| Friday, 7th February 2025, 11:13 am

മമ്മൂട്ടിക്കമ്പനിയുടെയും ബേസിലിന്റെയും ഹിറ്റ് സ്ട്രീക്കിന് വിരാമം, കണക്ക് പുറത്തുവിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ സമയം കൊണ്ട് മലയാളത്തിലെ മികച്ച പ്രൊഡക്ഷന്‍ ഹൗസെന്ന് പേരെടുത്ത ഒന്നാണ് മമ്മൂട്ടിക്കമ്പനി. നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിക്കമ്പനി അരങ്ങേറ്റം കുറിച്ചത്. ചെറിയ ബജറ്റില്‍ ക്വാളിറ്റി സിനിമകള്‍ മലയാളത്തിന് സമ്മാനിക്കാന്‍ മമ്മൂട്ടിക്കമ്പനിക്ക് സാധിച്ചു.

റോഷാക്ക്, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍, ടര്‍ബോ എന്നീ ചിത്രങ്ങള്‍ സാമ്പത്തികമായി വിജയം നേടി 100 ശതമാനം വിജയം സ്വന്തമാക്കാന്‍ മമ്മൂട്ടിക്കമ്പനിക്ക് സാധിച്ചു. എന്നാല്‍ ഏറ്റവുമൊടുവില്‍ മമ്മൂട്ടിക്കമ്പനിയുടെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ് ഈ സക്‌സസ് സ്ട്രീക്കിന് താത്കാലികമായി ഫുള്‍സ്റ്റോപ്പിട്ടിരിക്കുകയാണ്.

ചിത്രം വേള്‍ഡ്‌വൈഡായി 20 കോടിക്കടുത്ത് മാത്രമേ ഇതുവരെ നേടിയുള്ളൂ. ചിത്രത്തിന്റെ ബജറ്റ് 10 കോടിയില്‍ താഴെ മാത്രമാണെന്നായിരുന്നു മമ്മൂട്ടി ആരാധകര്‍ അവകാശപ്പെട്ടുള്ളൂ. എന്നാല്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട് കണക്കുകള്‍ അനുസരിച്ച് ഡൊമിനിക്കിന്റെ ബജറ്റ് 19.2 കോടിയാണ്. ചിത്രം ഹിറ്റ് സ്റ്റാറ്റസ് നേടണമെങ്കില്‍ 30 കോടിയെങ്കിലും വേണം.

ബജറ്റ് തിരിച്ചുപിടിക്കുകയും ഒ.ടി.ടി ബിസിനസ് സേഫാക്കുകയും ചെയ്തതിലൂടെ നിര്‍മാതാക്കള്‍ക്ക് ചിത്രം ലാഭമുണ്ടാക്കി. എന്നാല്‍ തിയേറ്ററിക്കല്‍ ഷെയറില്‍ ഡൊമനിക് പിന്നോട്ട് പോയത് വിതരണക്കാരനെ നഷ്ടത്തിലാക്കുകയും ചെയ്തു. മമ്മൂട്ടിക്കമ്പനിയുടെ ആദ്യ തിയേറ്റര്‍ ഫ്‌ളോപ്പായി ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ് മാറി. എല്ലായിടത്തും പോസിറ്റീവ് റിവ്യൂ ലഭിച്ചിട്ടും ലോ ഹൈപ്പില്‍ റിലീസ് ചിത്രത്തിന് തിരിച്ചടിയായത്.

കൊവിഡിന് ശേഷം മലയാളത്തില്‍ ചെയ്ത സിനിമകളെല്ലാം വിജയിപ്പിച്ച നടനാണ് ബേസില്‍ ജോസഫ്. നായകനായി സിനിമകളെല്ലാം മിനിമം ഗ്യാരണ്ടി ഉറപ്പാക്കിയ ബേസില്‍ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട ചോയിസായി മാറി. എന്നാല്‍ ഈ വര്‍ഷം ബേസില്‍ നായകനായെത്തിയ പ്രാവിന്‍കൂട് ഷാപ്പ് തിയേറ്ററില്‍ പരാജയമായി മാറി.

18 കോടിയോളം ബജറ്റില്‍ അന്‍വര്‍ റഷീദാണ് ചിത്രം നിര്‍മിച്ചത്. നവാഗതനായ ശ്രീജിത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം വെറും എട്ട് കോടി മാത്രമാണ് ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. ഇതോടെ ബേസിലിന്റെ വിജയക്കുതിപ്പിനും താത്കാലിക വിരാമമായി. മികച്ച പ്രതികരണം കിട്ടിയിട്ടും ബേസിലിന്റെ പൊന്മാനും ബോക്‌സ് ഓഫീസില്‍ കിതക്കുകയാണ്.

ജനുവരി റിലീസുകളില്‍ ഹിറ്റായത് ആസിഫ് അലിയുടെ രേഖാചിത്രം മാത്രമാണ്. 8.5 കോടിക്ക് പൂര്‍ത്തിയാക്കിയ ചിത്രം 50 കോടിക്കുമുകളില്‍ കളക്ഷന്‍ നേടി. ടൊവിനോ നായകനായ ഐഡന്റിറ്റിയും ജനുവരിയിലെ പരാജയചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. 30 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം 25 കോടിയോളം മാത്രമേ നേടിയുള്ളൂ.

Content Highlight: Hit streak of Mammootty Kampany and Basil Joseph comes to end

We use cookies to give you the best possible experience. Learn more