| Monday, 7th April 2025, 6:05 pm

വീട്ടിലെ പ്രസവം; യുവതി മരിച്ചത് രക്തം വാര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മലപ്പുറത്ത് 35 കാരിയായ യുവതി വീട്ടിലെ പ്രസവത്തിനിടെ മരിച്ച സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ അസ്മ മരിച്ചത് രക്തം വാര്‍ന്നാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്.

പ്രസവശേഷം യുവതിക്ക് മതിയായ പരിചരണം കിട്ടിയിരുന്നില്ല. മതിയായ പരിചരണം കിട്ടിയിരുന്നെങ്കില്‍ യുവതി രക്ഷപ്പെടുമായിരുന്നെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഉടന്‍ മലപ്പുറം പൊലീസിന് കൈമാറും.

മലപ്പുറം ചട്ടിപ്പറമ്പിലെ വാടക വീട്ടിലെ പ്രസവത്തിനിടയിലാണ് അസ്മ മരിക്കുന്നത്. യുവതിയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്. പ്രസവത്തില്‍ അസ്മ മരിച്ചതിന് പിന്നാലെ മൃതദേഹം ഭര്‍ത്താവ് സിറാജുദ്ദീന്‍ പെരുമ്പാവൂരിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് പൊലീസെത്തിയാണ്‌ മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്‌.

ആശുപത്രിയില്‍ ചികിത്സക്ക് പോകാതെ വീട്ടില്‍ തന്നെ പ്രസവം നടത്തുകയായിരുന്നു. യുവതി മരിച്ചതോടെ മൃതദേഹം പെരുമ്പാവൂരിലെത്തിച്ച് ഖബറടക്കാന്‍ കുടുംബം ശ്രമിച്ചു. പിന്നാലെ യുവതിയുടെ വീട്ടുകാരും നാട്ടുകാരും ഇടപെട്ട് പൊലീസിനെ അറിയിക്കുകയായിരുന്നു.

പ്രസവ വേദന ഉണ്ടായിട്ടും യുവതിയെ ആശുപത്രിയില്‍ കൊണ്ടു പോയില്ലെന്ന് അസ്മയുടെ വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. യുവതി ഗര്‍ഭിണിയായപ്പോള്‍ പോലും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കുടുംബം തയ്യാറായിരുന്നില്ല. ഗര്‍ഭിണിയാണെന്ന വിവരം ആശാ വര്‍ക്കറെ പോലും അറിയിച്ചിരുന്നില്ല. അസ്വഭാവിക മരണത്തില്‍ കോട്ടക്കല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Highlight: Home birth; Postmortem report says woman died of blood loss

We use cookies to give you the best possible experience. Learn more