| Tuesday, 22nd July 2025, 10:54 am

വി.എസിനോടുള്ള ആദരം; ആലപ്പുഴ ജില്ലയ്ക്ക് നാളെ അവധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് നാളെ (23-07-25) ആലപ്പുഴ ജില്ലക്ക് അവധി പ്രഖ്യാപിച്ചു. വി.എസിനോടുള്ള ആദരസൂചകമായാണ് അവധി പ്രഖ്യാപിച്ചത്. ഇന്ന് (ചൊവ്വ) സംസ്ഥാനത്ത് പൊതു അവധിയാണ്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കടക്കം ഇന്ന് അവധിയാണ്.

ഇന്ന് നടത്താനിരുന്ന മഹാത്മാഗാന്ധി സര്‍വകലാശാല, കേരള സര്‍വകലാശാല പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയ്ക്കും അവധിയാണ്.

സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണവും ഉണ്ട്. ഈ കാലയളവില്‍ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഇന്ന് രാത്രിയോടെ വി.എസിന്റെ ഭൗതിക ശരീരം ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോകും.

ഇന്നലെ (തിങ്കളാഴ്ച്ച) വി.എസിന്റെ മൃതദേഹം എ.കെ.ജി സെന്ററില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ആയിരക്കണക്കിന് ജനങ്ങളാണ് വി.എസിനെ ഒരുനോക്ക് കാണാന്‍ ഓടിയെത്തിയത്.

പിന്നീട് തിരുവന്തപുരത്തെ ബാര്‍ട്ടണ്‍ഹില്ലിലെ വസതിയിലായിലേക്ക് വി.എസിന്റെ മൃതദേഹം മാറ്റി. ഇന്ന്‌ ഒമ്പതുമണിയോടെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം ആരംഭിച്ചു.

ഉച്ചയ്ക്ക് ശേഷം മൃതദേഹം ആലപ്പുഴയിലേക്ക്‌ കൊണ്ടുപോകും. ആലപ്പുഴയിലേക്ക് രാത്രിയോട് എത്തിച്ചേര്‍ന്ന ശേഷം നാളെ രാവിലെ പാര്‍ട്ടി ജില്ല കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോയി പൊതുദര്‍ശനത്തിന് അനുവദിക്കും.

ആയിരകണക്കിനാളുകളാണ് ഇന്നലെ രാത്രി വി.എസിനെ ഒരു നോക്കുകാണാനായി എ.കെ.ജി സെന്ററിലെത്തിയത്. നാളെ ഉച്ച കഴിഞ്ഞാണ് സംസ്‌കാരം. ആലപ്പുഴ വലിയചുടുകാട്ടിലാണ് സംസ്‌കാരം.

Content Highlight: Holiday declared in Alappuzha due to V.S. Achuthanandan’s funeral

We use cookies to give you the best possible experience. Learn more