ദൈവത്തില്‍ വിശ്വസിക്കുന്നില്ലെന്നും താന്‍ ഒരു നിരീശ്വര വാദിയാണെന്നും വാരണാസിയുടെ ലോഞ്ചില്‍ എസ്. എസ് രാജമൗലി പറഞ്ഞതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം. ഹൈദരാബാദില്‍ വെച്ച് നടന്ന ലോഞ്ച് പരിപാടിയിലാണ് രാജമൗലി ഇക്കാര്യം പറഞ്ഞത്.
ഹിന്ദു വിശ്വാസങ്ങളെ കുറിച്ച് സിനിമ എടുക്കുന്നുവെന്നെ ഉള്ളുവെന്നും താന്‍ ഒരു ദൈവ വിശ്വാസിയല്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നാലെ ഹനുമാന്‍ സ്വാമിയെ കുറിച്ച് പരാമര്‍ശിച്ചതാണ് ഒരു വിഭാഗം ഹിന്ദുത്വ വാദികളെ പ്രകോപിച്ചത്.
‘ഇത് എന്നെ സംബന്ധിച്ച് ഒരു വൈകാരിക നിമിഷമാണ്. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല. എന്റെ അച്ഛന്‍ വന്ന് കാര്യങ്ങള്‍ ഹനുമാന്‍ സ്വാമി നോക്കിക്കൊള്ളും എന്ന് പറഞ്ഞു. ഇങ്ങനെയാണോ അദ്ദേഹം നോക്കിക്കൊണ്ടിരിക്കുന്നത് ഇതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് ദേഷ്യം വരുന്നു,’ എന്നായിരുന്നു രാജമൗലി പറഞ്ഞത്.
രാജമൗലിയുടെ ഈ വാക്കുകളാണ് ചില ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചത്. ഹിന്ദു പുരാണങ്ങളിലൂടെ തന്റെ സിനിമയുടെ കഥ പറയുന്നതില്‍ വിദഗ്ധനാണ് രാജമൗലി. ആര്‍.ആര്‍.ആര്‍, ബാഹുബലി, തുടങ്ങിയ സിനിമകള്‍ ഹിന്ദു പുരാണങ്ങളില്‍ നിന്ന് വലിയ പ്രചോദനം ഉള്‍ക്കൊണ്ട് ചെയ്ത സിനിമകളാണെന്ന് പലരും അഭിപ്രായപ്പെടുന്നു.
അദ്ദേഹം എങ്ങനെയാണ് സിനിമക്ക് വാരണാസി എന്ന് പേരിട്ടതെന്നും പുരാണ കഥാപാത്രങ്ങളെ ഉപയോഗിച്ചതെന്നും കമന്റുകള്‍ കാണാം. രാജമൗലിയെ പോലെ നിലവാരമുള്ള ആളില്‍ നിന്ന് ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ലെന്നും കമന്റുണ്ട്.
ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ റിലീസായി. ഇന്നലെ ഹൈദരബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന പരിപാടിയിലാണ് ടൈറ്റില്‍ ടീസര്‍ റിലീസ് ചെയ്തത്. സിനിമയില്‍ മഹേഷ് ബാബുവിന് പുറമെ പൃഥ്വിരാജും പ്രിയങ്ക ചോപ്രയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. എം.എ കീരവാണിയാണ് ചിത്രത്തിന്റെ മ്യൂസിക് കൈകാര്യം ചെയ്യുന്നത്.
Content highlight: Hindutva pages slam Rajamouli for saying he is not a believer