കഴിഞ്ഞ ദിവസം ഇന്ത്യയൊന്നാകെ നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിച്ചിരുന്നു. ഐ.പി.എല്‍ ക്യാമ്പുകളിലടക്കം താരങ്ങള്‍ ഹോളി ആഘോഷം സംഘടിപ്പിച്ചിരുന്നു.
എന്നാല്‍ ഇതിനെയെല്ലാം കടത്തിവെട്ടുന്ന ആഘോഷങ്ങളാണ് ഇന്റര്‍നാഷണല്‍ മാസ്‌റ്റേഴ്‌സ് ലീഗിന്റെ ഇന്ത്യന്‍ ക്യാമ്പില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ നേതൃത്വത്തില്‍ താരങ്ങള്‍ സംഘടിപ്പിച്ചത്. വാട്ടര്‍ ഗണ്ണുകളും നിറങ്ങളുമായി ഇന്ത്യന്‍ ക്യാമ്പ് ഹോളി ആഘോഷമാക്കിയപ്പോള്‍ ഇതും മുന്നില്‍ നിന്ന് നയിച്ചത് സച്ചിന്‍ തന്നെയായിരുന്നു.
തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ സച്ചിന്‍ പങ്കുവെച്ച ആഘോഷങ്ങളുടെ വീഡിയോയും വൈറലാണ്.
വെള്ളം നിറച്ച പിച്ച്കാരിയുമായി യുവരാജ് സിങ്ങിനെ തേടിപ്പോകുന്നതാണ് വീഡിയോയില്‍ ആദ്യമുള്ളത്. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്കെതിരെ യുവരാജ് ഒരുപാട് സിക്‌സറടിച്ചെന്നും ഇപ്പോള്‍ ഞങ്ങള്‍ സിക്‌സറടിക്കാന്‍ പോവുകയാണ് എന്നും പറഞ്ഞുകൊണ്ടാണ് ഉറങ്ങിക്കിടക്കുന്ന യുവരാജ് സിങ്ങിന്റെ മുറിയിലേക്ക് സച്ചിനും സംഘവും പോകുന്നത്.
ഹൗസ് കീപ്പിങ് എന്നുപറഞ്ഞ് യുവിയെ വിളിച്ചുണര്‍ത്തിയ സച്ചിനും സംഘവും താരത്തിനെ നിറങ്ങള്‍ കൊണ്ട് മൂടുകയായിരുന്നു.
യുവരാജിന് ശേഷം സച്ചിന്റെയും സംഘത്തിന്റെയും അടുത്ത ടാര്‍ഗെറ്റ് അംബാട്ടി റായിഡുവായിരുന്നു. നേരത്തെ ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കാതെ വിട്ടുനിന്ന അംബാട്ടി റായിഡു അധികം വൈകാതെ കളര്‍ഫുള്‍ റായിഡു ആയി മാറി.
അതേസമയം, മാസ്‌റ്റേഴ്‌സ് ലീഗിന്റെ ഫൈനല്‍ മത്സരമാണ് സച്ചിനും സംഘത്തിനും മുമ്പിലുള്ളത്. ഞായറാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസ് മാസ്‌റ്റേഴ്‌സിനെയാണ് ടീമിന് നേരിടാനുള്ളത്.
കഴിഞ്ഞ ദിവസം നടന്ന രണ്ടാം സെമി ഫൈനലില്‍ ശ്രീലങ്ക മാസ്റ്റേഴ്‌സിനെ തകര്‍ത്താണ് ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ നേതൃത്വത്തിലിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സ് ഫൈനലിന് ടിക്കറ്റെടുത്തത്.
ഞായറാഴ്ച നടക്കുന്ന ഫൈനലിന് പ്രത്യേകതകളും ഏറെയാണ്. തൊണ്ണൂറുകളിലെയും 2000ങ്ങളിലെയും ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് സ്വപ്ന പോരാട്ടമാണിത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബ്രയാന്‍ ലാറയും ഒരു ടൂര്‍ണമെന്റിന്റെ ഫൈനലില്‍ വീണ്ടും ഏറ്റുമുട്ടുമെന്ന് അവര്‍ ഒരിക്കല്‍പ്പോലും ചിന്തിച്ചുകാണില്ല. നേരത്തെ ഐ.പി.എല്ലിനിടെ ഇരുവരുമൊന്നിച്ചെടുത്ത ചിത്രം പോലും സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയ ആരാധകരെ സംബന്ധിച്ച് ഈ ഫൈനല്‍ ഏറെ സ്പെഷ്യലാണ്.
തുല്യ ശക്തികളുടെ പോരാട്ടത്തിനാണ് മാസ്റ്റേഴ്സ് ലീഗിന്റെ ഫൈനല്‍ സാക്ഷ്യം വഹിക്കുക. ഇന്ത്യന്‍ ഇതിഹാസങ്ങളും കരീബിയന്‍ കരുത്തരുമേറ്റുമുട്ടുമ്പോള്‍, അതും ഫൈനലില്‍ പരസ്പരം കൊമ്പുകോര്‍ക്കുമ്പോള്‍ വിജയം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രവചിക്കാന്‍ പോലും സാധിക്കില്ല.
ടൂര്‍ണമെന്റില്‍ നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ഇരുടീമുകളും ചേര്‍ന്ന് 499 റണ്‍സ് അടിച്ചെടുത്ത മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ഇന്ത്യ ജയിച്ചുകയറിയത്.
ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സാണ് നേടാന്‍ സാധിച്ചത്. റണ്ണൊഴുകിയ മത്സരത്തില്‍ രണ്ട് ഓവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ സ്റ്റുവര്‍ട്ട് ബിന്നിയാണ് കളിയിലെ താരം.
Content Highlight: Holi celebration in Masters League’s Indian camp