മലയാള സിനിമയിൽ ഒരു കാലത്ത് വീടുകൾ എന്നത് വെറും ലൊക്കേഷനായിരുന്നു. കഥ നടക്കാനുള്ള ഇടം. എന്നാൽ ഇന്നത്തെ സിനിമകൾ എടുത്തുനോക്കിയാൽ വീട് എന്നത് വെറും ഒരു ലൊക്കേഷൻ മാത്രമല്ല. അതൊരു കഥാപാത്രമായി കൂടി മാറുന്ന കാഴ്ച നമുക്ക് കാണാം.
ജീവിതത്തിൽ ഒരോ വ്യക്തികൾക്കും വീട് എങ്ങനെയാണോ അതേ രീതിയിൽ ചിത്രീകരിക്കാൻ ആണ് ഇപ്പോഴത്തെ സിനിമകൾ ശ്രമിക്കുന്നത്. മലയാള സിനിമയിലെ ഇത്തരമൊരു കാഴ്ച റിയലിസത്തിന്റെ ഭാഗമാണ്. ഒരോ വീടിനും ഒരോ ചുമരുകൾക്കും കുറെ ഏറെ കഥകൾ പറയാനുണ്ട്. എന്നാൽ അവ നിശബ്ദമാണ്.
രജിഷ വിജയൻ,Photo: IMDb/ Screen grab
ഡീയസ് ഈറെ, കളങ്കാവൽ എന്നീ സിനിമകൾ എടുത്തുനോക്കിയാൽ എങ്ങനെയാണ് ഓരോ വീടും, ഒരോ ചുവരുകളും കഥാപാത്രങ്ങളായി മാറുന്നതെന്ന് നമുക്ക് കാണാൻ സാധിക്കും. അവ ഓരോ കാര്യങ്ങൾ കണ്ടും കേട്ടും മിണ്ടാതെ നിസ്സഹായർ ആയി നിൽക്കുകയാണ്.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഡീയസ് ഈറെയിൽ വീട് ഒരു സുരക്ഷിത ഇടമല്ല. അതിലെ ഒരു കഥാപാത്രങ്ങളുടെ വീടും സുരക്ഷിതമല്ല. വീട് ഓരോ പേടിപ്പിക്കുന്ന കാഴ്ചകൾക്കും സാക്ഷിയാവുകയാണ്. കഥാപാത്രങ്ങളെ പോലെ അവയ്ക്കും പേടിയാണ് എന്നാൽ അവ നിശ്ശബ്ദരാണ്.
എല്ലാവർക്കും വീടാണ് സമാധാനം നൽകുന്ന സ്ഥലം. എന്നാൽ ഈ സിനിമയിൽ വീടാകുന്ന ആ കഥാപാത്രത്തെ എല്ലാവർക്കും പേടിയും വെറുപ്പുമാണ്. ഓരോ കഥാപാത്രങ്ങളുടെയും രഹസ്യങ്ങളും, വേദനകളും, ഓർമകളും സൂക്ഷിക്കാൻ വിധിക്കപ്പെടുന്ന ഒന്ന്.
Official Poster, Photo: IMDb/Screen grab
ജിതിൻ കെ ജോസ് സംവിധാനം ചെയ്ത കളങ്കാവലിലേക്ക് വരുമ്പോൾ വീട് എല്ലാത്തിനും സാക്ഷിയാകുന്ന കാഴ്ചയാണ്. ഒരോ ചുവരും മനുഷ്യരുടെ അവസാന നിമിഷങ്ങൾക്ക് സാക്ഷിയാകുന്നു. ഇതിലെ പ്രതിനായകൻ മമ്മൂട്ടി തന്റെ ഇരകളെ അവസാനമായി സംതൃപ്തിപ്പെടുത്തുന്ന ഇടമായാണ് ഒരോ ചുവരുകളും കാണിച്ചിരിക്കുന്നത്.
മരണമാണ് തന്നെ കാത്തിരിക്കുന്നത് എന്നറിയാതെ സന്തോഷിക്കുന്ന ഇരകളെയും, മരണത്തെയും ഈ ചുവരുകൾ കാണേണ്ടിവരുന്നു. നിശ്ശബ്ദതയല്ലാതെ അവയ്ക്ക് വേറെ മാർഗമൊന്നുമില്ല. എല്ലാ സത്യങ്ങളും വിളിച്ചുപറയണം എന്നാഗ്രഹിക്കുമ്പോളും നിസ്സഹായർ ആയി മാറുന്ന ചുവരുകൾ.
ഡീയസ് ഈറെയിലും കളങ്കാവലിലും വീട് ഒരു ലൊക്കേഷൻ എന്നതിലുപരി ഒരു സാന്നിധ്യമാണ്. ആ ചുവരുകൾ പലതും പറയാതെ പറയുകയാണ്. കഥയെ മുന്നോട്ടു കൊണ്ടുപോകുന്നതും അവ തന്നെ. ഭയം, കുറ്റബോധം, കാത്തിരുപ്പ് അങ്ങനെ എല്ലാ വികാരങ്ങളും ഉൾക്കൊള്ളുന്ന ഒരു കഥാപാത്രം.
Content Highlight: Home is not just a location, it is becoming a new narrative language in Malayalam cinema.