| Monday, 27th July 2026, 7:06 pm

വിദ്യാര്‍ത്ഥികള്‍ക്കെതിരായ വിദ്വേഷ പ്രസ്താവന: മോഹന്‍ദാസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

റെന്വര്‍ പി

തിരുവനന്തപുരം: ദല്‍ഹി ജന്തര്‍ മന്ദറില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ സംഘപരിവാര്‍ പ്രചാരകന്‍ ടി.ജി. മോഹന്‍ദാസിനെതിരെ അന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു.

സൈബര്‍ സെല്‍ ഐ.ജി. പി. പ്രകാശിന്റെ നേതൃത്വത്തില്‍ മോഹന്‍ദാസിനെതിരെ അന്വേഷണം നടത്താനാണ് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയിലാണ് നടപടി.

മോഹന്‍ദാസിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐയും യൂത്ത് കോണ്‍ഗ്രസും പൊലീസിന് പരാതി നല്‍കിയിരുന്നു. വനിതാ സാഹിതിയും ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നല്‍കിയിരുന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി. ദുല്‍കിഫിലും എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനുമായിരുന്നു പൊലീസില്‍ പരാതി നല്‍കിയത്. . ഡി.ജി.പിക്ക് നേരിട്ടാണ് ദുല്‍കിഫില്‍ പരാതി നല്‍കിയത്.

ടി.ജി. മോഹന്‍ദാസിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങളിലും മോഹന്‍ദാസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

പരസ്യമായി കൊലവിളി നടത്തുന്ന സംഘപരിവാര്‍ നേതാക്കള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നത് കേരളത്തിന് അപമാനമാണെന്ന് പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. വിയോജിപ്പുകളെ ഉന്മൂലനം ചെയ്യുക എന്ന സംഘപരിവാറിന്റെ ഉള്ളിലിരിപ്പാണ് ഇത്തരം ക്രൂരമായ പ്രസ്താവനകളിലൂടെ പുറത്തുവരുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാരിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ ജന്തര്‍ മന്ദറില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെടുകയും പിരിഞ്ഞ് പോകാത്തവര്‍ക്ക് നേരെ വെടിവെക്കുകയും ചെയ്യും എന്നത് അടക്കമുള്ള പരാമര്‍ശങ്ങളായിരുന്നു മോഹന്‍ദാസ് നടത്തിയത്. വെടിവെപ്പില്‍ കൊല്ലപ്പെടുന്നവരുടെ ശവങ്ങള്‍ പെറുക്കി ആശുപത്രിയിലെത്തിക്കും എന്നും മോഹന്‍ദാസ് പറഞ്ഞിരുന്നു.

യൂട്യൂബിലും ഫേസ്ബുക്കിലും അപ്‌ലോഡ് ചെയ്ത വീഡിയോയിലായിരുന്നു സംഘപരിവാര്‍ പ്രചാരകന്റെ വിദ്വേഷ പരാമര്‍ശം.

‘എനിക്ക് ഈ സിറ്റുവേഷന്‍ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ എന്തു ചെയ്യും എന്ന് നിങ്ങളോട് പറയാം. ഞാന്‍ ആ പ്രദേശത്ത് കര്‍ഫ്യൂ ചുമത്തും. ജന്തര്‍ മന്ദര്‍ പരിസരത്ത് ഒരു നാല് സ്‌ക്വയര്‍ കിലോമീറ്ററില്‍ കര്‍ഫ്യൂ ചുമത്തും.

ജനക്കൂട്ടത്തോട് പിരിഞ്ഞു പോകാന്‍ മൈക്കില്‍ ആവശ്യപ്പെടും. മൂന്നു തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും.

ആളുകള്‍ ചിതറിയോടും. കുറെ പേര് മരിക്കും. കുറേ പേര് മരിക്കില്ല. കുറേ പേര്‍ക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം ഒരു നാലു മണിക്കൂര്‍ കൊണ്ട് ഈ രംഗം ശാന്തമാകും. ശവങ്ങള്‍ പെറുക്കി ആശുപത്രിയില്‍ എത്തിക്കും’ എന്നായിരുന്നു മോഹന്‍ദാസ് നടത്തിയ വിദ്വേഷ പരാമര്‍ശം

ജന്തര്‍ മന്ദറില്‍ ചെയ്ത വിദ്യാര്‍ത്ഥിനികളെ ലക്ഷ്യം വച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന വളരെ മോശമായ പരാമര്‍ശങ്ങളും മോഹന്‍ദാസ് നടത്തിയിരുന്നു. ‘വോക്ക് രാഷ്ട്രീയം പറയുന്നവര്‍ എന്ത് ഹീനകൃത്യവും ചെയ്യും’ എന്നതടക്കമുള്ള പരാമര്‍ശങ്ങളും മോഹന്‍ദാസ് നടത്തിയിരുന്നു.

Content Highlight: Home Minister ordered to Inquiry  on  TG Mohandas’s Hate Comments Against Jantar Mandar Protest

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more