വിജയത്തോളം പോന്ന സമനില… ബെന്‍ സ്‌റ്റോക്‌സ് ആഗ്രഹിക്കുമ്പോഴല്ല, തങ്ങള്‍ കളിച്ചവസാനിക്കുമ്പോള്‍ മാത്രമായിരിക്കും ഇംഗ്ലണ്ടിന് സമനില ലഭിക്കുക എന്നുള്ള രവീന്ദ്ര ജഡേജയുടെ നിലപാട് മുതല്‍ റെക്കോഡുകള്‍ കൊണ്ടും റിഷബ് പന്തിന്റെ പരിക്ക് സമ്മാനിച്ച നിരാശ കൊണ്ടും സംഭവബഹുലമായിരുന്നു മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ നാലാം മത്സരം. 1936 മുതല്‍ വിജയിക്കാന്‍ സാധിക്കാത്ത മണ്ണില്‍ 2025 ആയിട്ടും ജയം സ്വന്തമാക്കാനായില്ലെങ്കിലും, ഈ സമനിലയ്ക്ക് വിജയത്തേക്കാളേറെ മധുരമുണ്ട്.
നാലാം മത്സരം സമനിലയിലവസാനിച്ചെങ്കിലും ഇന്ത്യ ഇപ്പോളും 2-1ന് പിന്നിലാണ്. പരമ്പരയിലെ ആദ്യ മത്സരത്തിലും മൂന്നാം മത്സരത്തിലും ആതിഥേയര്‍ വിജയിച്ചപ്പോള്‍ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ കൂറ്റന്‍ വിജയം സ്വന്തമാക്കി. പരമ്പരയില്‍ ശേഷിക്കുന്ന അഞ്ചാം മത്സരത്തിലും വിജയം മാത്രമായിരിക്കും ഇന്ത്യ ലക്ഷ്യമിടുന്നത്.
ബെന്‍ സ്റ്റോക്സും ശുഭ്മന്‍ ഗില്ലും
അഞ്ചാം മത്സരത്തില്‍ പരാജയപ്പെട്ടാലോ സമനില വഴങ്ങിയാലോ ഇംഗ്ലണ്ടില്‍ പരമ്പര സ്വന്തമാക്കുകയെന്ന മോഹം ഇന്ത്യയ്ക്ക് ഇത്തവണത്തേക്ക് കൂടി അവസാനിപ്പിക്കേണ്ടി വരും, ഇനി അഥവാ വിജയിച്ചാലും പരമ്പര നേടാന്‍ ഗില്ലിനും സംഘത്തിനും സാധിക്കില്ല. കഴിഞ്ഞ തവണത്തേതെന്ന പോലെ പരമ്പര സമനിലയിലെത്താന്‍ മാത്രമേ അവര്‍ക്കാകൂ.
2007ല്‍ രാഹുല്‍ ദ്രാവിഡിന് കീഴിലാണ് ഇതിന് മുമ്പ് ഇന്ത്യ അവസാനമായി ഇംഗ്ലണ്ടില്‍ പരമ്പര വിജയിച്ചത്. അന്ന് പ്രഥമ പട്ടൗഡി ട്രോഫി വന്മതിലും സംഘവും ഇന്ത്യന്‍ മണ്ണിലേക്കെത്തിക്കുകയും ചെയ്തു. ശേഷം ധോണിക്ക് കീഴിലും വിരാടിന് കീഴിലും ഇന്ത്യ പലകുറി ശ്രമിച്ചെങ്കിലും വിജയം മാത്രം അകന്നു നിന്നു.
1932 മുതല്‍ പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫി വരെ (2025) ഇത് 20ാം തവണയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനത്തിനെത്തുന്നത്. ഇതിന് മുമ്പ് നടന്ന 19 പരമ്പരകളില്‍ വെറും മൂന്ന് തവണയാണ് ഇന്ത്യ വിജയിച്ചത്. രണ്ട് തവണ പരമ്പര സമനിലയില്‍ അവസാനിച്ചപ്പോള്‍ 14 തവണ തോറ്റു. ഇതില്‍ ഭൂരിഭാഗവും ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിക്കാതെയുള്ള പരാജയങ്ങളും!
