| Tuesday, 9th September 2025, 8:13 am

യൂട്യൂബ് നോക്കി സിനിമാറ്റോഗ്രഫി പഠിച്ചവന്‍, സൗത്ത് ഇന്ത്യന്‍ സിനിമയില്‍ അടയാളപ്പെടുത്തുന്ന നിമിഷ് മാജിക്

ശരണ്യ ശശിധരൻ

ഒരു എക്‌സ്പിരിമെന്റൽ ചിത്രം എന്ന നിലയിൽ എടുത്ത ചിത്രം. അതാണ് ലോകഃ ചാപ്റ്റർ വൺ – ചന്ദ്ര. മലയാളത്തിലെ സകല റെക്കോഡുകളും തകർക്കാൻ വേണ്ടി മുന്നേറിക്കൊണ്ടിരിക്കുകയാണ് ലോകഃ. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് ഓണത്തിന് എത്തിയ ചിത്രം 150 കോടിയും കടന്ന് കുതിക്കുകയാണ്. ഈ വർഷത്തെ മൂന്നാമത്തെ 200 കോടി കളക്ഷൻ ചിത്രം സ്വന്തമാക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ചിത്രത്തിലെ താരങ്ങളുടെ പ്രകടനത്തിനൊപ്പം തന്നെ എടുത്ത് പറയേണ്ട ഒന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും.

ഹോളിവുഡ് ലെവലിലാണ് ചിത്രം ഷൂട്ട് ചെയ്തതെന്നാണ് പ്രേക്ഷകരെല്ലാം ഒരുപോലെ പറയുന്നത്. അതിന് പിന്നിലെ അമരക്കാരൻ മറ്റാരുമല്ല നിമിഷ് രവി എന്ന സിനിമാറ്റോഗ്രാഫറാണ്.

ലോകഃ ചിത്രത്തിലെ രംഗം

23ാം വയസിൽ മലയാളം സിനിമയിൽ അരങ്ങേറ്റം നടത്തിയ നിമിഷ് ഇന്ന് ഭാഷയുടെ അതിർ വരമ്പും കടന്ന് അറിയപ്പെടുന്ന ഒരു സിനിമാറ്റോഗ്രാഫറായി മാറിയിരിക്കുകയാണ്.

2019ൽ പുറത്തിറങ്ങിയ ലൂക്ക എന്ന സിനിമയിലൂടെയാണ് നിമിഷ് സിനിമയിലേക്ക് എത്തുന്നത്. അന്ന് വെറും 23 വയസായിരുന്നു നിമിഷിന്റെ പ്രായം. അന്ന് ക്യാമറ ചലിപ്പിച്ച് തുടങ്ങിയ നിമിഷിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്ന് പറയാം. ലൂക്കക്ക് ശേഷം നിമിഷ് ക്യാമറ ചലിപ്പിച്ചത് ജൂഡ് ആന്തണി സംവിധാനം ചെയ്ത സാറാസ് എന്ന ചിത്രമായിരുന്നു.

മൂന്നാമത്തെ ചിത്രമായി വന്നത് കുറുപ്പ് എന്നൊരു വലിയ സിനിമയായിരുന്നു. കരിയറിന്റെ തുടക്കത്തിൽ തന്നെ വലിയൊരു പ്രൊജക്ട് തേടിവന്നത് തന്നെ എക്‌സൈറ്റഡാക്കിയിരുന്നു എന്ന് നിമിഷ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. കുറുപ്പിലെ ദൃശ്യങ്ങൾക്ക് 2022 ലെ മികച്ച ഛായാഗ്രാഹകനുള്ള സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡും നിമിഷ് സ്വന്തമാക്കി.

കുറുപ്പിന്റെ ഷൂട്ടിനിടയില്‍ നിമിഷിന്റെ വര്‍ക്ക് കണ്ട ദുല്‍ഖര്‍ എവിടുന്നാണ് ക്യാമറ പഠിച്ചത് എന്ന് ചോദിച്ചിരുന്നു. ‘യൂട്യൂബ് നോക്കി പഠിച്ചു’ എന്നായിരുന്നു നിമിഷിന്റെ മറുപടി. ആരെയും അസിസ്റ്റ് ചെയ്യാതെ തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് സിനിമയില്‍ തന്റെ സ്ഥാനം അടയാളപ്പെടുത്താന്‍ നിമിഷിന് സാധിച്ചു. മനസുണ്ടെങ്കില്‍ ആഗ്രഹിച്ച കാര്യം സ്വന്തമാക്കാമെന്നതിന് ഉദാഹരണമാണ് നിമിഷിന്റെ വിജയം.

