| Thursday, 22nd October 2026, 5:28 pm

കേരളത്തില്‍ ജയിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്ലതായിരുന്നു, കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തിന് 30 വര്‍ഷത്തേക്കെങ്കിലും ഭരണത്തില്‍ വരില്ല: അമിത് ഷാ

ദേവിക ജയചന്ദ്രന്‍

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പിന്തുടരുന്ന നെഗറ്റിവ് പൊളിറ്റിക്‌സ് വെച്ച് അടുത്ത മുപ്പത് വര്‍ഷത്തേക്കെങ്കിലും അധികാരത്തില്‍ വരില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളത്തിലും തെലങ്കാനയിലും ഹിമാചല്‍ പ്രദേശിലുമെല്ലാം മത്സരിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ടേഴ്‌സ് ലിസ്റ്റുമെല്ലാം നതായിരുന്നുവെന്നും ദല്‍ഹിയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ അമിത് ഷാ പറഞ്ഞു.

‘അടുത്തിടെ കേരളത്തില്‍ തെരഞ്ഞെടുപ്പ് നടന്നു. വോട്ടര്‍പട്ടിക അത് തന്നെയായിരുന്നു, തെരഞ്ഞെടുപ്പ് കമ്മീഷണറും ഇ.വി.എമ്മുകളും അത് തന്നെയായിരുന്നു. നിങ്ങള്‍ സത്യപ്രതിജ്ഞ ചെയ്‌തോ? നിങ്ങള്‍ ജയിച്ചതുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്ലതായിരുന്നു’, അമിത് ഷാ പറഞ്ഞു.

തോറ്റയിടങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അംഗീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തു. കോടതിവിധികളുടെ കാര്യത്തിലും കോണ്‍ഗ്രസിന് ഇതേ നിലപാടാണെന്നും അനുകൂലവിധി വന്നാല്‍ കോടതി നല്ലതാണെന്ന് കോണ്‍ഗ്രസ് പറയുമെന്നും അമിത് ഷാ പറഞ്ഞു.

‘കോടതികള്‍ നിങ്ങള്‍ക്കനുകൂലമായി വിധി പുറപ്പെടുവിച്ചാല്‍ അവ നല്ലതാണ്. അവര്‍ നിങ്ങള്‍ക്കെതിരെ വിധിച്ചാല്‍ അത് അംഗീകരിക്കാന്‍ സാധിക്കില്ല. രാഹുല്‍ ജി, ഈ ഇരട്ടത്താപ്പ് നടപ്പില്ല. ജനങ്ങള്‍ നിങ്ങളെ മനസിലാക്കിയിരിക്കുന്നു’, അമിത് ഷാ പറഞ്ഞു.

അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ കൂട്ടി ദല്‍ഹിയില്‍ വന്ന് പ്രതിഷേധിച്ച് ജനവിധി തള്ളിക്കളയാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നും ഈ രാജ്യത്തെ ജനങ്ങള്‍ കോണ്‍ഗ്രസിനെ നിരീക്ഷിക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് പറയാനാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. നിങ്ങള്‍ വിദേശത്ത് എവിടെയോ ഇരിക്കുന്നത് കൊണ്ട് എന്റെ ശബ്ദം കേള്‍ക്കാന്‍ കഴിയില്ലെന്ന് അറിയാം. നിങ്ങള്‍ എവിടെയാണ് പോയതെന്നോ എന്തിനാണ് പോയതെന്നോ വ്യക്തമാക്കുന്നില്ല’, രാഹുല്‍ ഗാന്ധിയെ അമിത് ഷാ കടന്നാക്രമിച്ചു.

അടുത്ത 30 വര്‍ഷത്തേക്ക് രാഹുല്‍ ഗാന്ധിയുടെ ഊഴം വരില്ലെന്നും ബൂത്ത് തല പ്രവര്‍ത്തകര്‍ മുതല്‍ നരേന്ദ്ര മോദി വരെയുള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ ജനങ്ങളുമായി ബന്ധം പുലര്‍ത്തി അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.

Content Highlight: Home Minister Amit Shah calls Rahul Gandhi a hypocrite stating when congress wins, Election Commission is good.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more