| Tuesday, 6th January 2026, 11:02 am

എന്റെ പിതാവിനെ തട്ടികൊണ്ട് പോയതാണ്; യു.എസ് നടപടി രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം: നിക്കോളസ് മഡുറോ ഗ്വെറ

നിഷാന. വി.വി

കാരാക്കാസ്: വെനസ്വേലന്‍ മുന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയെ ബന്ദിയാക്കിയ യു.എസ് നടപടിക്കെതിരേ മഡുറോയുടെ മകന്‍ നിക്കോളസ് മഡുറോ ഗ്വെറ.

തന്റെ പിതാവിനെ തട്ടികൊണ്ടു പോയതാണെന്നും അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഉറപ്പാക്കാന്‍ അന്താരാഷ്ട്ര ഐക്യദാര്‍ഢ്യം വേണമെന്നും വെനസ്വേലന്‍ ദേശീയ അസംബ്ലിയില്‍ നിക്കോളസ് മഡുറോ ഗ്വെറ ആവശ്യപ്പെട്ടു.

യു.എസിന്റെ നടപടി വെനസ്വേലയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഇത് മറ്റ് രാജ്യങ്ങളിലും സംഭവിച്ചേക്കാമെന്നും ഗ്വെറ മുന്നറിയിപ്പ് നല്‍കി.

‘ഒരു രാഷ്ട്ര തലവനെ തട്ടികൊണ്ട് പോവുന്നതൊരു സാധാരണ കാര്യമാക്കിയാല്‍ ഒരു രാജ്യവും സുരക്ഷിതമാവില്ല. ഇതൊരു പ്രാദേശിക പ്രശ്നമല്ല ആഗോള സ്ഥിരതയ്ക്കും മാനവികതയ്ക്കും രാഷ്ട്രങ്ങളുടെ പരമാധികാരത്തിനും നേരെയുള്ള ഭീഷണിയാണ്,’ ഗ്വെറ പറഞ്ഞതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ താന്‍ ഇപ്പോഴും വെനസ്വേലന്‍ പ്രസിഡന്റാണെന്നായിരുന്നു വെനസ്വേലന്‍ മുന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയുടെ വാദം.

ബന്ദിയാക്കിയതിന് പിന്നാലെ ന്യൂയോര്‍ക്കില്‍ ആദ്യമായി കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു മഡുറോയുടെ പ്രതികരണം.

താന്‍ നിരപരാധിയാണെന്നും അമേരിക്ക തട്ടികൊണ്ടു വന്നതാണെന്നും അദ്ദേഹം കോടതി മുറിയില്‍ പ്രതികരിച്ചതായി എ.പി റിപ്പോര്‍ട്ട് ചെയ്തു.

മഡുറോയുടെ പങ്കാളിയും തങ്ങള്‍ക്കെതിരായ കുറ്റാരോപണങ്ങള്‍ തള്ളിയിട്ടുണ്ട്. എന്നാല്‍ ജാമ്യത്തിനായോ മോചനത്തിനായോ ഇരുവരും ആവശ്യപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ഞാന്‍ മാന്യനായ വ്യക്തിയാണ് എന്റെ രാജ്യത്തിന്റെ ഭരണഘടനാപരമായ പ്രസിഡന്റ് മഡുറോ പറഞ്ഞു.

അടുത്ത കോടതി വാദം മാര്‍ച്ച് 17 ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.എസ് ജില്ലാ ജഡ്ജി ആല്‍വിന്‍ കെ ഹെല്ലര്‍സ്റ്റീന് മുമ്പാകെയാണ് ഇരുവരെയും ഹാജരാക്കിയതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ വെനസ്വേലെയുടെ ആക്റ്റിങ് പ്രസിഡന്റായി നിയമിതയായ റോഡ്രിഗസ് വാഷിങ്ടണുമായി സഹകരിക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ബഹുമാന പൂര്‍ണമായ ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും എക്‌സ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

മയക്കുമരുന്ന് കടത്താരോപിച്ച് മഡൂറയെ മാസങ്ങളോളമുള്ള വേട്ടയാടലിന് ശേഷം രാജ്യത്ത് അതിക്രമിച്ച് കടന്ന് അമേരിക്ക അദ്ദേഹത്തെയും പങ്കാളിയേയും ബന്ദിയാക്കുകയായിരുന്നു.
ശനിയാഴ്ച്ച പുലര്‍ച്ചയോടെ യു.എസ് സേനയുടെ ഭീകരവിരുദ്ധ സേനയായ ഡെല്‍റ്റ ഫോഴ്സാണ് ഇരുവരെയും ബന്ദിയാക്കിയത്.

കിടപ്പുമുറിയില്‍ അതിക്രമിച്ച് കടന്നായിരുന്നു നടപടി. വിവരം ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് തന്നെയാണ് പുറത്തുവിട്ടത്. വെനസ്വേല അമേരിക്ക ഭരിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

യു.എസ് ബന്ദിയാക്കിയ മഡുറോ

മഡുറോയ്ക്കെതിരെ കടുത്ത വകുപ്പുകളാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. നാര്‍ക്കോ-ടെററിസം ഗൂഢാലോചന, യന്ത്രതോക്കുകളും വിനാശകാരമായ ആയുധങ്ങളും കൈവശം വെക്കല്‍, കൊക്കൈന്‍ ഇറക്കുമതി ഗൂഢാലോചന, യു.എസിനെതിരെയുള്ള ഗൂഢാലോചന തുടങ്ങിയവയാണ് മഡുറോയ്ക്കെതിരായി ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

വിഷയത്തില്‍ വെനസ്വേലെയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. നടപടിയില്‍ എതിര്‍പ്പറിയിച്ച് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടിണ്ട്.

ഇരുവരെയും ന്യൂയോര്‍ക്കിലെ ബ്രൂക്കിന്‍ തടങ്കല്‍ കേന്ദ്രത്തില്‍ എത്തിച്ചതിന് പിന്നാലെയായിരുന്നു ന്യൂയോര്‍ക്ക് കോടതിയില്‍ ഹാജരാക്കിയത്.

Content Highlight: His father was kidnapped; US action is an invasion of the country’s sovereignty: Nicolas Maduro Guerra

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more