1971ലാണ് ഇന്ത്യ ആദ്യമായി ഒരു ടെസ്റ്റ് ഇംഗ്ലണ്ടില്‍ വിജയിക്കുന്നത്. അതുവരെ ആറ് പരമ്പരകളിലായി 19 മത്സരങ്ങള്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ കളിച്ചിരുന്നു. ഇതില്‍ എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നില്ല, അഞ്ചെണ്ണത്തില്‍ സമനില നേടി.
1971ലെ പര്യടനത്തില്‍ കളിച്ച മൂന്ന് മത്സരത്തില്‍ രണ്ട് മത്സരം സമനിലയില്‍ പിരിഞ്ഞു. ഒന്നില്‍ ഇന്ത്യ വിജയിച്ചു. ഈ വിജയത്തിന്റെ ബലത്തില്‍ ഇന്ത്യ പരമ്പരയും സ്വന്തമാക്കി.
പരമ്പരയിലെ ആദ്യ മത്സരം ലോര്‍ഡ്‌സിലും രണ്ടാം മത്സരം മാഞ്ചസ്റ്ററിലുമായിരുന്നു. ഈ രണ്ട് മത്സരങ്ങളും സമനിലയായി. ഓവലില്‍ നടന്ന മൂന്നാം മത്സരത്തില്‍ അജിത് വഡേക്കറിന്റെ നേതൃത്വത്തിലെത്തിയ ഇന്ത്യ നാല് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. ഇതോടെ ഇംഗ്ലണ്ടിലെ ആദ്യ മത്സര വിജയം പരമ്പര വിജയത്തിലേക്കും വഴിമാറി.
അജിത് വഡേകർ
1971ല്‍ തങ്ങളുടെ ആദ്യ പരമ്പര വിജയത്തിന് ശേഷം അടുത്ത വിജയത്തിനായി ഇന്ത്യയ്ക്ക് കാത്തിരിക്കേണ്ടി വന്നത് 15 വര്‍ഷങ്ങളാണ്! 1986ല്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് വിജയിക്കുന്നത് വരെ ഒരിക്കല്‍പ്പോലും ഇന്ത്യയ്ക്ക് ഇംഗ്ലീഷ് മണ്ണില്‍ ഒരു മത്സരം പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.
ശേഷം 1990ലും 1996ലും മൂന്ന് മത്സരങ്ങളുടെ പരമ്പര 1-0 എന്ന നിലയില്‍ ഇന്ത്യ പരാജയപ്പെട്ടു. 2002ലാണ് ഇംഗ്ലണ്ടില്‍ ഇന്ത്യ ആദ്യമായി ഒരു പരമ്പര സമനിലയിലെത്തിക്കുന്നത്. നാല് മത്സരങ്ങളുടെ പരമ്പര 1-1നാണ് ദാദയും സംഘവും സമനിലയിലെത്തിച്ചത്.
ലീഡ്സ് ടെസ്റ്റില്‍ നിന്നും
ലോര്‍ഡ്‌സില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആതിഥേയര്‍ 170 റണ്‍സിന്റെ കൂറ്റന്‍ വിജയം നേടിയപ്പോള്‍ നോട്ടിങ്ഹാമിലെ രണ്ടാം മത്സരം സമനിലയില്‍ അവസാനിച്ചു. ലീഡ്‌സിലെ മൂന്നാം മത്സരത്തില്‍ 46 റണ്‍സിന്റെ വിജയവുമായി ഇന്ത്യ പരമ്പരയിലൊപ്പമെത്തിയപ്പോള്‍ ഓവലിലെ നാലാം മത്സരവും സമനിലയില്‍ പിരിഞ്ഞു.
2007ല്‍ പ്രഥമ പട്ടൗഡി ട്രോഫിക്കായി ഇന്ത്യ ഇംഗ്ലണ്ടിലെത്തി. ഇന്ത്യന്‍ ഇതിഹാസം മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയോടുള്ള ആദരസൂചകമായാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മത്സരങ്ങള്‍ പട്ടൗഡി ട്രോഫിക്കായി കളിക്കാന്‍ ആരംഭിച്ചത്.
