ജൂണ്‍ മാസവും പിന്നിട്ടതോടെ 2026ന്റെ രണ്ടാം പകുതിയിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് ലോകം. എന്നാല്‍ ഇന്ത്യന്‍ സിനിമയെ സംബന്ധിച്ചിടത്തോളം കാര്യമായി ഒന്നും ചെയ്യാനില്ലാത്ത വര്‍ഷമായിരുന്നു 2026. ബോളിവുഡും ടോളിവുഡും കോളിവുഡും അടക്കം പണമൊഴുകുന്ന രാജ്യത്തെ മുന്‍നിര സിനിമാ മേഖലകളിലൊന്നും വമ്പന്‍ ചിത്രങ്ങള്‍ റിലീസിനെത്താതിരുന്നതോടെ ഇവിടങ്ങളിലെ ബോക്സ് ഓഫീസ് വ്യവസായം ഏറെക്കുറെ ഉറങ്ങിപ്പോയ മട്ടായിരുന്നു.
വിജയ് ‘രാജിവെച്ച്’ പോയ തമിഴ് സിനിമയ്ക്ക് രക്ഷകനായി എത്തിയതാകട്ടെ കഴിഞ്ഞ 13 വര്‍ഷമായി ഹിറ്റുകളില്ലാതിരുന്ന സൂര്യയായിരുന്നു. ആര്‍.ജെ.ബാലാജി സംവിധാനം ചെയ്ത കറുപ്പിലൂടെ 300 കോടി സ്വന്തമാക്കി സൂര്യ അരങ്ങ് നിറഞ്ഞതോടെ കോളിവുഡിന് ഒരു പരിധി വരെ ആശ്വാസമായിരുന്നു. എന്നാല്‍ വര്‍ഷാരംഭം മുതല്‍ തന്നെ മികച്ച ഫോമിലായിരുന്നു മലയാള സിനിമാ മേഖല. ഈ വര്‍ഷത്തെ ആദ്യത്തെ ആറ് മാസത്തിനുള്ളില്‍ ഏകദേശം ആയിരം കോടിയുടെ ബിസിനസായിരുന്നു മോളിവുഡില്‍ നടന്നത്.
Photo: Kerala Trends/ X.com
ഫെബ്രുവരി ഒഴികെ എല്ലാ മാസങ്ങളിലും ഈ വര്‍ഷം മലയാളത്തില്‍ നിന്നും ഒന്നോ രണ്ടോ ഹിറ്റുകള്‍ പിറന്നിട്ടുണ്ടെന്ന് കാണാം. ഇതിന് തുടക്കമിടുന്നത് ജനുവരിയില്‍ റിലീസായ ചത്താ പച്ചയിലൂടെയാണ്. റിങ് റെസ്‌ലിങ്ങിനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം വമ്പന്‍ ഹൈപ്പിലായിരുന്നു തിയേറ്ററുകളിലെത്തിയത്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ മമ്മൂട്ടിയും എത്തിയതോടെ ചിത്രം ശ്രദ്ധിക്കപ്പെടുകയും 33 കോടിയോളം നേടി ബോക്‌സ് ഓഫീസില്‍ നിന്നും ഹിറ്റ് സ്റ്റാറ്റസ് നേടിയെടുക്കുകയുമായിരുന്നു. മാത്രമല്ല ജനുവരിയില്‍ റിലീസ് ചെയ്ത പ്രകമ്പനവും ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
ഫെബ്രുവരിയില്‍ കാര്യമായി ഹിറ്റുകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഈ ക്ഷീണം കൂടെ തീര്‍ത്താണ് ആട് 3 തിയേറ്ററുകളിലെത്തിയത്. മലയാളത്തിലെ ഹിറ്റ് ഫ്രാഞ്ചൈസിയായ ആടിന്റെ മൂന്നാം ഭാഗത്തെ നൂറ് കോടി ക്ലബിലെത്തിച്ചായിരുന്നു പ്രേക്ഷകര്‍ മാര്‍ച്ചിനെ ആഘോഷമാക്കിയത്. എന്നാല്‍ കണ്ടതെല്ലാം സാംപിള്‍ വെടിക്കെട്ടാണെന്ന മട്ടിലായിരുന്നു ഏപ്രില്‍ രണ്ടിന് വാഴ 2 തിയേറ്ററുകളിലേക്കെത്തിയത്. ഇന്‍ഡസ്ട്രി ഹിറ്റടിച്ച ചിത്രം 235 കോടിയോളമായിരുന്നു തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. ഏപ്രില്‍ പത്തിനെത്തിയ ഭരതനാട്യം 2 മോഹിനിയാട്ടവും ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഹിറ്റടിക്കുകയായിരുന്നു.
Photo: X.com
തൊട്ടടുത്ത മാസം മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ കൊടുങ്കാറ്റായിട്ടായിരുന്നു ദൃശ്യം 3 റിലീസ് ചെയ്തത്. ആദ്യ ദിനം തന്നെ 42 കോടിയോളം നേടിയ ചിത്രം അതിവേഗം നൂറ്, ഇരുനൂറ് കോടി ക്ലബുകളില്‍ ഇടം നേടി ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറുകയായിരുന്നു. അമ്പത് കോടി മാര്‍ക്ക് പിന്നിട്ട് അതിരടിയും 2026 ലെ വിജയ ചിത്രങ്ങളുടെ ലിസറ്റില്‍ ഇടം പിടിച്ചു. ഇപ്പോഴിതാ ജൂണില്‍ മുടക്കുമുതല്‍ തിരിച്ചുപിടിച്ച് വന്‍ മുന്നേറ്റം നടത്തുകയാണ് ചിദംബരം സംവിധാനം ചെയ്ത ബാലന്‍ ദി ബോയ്. ഇതോടെ ആറാം മാസത്തിലും മലയാളത്തിന് ഹിറ്റ് ചിത്രം എന്ന നേട്ടം സ്വന്താമാക്കാനും സാധിച്ചിരിക്കുകയാണ്.
ജൂലൈ പത്തിന് റിലീസ് ചെയ്യാനിരിക്കുന്ന ഐ നോബഡിയിലൂടെ ഏഴാം മാസത്തിലും ഒരു ഹിറ്റുറപ്പിച്ചിരിക്കുകയാണ് സിനിമാ പ്രേക്ഷകര്‍. അതേസമയം ഖലീഫയും, ഐ ആം ഗെയിമും, ബത്‌ലഹേം കുടുംബയൂണിറ്റും അടക്കം ഒട്ടനവധി ചിത്രങ്ങള്‍ റിലീസിനെത്തുന്ന ആഗസ്റ്റില്‍ ഹിറ്റുണ്ടാകുമോ എന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും പലരരും അഭിപ്രായപ്പെടുന്നു.
Content Highlight: Hit Movies From Malayalam Industry in 2026