പിന്നീടിങ്ങോട്ട് മമ്മൂട്ടിയുടെ കൂടെ റോഷാക്ക്, ബസൂക്ക, ദുൽഖറിൻ്റെ കൂടെത്തന്നെ  കിങ് ഓഫ് കൊത്ത, തെലുങ്കിൽ ലക്കി ഭാസ്‌കർ,  ലോകഃ, സൂര്യയുടെ കൂടെ വരാനിരിക്കുന്ന ചിത്രം എന്നിങ്ങനെ നീളുന്നു പട്ടിക.  ചുരുങ്ങിയ  സിനിമകളാണെങ്കിലും വളരെ പെട്ടെന്ന് തന്നെ സിനിമാറ്റോഗ്രാഫിയിൽ തന്റെതായ സ്ഥാനം നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ലോകഃ ചിത്രത്തിലെ രംഗം

ദുൽഖറിന്റെ കൂടെ നാല് ചിത്രങ്ങളിൽ വർക്ക് ചെയ്തിട്ടുള്ള നിമിഷിന്റെ പ്രകടനത്തെക്കുറിച്ച് അദ്ദേഹവും പറഞ്ഞിട്ടുണ്ട്.
തന്നെ ഏറെ അത്ഭുതപ്പെടുത്തിയ ക്യാമറാമാനാണ് നിമിഷെന്നും കുറുപ്പിൽ സെറ്റ് ചെയ്ത് വെച്ച ഫ്രെയിമുകൾ കണ്ട് അമ്പരന്നുവെന്നും ദുൽഖർ പറഞ്ഞിട്ടുണ്ടായിരുന്നു. തുടർച്ചായായി തന്റെ കൂടെ മാത്രം വർക്ക് ചെയ്തിട്ടുള്ള നിമിഷിനെ താൻ ഉപദേശിച്ചിട്ടുണ്ടായിരുന്നുവെന്നും നടൻ പറഞ്ഞിട്ടുണ്ട്.

ദുൽഖറിനെക്കുറിച്ച് നിമിഷ് പറയുന്നതാകട്ടെ തന്റെ ജീവിതത്തിലെ മെന്റർ എന്നാണ്. താൻ എന്ത് ചെയ്യുന്നുണ്ടെങ്കിലും അതിൽ ദുൽഖറിന്റെ ഒരു ഇൻഫ്ളുവൻസ് ഉറപ്പായും ഉണ്ടാകുമെന്നും അത്രമാത്രം പ്രാധാന്യം അദ്ദേഹത്തിന് താൻ നൽകുന്നുണ്ടെന്നും നിമിഷ് പറയുന്നു. എന്ത് കാര്യത്തിനും വിളിക്കാനുള്ള ഒരു ഫ്രീഡം തങ്ങൾക്കിടയിൽ ഉണ്ടെന്നും അതാണ് തന്റെ ഏറ്റവും വലിയ സപ്പോർട്ടെന്നും നിമിഷ് പറഞ്ഞിരുന്നു.

എന്തായാലും ലോകഃയിലൂടെ മലയാളം സിനിമയിലൂടെ വിഷ്വലിന് പുതിയൊരു ഡെഫനിഷൻ തന്നിരിക്കുകയാണ് നിമിഷ്. ഇനിയും ക്യാമറ ചലിപ്പിച്ച് ഉയരങ്ങളിലേക്ക് എത്താൻ നിമിഷിന് സാധിക്കുമെന്ന് ഉറപ്പാണ്.

Content Highlight: Hollywood level visuals in Malayalam; This is Nimish Ravi Magic

ശരണ്യ ശശിധരൻ

ഡൂൾന്യൂസിൽ സബ് എഡിറ്റർ, മധുരൈ കാമരാജ് സർവകലാശാലയിൽ നിന്നും ബിരുദം

We use cookies to give you the best possible experience. Learn more