പട്ടൗഡി ട്രോഫി
അന്ന് മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കായാണ് ഇന്ത്യ ഇംഗ്ലണ്ടിലെത്തിയത്. ക്യാപ്റ്റന്‍ ദ്രാവിഡിനൊപ്പം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗലി, വി.വി.എസ്. ലക്ഷ്മണ്‍, സഹീര്‍ ഖാന്‍, അനില്‍ കുംബ്ലെ, ദിനേഷ് കാര്‍ത്തിക്, ശ്രീശാന്ത് എന്നീ വിശ്വസ്തരും. പരമ്പരയിലെ ആദ്യ മത്സരവും മൂന്നാം മത്സരവും സമനിലയില്‍ പിരിഞ്ഞപ്പോള്‍ നോട്ടിങ്ഹാമില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ നേടിയ ഏഴ് വിക്കറ്റ് വിജയത്തിന്റെ കരുത്തില്‍ ദ്രാവിഡും സംഘവും പട്ടൗഡി ട്രോഫി സ്വന്തമാക്കി.
മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയില്‍ നിന്നും പട്ടൗഡി ട്രോഫിയേറ്റുവാങ്ങുന്ന ഇന്ത്യന്‍ നായകന്‍
ശേഷം 2025ല്‍ ഈ ട്രോഫി റിട്ടയര്‍ ചെയ്യുന്നത് വരെ ഇന്ത്യയ്ക്ക് പട്ടൗഡി ട്രോഫി തിരികെ ഇന്ത്യയിലെത്തിക്കാന്‍ സാധിച്ചില്ല. 2011ല്‍ 4-0ന് ഇംഗ്ലണ്ട് വൈറ്റ്‌വാഷ് ചെയ്തപ്പോള്‍ 2014ല്‍ 3-1നും 2018ല്‍ 4-1നും ഇന്ത്യ തോല്‍വിയേറ്റുവാങ്ങി.
പട്ടൗഡി ട്രോഫിയുമായി ഇംഗ്ലണ്ട് – 2011
2021-22 സീസണില്‍ ഇന്ത്യയ്ക്ക് പരമ്പര വിജയിക്കാനുള്ള എല്ലാ അവസരവുമുണ്ടായിരുന്നു. അഞ്ച് മത്സരങ്ങളുടെ സീരിസിലെ ആദ്യ നാല് മാച്ച് അവസാനിച്ചപ്പോള്‍ ഇന്ത്യ 2-1ന്റെ ലീഡ് നേടി മുന്നിട്ടുനിന്നു. എന്നാല്‍ കൊവിഡ് വില്ലനായതോടെ അഞ്ചാം മത്സരം നീണ്ടുപോയി.
2021 സെപ്റ്റംബറില്‍ നാലാം മത്സരം കളിച്ച ഇരുവരും പരമ്പരയിലെ അവസാന മത്സരം കളിക്കുന്നത് 2022 ജൂലൈയിലാണ്. ഇതിനിടെ വിരാട് കോഹ്‌ലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയതടക്കമുള്ള വിവാദങ്ങളും ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കി.
എന്നാല്‍ എഡ്ജ്ബാസ്റ്റണില്‍ ഷെഡ്യൂള്‍ ചെയ്ത ഈ മത്സരത്തില്‍ ഇന്ത്യയെ നയിച്ചത് വിരാടിന് പകരമെത്തിയ രോഹിത് ശര്‍മയായിരുന്നില്ല. രോഹിത്തിന്റെ അഭാവത്തില്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍സിയേറ്റെടുത്തത്. എഡ്ജ്ബാസ്റ്റണില്‍ സമനില നേടിയാല്‍ പോലും പരമ്പര നേടാമെന്നിരിക്കെ ഇന്ത്യ മത്സരത്തില്‍ പരാജയപ്പെട്ടു. ഇതോടെ പരമ്പര 2-2ന് സമനിലയിലുമായി.
ബെന്‍ സ്റ്റോക്സും ജസ്പ്രീത് ബുംറയും
ഇപ്പോള്‍ പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായുള്ള പരമ്പരയിലും ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ഓവലിലെ അഞ്ചാം മത്സരത്തില്‍ വിജയിച്ച് പരമ്പര സമനിലയിലെത്തിക്കുകയാണ് ഇനി ഇന്ത്യയ്ക്ക് മുമ്പിലുള്ള ഏക പോംവഴി. എളുപ്പം വിജയിക്കാന്‍ സാധിക്കുമായിരുന്ന ലോര്‍ഡ്‌സ് ടെസ്റ്റ് കളഞ്ഞുകുളിച്ചതിന്റെ എല്ലാ നിരാശയും ആരാധകര്‍ക്ക് ഏറ്റവുമധികം പ്രകടമാകുന്നതും ഈ സമയത്ത് തന്നെയായിരിക്കും.
Content Highlight: History of India’s tour to England