ടെഹ്‌റാന്‍: ഇറാനെതിരായി പുതിയൊരു യുദ്ധം ആരംഭിക്കുന്നത് അമേരിക്കയ്ക്ക് ദുരന്തപൂര്‍ണമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍.
ഇറാന്‍ ജനത പേര്‍ഷ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും വെച്ച് അമേരിക്കന്‍ സൂപ്പര്‍ പവറിനെ മുക്കിക്കൊന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല മൊജ്തബ ഖാംനഇയുടെ മുതിര്‍ന്ന ഉപദേഷ്ടാവായ മൊഹ്‌സിന്‍ റെസായിയാണ് മുന്നറിയിപ്പ് നല്‍കിയത്. ഐ.ആര്‍.ജി.സി മുന്‍ ചീഫ് കമാന്‍ഡര്‍ കൂടിയാണ് അദ്ദേഹം.
യുദ്ധം തുടര്‍ന്നാല്‍ തങ്ങളുടെ കപ്പലുകള്‍ മുങ്ങിപ്പോവാനും നിരവധി സൈനികര്‍ കൊല്ലപ്പെടാനും സാധ്യതയുണ്ടെന്ന് അമേരിക്കന്‍ സെനികര്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘പുതിയൊരു ആക്രമണമുണ്ടായാല്‍ അവരുടെ വലിയൊരു വിഭാഗം സൈന്യത്തെ ഞങ്ങള്‍ ബന്ധിക്കളാക്കുമെന്ന് അമേരിക്ക പ്രതീക്ഷിക്കണം,’ റെസായ് മുന്നറിയിപ്പ് നല്‍കി.
പശ്ചിമേഷ്യന്‍ മേഖലയിലുടനീളമുള്ള സുപ്രധാന അമേരിക്കന്‍-ഇസ്രായേല്‍ ലക്ഷ്യങ്ങള്‍ക്കെതിരെ ഇറാന്‍ സായുധ സേന ഇതിനകം നൂറിലധികം ശക്തമായ തിരിച്ചടികള്‍ നല്‍കിയിട്ടുണ്ട്. ഇറാന്റെ സൈനിക ശേഷിയെക്കുറിച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്ന സാഹചര്യത്തിലാണ് റെസായിയുടെ ഈ പ്രസ്താവന.
പരമോന്നത നേതാവിന്റെ ആരോഗ്യത്തെക്കുറിച്ച് അമേരിക്കയും സഖ്യകക്ഷികളും പ്രചരിപ്പിക്കുന്ന കിംവദന്തികളും റെസായി തള്ളിക്കളഞ്ഞു. നേതാവ് ‘യുവാവാണ് ആരോഗ്യവാനും ഊര്‍ജ്ജസ്വലനുമാണ്’ അദ്ദേഹം പറഞ്ഞു. മുന്‍ നേതാവ് ആയത്തുല്ല സയ്യിദ് അലി ഖാംനഇയുടെ രക്തസാക്ഷിത്വത്തിന് ശത്രുക്കളോട് പ്രതികാരം ചെയ്യുമെന്നും ഇസ്രായേലിന്റെ നാശത്തിലൂടെ മാത്രമേ അത് പൂര്‍ത്തിയാകൂ എന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഇസ്രായേലിന്റെ താത്പ്പര്യങ്ങള്‍ക്ക് വേണ്ടി ട്രംപ് സ്വയം ബലിയാടാവുകയാണെന്നും, അമേരിക്കയെ സഹായിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വിമുഖത കാണിക്കുന്നത് വഴി അവര്‍ അമേരിക്കയില്‍ നിന്ന് അകലുകയാണെന്നും റെസായി പറഞ്ഞു.
ഇറാന്റെ ശക്തമായ തിരിച്ചടിയെത്തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏപ്രില്‍ 7-ന് രണ്ടാഴ്ചത്തെ ആക്രമണവിരാമം പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇത് നീട്ടിയെങ്കിലും, ഇറാനിയന്‍ കപ്പലുകള്‍ക്കും തുറമുഖങ്ങള്‍ക്കും മേലുള്ള നിയമവിരുദ്ധമായ ഉപരോധം ട്രംപ് തുടരുകയാണ്. ഇതിന് മറുപടിയായി ഇറാന്‍ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടച്ചു.
ഇറാന്‍ അധികൃതരുടെ അനുമതിയുള്ള കപ്പലുകള്‍ക്ക് മാത്രമേ ഇപ്പോള്‍ ഇതിലൂടെ കടന്നുപോകാന്‍ കഴിയൂ. ഇത് ആഗോള ഊര്‍ജ്ജ വിപണിയെ പിടിച്ചുലയ്ക്കുകയും അമേരിക്കയില്‍ ഇന്ധനവില വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ട്രംപ് കോണ്‍ഗ്രസിനെ പഴിചാരാന്‍ സാധ്യതയുണ്ടെന്നും റെസായി പറഞ്ഞു. ‘കോണ്‍ഗ്രസ് യുദ്ധത്തിനെതിരായാല്‍ ട്രംപിന് അവരെയും ഡെമോക്രാറ്റുകളെയും കുറ്റപ്പെടുത്താം. മറിച്ച് കോണ്‍ഗ്രസ് യുദ്ധത്തെ പിന്തുണച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം അവര്‍ക്കാണെന്ന് അദ്ദേഹം പറയും,’ റെസായി പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ മുന്നോട്ടുവെച്ച 10 നിബന്ധനകള്‍ അംഗീകരിക്കുന്നതാണ് അമേരിക്കയ്ക്ക് മുന്നിലുള്ള ഏറ്റവും കുറഞ്ഞ ചിലവുള്ള മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു. ഉപരോധങ്ങള്‍ നീക്കുക, നഷ്ടപരിഹാരം നല്‍കുക, ആക്രമണങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന നിബന്ധനകള്‍.
Content Highlight: History will record that the Iranian people drowned the American superpower; Iran warns that a new war would be a disaster