| Thursday, 16th July 2026, 2:18 pm

പ്രകാശ് രാജ് മുതല്‍ സീനത്ത് അമന്‍ വരെ വാങ്ചുക്കിന്റെ നിരാഹാരം അവസാനിപ്പിക്കാന്‍ സര്‍ക്കാരിനോട് ഇടപെടല്‍ ആവശ്യപ്പെട്ട് താരങ്ങള്‍

നിഷാന. വി.വി

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ജന്തര്‍ മന്തറില്‍ ആക്ടീവിസ്റ്റ് സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരം പത്തൊമ്പതാം ദിവസം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രമുഖര്‍.

നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് വാങ്ചുക്ക് നിരാഹര സമരം നടത്തുന്നത്. ഇന്ന് അദ്ദേഹത്തിന്റെ നിരാഹര സമരത്തിന്റെ പത്തൊമ്പതാം ദിവസമാണ്.

അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുന്നതില്‍ ആശങ്ക രേഖപ്പെടുത്തി നടി സീനത്ത് അമന്‍, നടന്‍ പ്രകാശ് രാജ്, ‘ത്രീ ഇഡിയറ്റ്‌സ്’ താരം ഓമി വൈദ്യ, അഭയ് ഡിയോള്‍ തുടങ്ങിയ പ്രമുഖര്‍ രംഗത്തെത്തി.

ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിഭകളില്‍ ഒരാളായ സോനം വാങ്ചുക്കിന്റെ ആരോഗ്യം ക്ഷയിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തന്നെ വേദനിപ്പിക്കുന്നുവെന്ന് മുതിര്‍ന്ന താരം സീനത്ത് അമന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

സമാധാനപരമായി സമരം ചെയ്യുന്ന അദ്ദേഹവുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. ‘എന്റെ സമരം അവസാനിപ്പിക്കാന്‍ എന്നോട് ആവശ്യപ്പെടരുത്. മറിച്ച് എന്തുകൊണ്ടാണ് ഒരു ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാത്തതെന്ന് സര്‍ക്കാരിനോട് ചോദിക്കൂ’ എന്ന വാങ്ചുക്കിന്റെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു സീനത്ത് അമന്റെ പോസ്റ്റ്.

പ്രശസ്ത ബോളിവുഡ് ചിത്രം ‘ത്രീ ഇഡിയറ്റ്‌സ്’-ലെ ‘ചതുര്‍’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ ഓമി വൈദ്യ പങ്കുവെച്ച വൈകാരികമായ വീഡിയോയും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്. ചിത്രത്തില്‍ ആമിര്‍ ഖാന്‍ അവതരിപ്പിച്ച ‘ഫുന്‍സുഖ് വാങ്ഡു’ എന്ന നായക കഥാപാത്രം സോനം വാങ്ചുക്കിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

യഥാര്‍ത്ഥ ജീവിതത്തിലെ ആ നായകന്‍ തന്റെ ജീവനുവേണ്ടി പോരാടുമ്പോള്‍ രാജ്യം മിണ്ടാതിരിക്കരുതെന്നും അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാകണമെന്നും ഓമി വൈദ്യ വീഡിയോയിലൂടെ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളില്‍ പ്രമുഖ താരം പ്രകാശ് രാജും സര്‍ക്കാരിനോട് എത്രയും വേഗം സോനം വാങ്ചുക്കുമായി ചര്‍ച്ചകള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവര്‍ക്ക് പുറമെ നടന്‍ നസീറുദ്ദീന്‍ ഷാ, എഴുത്തുകാരി അരുന്ധതി റോയ്, സജ്ഞയ് കാക്ക്, ചിന്മയി ശ്രീപദ, റൂബീന ദിലൈക്, ദേവോലീന ഭട്ടാചാരി, ശ്രേയ ഭട്ടാചാര്‍ജി എന്നിവരും സമരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.

നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് അദ്ദേഹം ദല്‍ഹിയില്‍ നിരാഹാരത്തിലിരിക്കുന്നത്. 19 ദിവസത്തിലേറെയായി തുടരുന്ന നിരാഹാര സമരം മൂലം അദ്ദേഹത്തിന് 8 കിലോയിലേറെ ശരീരഭാരം കുറയുകയും ആരോഗ്യനില ഗുരുതരമാവുകയും ചെയ്തിട്ടുണ്ട്.

Content Highlight: His life is precious to the nation; prominent figures ranging from Prakash Raj to Zeenat Aman have urged the government to intervene and bring an end to Wangchuk’s hunger strike.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more