ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ഏറ്റവും നിര്‍ണായകമായ പ്രധാനമന്ത്രികളില്‍ ഒരാളായി ചരിത്രം ഓര്‍ക്കുമെന്ന് സോണിയ ഗാന്ധി. കല്‍ക്കരി ബ്ലോക്ക് അനുവദിക്കല്‍ കേസില്‍ സുപ്രീം കോടതി മന്‍മോഹന്‍ സിങ്ങിന് ക്ലീന്‍ ചീറ്റ് നല്‍കിയതിന് പിന്നാലെയാണ് പ്രതികരണം.
മന്‍മോഹന്‍ സിങ്ങിനെതിരെ നടന്ന വേട്ടയാടല്‍ ആസൂത്രിതമാണെന്നും അദ്ദേഹത്തിന്റെ സത്യസന്ധതയും ഭരണനേട്ടങ്ങളും ഇപ്പോള്‍ കൂടുതല്‍ വ്യക്തമാവുകയാണെന്നും സോണിയ പറഞ്ഞു.
സിങിനെതിരായ ആക്രമണത്തെ ഏറ്റവും കൂടുതല്‍ പിന്തുണച്ചവരില്‍ മോദി ഉണ്ടായിരുന്നതായും സോണിയ വിമര്‍ശിച്ചു.
‘തന്നെ ആക്രമിച്ചതിന് ഇന്ത്യയിലെ വിദ്യാര്‍ത്ഥികളോട് അദ്ദേഹം ഇപ്പോള്‍ ‘ക്ഷമിക്കുന്നു’, അതിനാല്‍ സിംഗിനെതിരെയുള്ള തന്റെ മാന്യമല്ലാത്ത അപവാദത്തിന് സ്വയം ക്ഷമിക്കാന്‍ ഈ അവസരം മോദിയ്ക്ക് ഉപയോഗിക്കാം,’ നരേന്ദ്ര മോദിയെക്കുറിച്ച് സോണിയ പറഞ്ഞു.
മോദി സര്‍ക്കാര്‍ പ്രവര്‍ത്തിച്ച രീതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സിങിന്റെ സത്യസന്ധതയും ഉത്തരവാദിത്തവും വളരെ വ്യത്യസ്തമാണ്. കുറ്റകൃത്യങ്ങളും അഴിമതിയും അന്വേഷിക്കാന്‍ രൂപകല്‍പ്പന ചെയ്ത ഏജന്‍സികളായ ഇ.ഡിയേയും സി.ബി.ഐയേയും മോദി സര്‍ക്കാര്‍ വ്യക്തമായും ഗുരുതരമായും ദുരുപയോഗം ചെയ്യുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘വിശ്വസനീയമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍, മോദി സര്‍ക്കാര്‍ അവയെ അവഗണിക്കുന്നു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ അഴിമതിക്കാരനാകും, എന്നാല്‍ മറുകണ്ടം ചാടുമ്പോള്‍ പെട്ടെന്ന് ശുദ്ധനാകും,’ഗാന്ധി പറഞ്ഞു.
കല്‍ക്കരി കുംഭകോണ കേസ് അവസാനിപ്പിക്കാനുള്ള സി.ബി.ഐ തീരുമാനം കഴിഞ്ഞ ദിവസം സുപ്രീം കോടതി അംഗീകരിച്ചിരുന്നു. 2003 മുതല്‍ 2010 കാലയളവില്‍ മത്സരാധിഷ്ഠിത ലേലമില്ലാതെ പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 216 കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചതില്‍ വന്‍ ക്രമക്കേടുകള്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) ആരോപിച്ചതോടെയാണ് വിവാദങ്ങള്‍ ഉയര്‍ന്നിരിന്നു.
ആ കാലയളവില്‍ കല്‍ക്കരി വകുപ്പിന്റെ ചുമതലയും വഹിച്ചിരുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംങ് തന്റെ മേല്‍നോട്ടത്തിലാണ് തീരുമാനങ്ങള്‍ എടുത്തത് എന്നതിനാല്‍ അദ്ദേഹത്തെ കേസുമായി ബന്ധിപ്പിച്ചിരുന്നു. എന്നാല്‍ സിങിനെതിരെ തെളിവുകളില്ലെന്ന് പറഞ്ഞ് സി.ബി.ഐ കേസ് അവസാനിപ്പിച്ചു.
Content Highlights: History will recognize his significance; what happened to Manmohan Singh was a orchestrated witch-hunt – Sonia Gandhi