തൂഫാന്‍ ജാഗരണ്‍’ റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കോരിച്ചൊരിയുന്ന ശക്തമായ മഴയെ പോലും അവഗണിച്ച് ആയിരക്കണക്കിന് ആളുകളാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നയിച്ച ഈ ലഹരിവിരുദ്ധ പോരാട്ടത്തില്‍ അണിനിരന്നത്.

പെരുമ്പാവൂരിലെ ലഹരി വിപത്തിനെതിരെ നേരിട്ടുള്ള പോരാട്ടത്തിന് തുടക്കം കുറിക്കാനാണ് ആഭ്യന്തര മന്ത്രി തന്നെ നേരിട്ടെത്തിയത്. മഴയിലും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍, വ്യാപാരികള്‍, ജനപ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ വന്‍ ജനാവലി റാലിയില്‍ പങ്കെടുത്തു.

‘കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് എല്ലാവരും റാലിയില്‍ പങ്കെടുത്തത് ഓപ്പറേഷന്‍ തൂഫാന്‍ എത്രമാത്രം അനിവാര്യമാണെന്ന ജനങ്ങളുടെ ബോധ്യമാണ് വ്യക്തമാക്കുന്നത്’ എന്ന് റാലിയെ അഭിസംബോധന ചെയ്ത് മന്ത്രി പറഞ്ഞു.

ബെന്നി ബെഹനാന്‍ എം.പി, സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖര്‍, നോര്‍ത്ത് മേഖല ഐ.ജി പുട്ട വിമലാദിത്യ എന്നിവരും മന്ത്രിയോടൊപ്പം റാലിയില്‍ പങ്കെടുത്തു. മന്ത്രി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തതോടെയാണ് തൂഫാന്‍ ജാഗരണ്‍ റാലിക്ക് തുടക്കമായത്.

ലഹരി വില്‍ക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരിക്കും സര്‍ക്കാരിനെന്ന് മന്ത്രി ആവര്‍ത്തിച്ചു.

‘ലഹരി വില്‍ക്കുന്നവര്‍ക്കുള്ള ശിക്ഷ മരണശേഷം നരകത്തിലായിരിക്കില്ല, മറിച്ച് ഈ ഭൂമിയില്‍ തന്നെയായിരിക്കും’ എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പെരുമ്പാവൂര്‍ ഏഷ്യയിലെ പ്ലൈവുഡ് തലസ്ഥാനം എന്ന പ്രശസ്തിക്ക് പകരം ലഹരിയുടെ കേന്ദ്രമെന്ന കുപ്രസിദ്ധി നേടുന്നത് അനുവദിക്കില്ലെന്നും, ലഹരി വ്യാപനം തടയാന്‍ മലയാളികളുടെയും ഇതരസംസ്ഥാന തൊഴിലാളികളുടെയും പൂര്‍ണ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷന്‍ തൂഫാന്‍ ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ ഇന്ന് ഉച്ചവരെയായി 5260 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 5634 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത്രയും ചുരുങ്ങിയ കാലയളവില്‍ ഇത്രയധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഇന്ത്യയില്‍ തന്നെ ആദ്യമായാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

കേരളത്തിലേക്ക് ലഹരി എത്തുന്നത് തടയാന്‍ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ ഡി.ജി.പിമാരുടെ യോഗം ഈ മാസം പത്താം തീയതി വിളിച്ചുചേര്‍ത്തിട്ടുണ്ട്.

ലഹരി മാഫിയയെ വേരോടെ പിഴുതെറിയാന്‍ വിപുലമായ പദ്ധതി ഈ യോഗത്തില്‍ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.

Content Highlight: Home Minister Ramesh Chennithala leads a massive rally against drugs.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more