| Sunday, 28th June 2026, 9:41 pm

ചരിത്രകാരന്‍മാര്‍ ഇന്ത്യയെ 2014ന് മുമ്പും ശേഷവും എന്നിങ്ങനെ വിഭജിക്കും: അമിത് ഷാ

ആദര്‍ശ് എം.കെ.

ഗാന്ധിനഗര്‍: ഭാവിയിലെ ചരിത്രകാരന്മാര്‍ ഇന്ത്യയുടെ വളര്‍ച്ചയെ 2014ന് മുമ്പും അതിനുശേഷവും എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായി വിഭജിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്തിലെ ഗാന്ധിനഗറില്‍ പി.എം-ഫാമിലി കെയര്‍ ട്രാക്കര്‍ പൈലറ്റ് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ 2014നെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

70 കോടി ദരിദ്രരായ പൗരന്മാരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള ക്ഷേമപദ്ധതികളാണ് ഈ രാഷ്ട്രീയ മാറ്റത്തിന്റെ കേന്ദ്രബിന്ദുവെന്നും, പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് രാജ്യം കൈവരിച്ച സാമൂഹിക-സാമ്പത്തിക പുരോഗതിയെയാണ് ഈ മാറ്റം അടിവരയിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ അനുവദിക്കുന്ന ഓരോ രൂപയും അതിന്റെ ഗുണഭോക്താക്കളില്‍ പൂര്‍ണമായും എത്തുന്നുണ്ടെന്ന് അമിത് ഷാ അവകാശപ്പെട്ടു. മഹാത്മാഗാന്ധിയുടെ ‘രാമരാജ്യം’ എന്ന സങ്കല്പം ഉദ്ധരിച്ചുകൊണ്ട്, കേവലം പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലോ ബജറ്റ് വകയിരുത്തുന്നതിലോ അല്ല, മറിച്ച് അര്‍ഹരായ ഓരോ പൗരനും അതിന്റെ ഗുണഫലം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലാണ് യഥാര്‍ത്ഥ സുഭരണം അടങ്ങിയിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.

കേന്ദ്രത്തില്‍ നിന്ന് അയക്കുന്ന ഒരു രൂപയില്‍ 15 പൈസ മാത്രമേ ദരിദ്രരില്‍ എത്തുന്നുള്ളൂ എന്ന മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പഴയ പ്രസ്താവനയെ കുറിച്ചും ഷാ പറഞ്ഞു. എന്നാല്‍ ഇന്ന് ഡി.ബി.ടി, ജാം സംവിധാനങ്ങളിലൂടെ മോദി സര്‍ക്കാര്‍ ഈ സ്ഥിതി പൂര്‍ണമായും മാറ്റിമറിച്ചുവെന്നും, കേന്ദ്രം അയക്കുന്ന ഒരു രൂപ അഴിമതിയില്ലാതെ നേരിട്ട് ദരിദ്രരുടെ അക്കൗണ്ടിലേക്ക് എത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2014 മുതല്‍ മോദി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുടെ കേന്ദ്രബിന്ദു രാജ്യത്തെ 70 കോടി ദരിദ്രരാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

സ്വന്തമായി വീട്, വൈദ്യുതി, ശൗചാലയം എന്നിവയുടെ ലഭ്യത, പൈപ്പ് വഴിയുള്ള കുടിവെള്ളം, ഗ്യാസ് കണക്ഷന്‍, സൗജന്യ ഭക്ഷ്യധാന്യം, 5 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇന്‍ഷുറന്‍സും കുറഞ്ഞ നിരക്കിലുള്ള മരുന്നുകളും തുടങ്ങിയവ സാധാരണക്കാര്‍ക്ക് ലഭിക്കുന്നുണ്ടെന്നും അതുവഴി അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

2014ന് ശേഷം രാജ്യം താത്കാലിക പ്രഖ്യാപനങ്ങള്‍ക്കപ്പുറം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നയങ്ങളിലേക്ക് മാറിയതായി അമിത് ഷാ അവകാശപ്പെട്ടു.

2014ന് മുമ്പ് കിഴക്കന്‍ ഉത്തര്‍പ്രദേശിലെ (പൂര്‍വാഞ്ചല്‍) ഗ്രാമങ്ങളില്‍ താന്‍ കണ്ട കടുത്ത ദാരിദ്ര്യത്തെ ഗുജറാത്തിലെ അന്നത്തെ അവസ്ഥയുമായി അദ്ദേഹം താരതമ്യം ചെയ്തു. അന്ന് പൂര്‍വാഞ്ചലിലെ പല കുടുംബങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങളായ വീടോ വെള്ളമോ ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ മോദി സര്‍ക്കാര്‍ ഈ സാഹചര്യം പൂര്‍ണമായി മാറ്റിയെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

പുതുതായി ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ പി.എം-ഫാമിലി കെയര്‍ ട്രാക്കര്‍ വഴി ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ലഭിക്കേണ്ട സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനും അവ സമയബന്ധിതമായി ഗുണഭോക്താക്കളിലേക്ക് എത്തിക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content  Highlight: Historians will divide India into pre-2014 and post-2014: Amit Shah

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more