| Wednesday, 24th July 2019, 4:22 pm

വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാമെന്ന വ്യവസ്ഥ അനിവാര്യം: യു.എ.പി.എ ബില്ലിനെ പ്രതിരോധിച്ച് അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാമെന്ന യു.എ.പി.എ ബില്ലിലെ വ്യവസ്ഥയെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. എട്ടിനെതിരെ 284 വോട്ടുകള്‍ക്കാണ് യു.എ.പി.എ ബില്ല് പാസായത്.

‘സര്‍ക്കാര്‍ ഭീകരവാദത്തിനെതിരെ പൊരുതുന്നു. അതിനിടെ ഏതു പാര്‍ട്ടിയാണ് അധികാരത്തിലിരിക്കുന്നത് എന്നതിന് വലിയ പ്രാധാന്യമൊന്നുമില്ല.’ എന്നും അമിത് ഷാ പറഞ്ഞു.

ഭീകരവാദ ബന്ധമുണ്ടെന്ന് സംശയം തോന്നുന്ന വ്യക്തിയെ ഭീകരവാദിയായി പ്രഖ്യാപിക്കാന്‍ അനുവദിക്കുന്നതാണ് യു.എ.പി.എ ഭേദഗതി ബില്‍. ഈ ബില്ല് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇതിനെ എതിര്‍ത്ത വേളയിലാണ് അമിത് ഷാ നിലപാടില്‍ ഉറച്ചു നിന്നത്.

സര്‍ക്കാറിനെ ചോദ്യം ചെയ്യുന്ന ആരെയും ദേശവിരുദ്ധരായി ചിത്രീകരിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരെ പീഡിപ്പിക്കാന്‍ പൊലീസിന് യാതൊരു താല്‍പര്യവുമില്ലെന്നു പറഞ്ഞാണ് അമിത് ഷാ ബില്ലിനെ ന്യായീകരിച്ചത്.

‘ നല്ല കാര്യങ്ങള്‍ ചെയ്യുന്ന നിരവധി സാമൂഹ്യ പ്രവര്‍ത്തകരുണ്ട്. പക്ഷേ അര്‍ബന്‍ മാവോയിസ്റ്റുകളെ ഞങ്ങള്‍ തകര്‍ക്കും.’ അമിത് ഷാ പറഞ്ഞു.

‘ വ്യക്തികളെ ഭീകരവാദികളായി ചിത്രീകരിക്കേണ്ട ആവശ്യം ഇവിടെയുണ്ട്. യു.എന്നിന് ഇതുസംബന്ധിച്ച നടപടിക്രമങ്ങളുണ്ട്. യു.എസിനുണ്ട്. പാക്കിസ്ഥാന് വരെയുണ്ട്. ചൈനയ്ക്കും ഇസ്രഈലിനും യൂറോപ്യന്‍ യൂണിയനുമുണ്ട്. എല്ലാവരും ഇത് ചെയ്തിട്ടുണ്ട്.’ ഷാ പറഞ്ഞു.

‘ നിങ്ങള്‍ ഞങ്ങളെ ചോദ്യം ചെയ്യുമ്പോള്‍ ആരാണ് ഈ നിയമം കൊണ്ടുവന്നതെന്നും ഭേദഗതി കൊണ്ടുവന്നതെന്നും നിങ്ങള്‍ മറക്കുകയാണ്. നിങ്ങള്‍ അധികാരത്തിലിരിക്കെയാണ് ഇത് കൊണ്ടുവന്നത്. നിങ്ങള്‍ അന്ന് അത് ചെയ്തപ്പോള്‍ ശരിയാണെങ്കില്‍ ഇന്ന് ഞാന്‍ ചെയ്യുമ്പോഴും ശരിയാണ്.’ അമിത് ഷാ പറഞ്ഞു.

സംഘടനകള്‍ക്കു പുറമേ വ്യക്തികളെയും ഭീകരതയുടെ പേരില്‍ കരിമ്പട്ടികയില്‍പ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ദേശീയ അന്വേഷണ ഏജന്‍സിയ്ക്കും സര്‍ക്കാറിനും വിപുലമായ അധികാരം നല്‍കുന്നതാണ് നിയമഭേദഗതി ബില്‍.

ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ ഏതെങ്കിലും വ്യക്തികളുടെ പേരിലുള്ള സ്വത്ത് സംസ്ഥാന പൊലീസിന്റെ സഹായമോ ഇടപെടലോ കൂടാതെ തന്നെ എന്‍.ഐ.എയ്ക്ക് കണ്ടുകെട്ടാം. ഭീകരത കേസുകളില്‍ അന്വേഷണ അധികാരം ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ളുവര്‍ക്കായിരുന്നത് താഴ്ന്ന റാങ്കിലുള്ള ഇന്‍സ്‌പെക്ടര്‍മാര്‍ക്കു വിട്ടുകൊടുക്കുന്നതുകൂടിയാണ് നിയമഭേദഗതി ബില്‍.

We use cookies to give you the best possible experience. Learn more