| Wednesday, 28th January 2026, 8:28 pm

ലൗ ജിഹാദ് ഒളിച്ചുകടത്തുന്ന ഹിന്ദുവിരുദ്ധ സിനിമ, സിറൈയെ വിമര്‍ശിച്ച് ഹിന്ദുത്വ പേജുകള്‍

അമര്‍നാഥ് എം.

ഒ.ടി.ടിയിലെത്തിയതിന് ശേഷം മികച്ച പ്രതികരണങ്ങള്‍ നേടുകയാണ് തമിഴ് ചിത്രം സിറൈ. നവാഗതനായ സെന്തില്‍ രാജകുമാരി സംവിധാനം ചെയ്ത ചിത്രം നല്ലൊരു കഥയോടൊപ്പം ശക്തമായ രാഷ്ട്രീയവും സംസാരിക്കുന്നുണ്ട്. വിക്രം പ്രഭു, അക്ഷയ് കുമാര്‍, അനിഷ്മ അനില്‍കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

അബ്ദുള്‍ റൗഫ് എന്ന കുറ്റവാളിയെ ജയിലില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്ന സിവില്‍ പൊലീസ് ഓഫീസറുടെ കഥയാണ് ചിത്രത്തിന്റേത്. അബ്ദുള്‍ റൗഫ് എങ്ങനെ കുറ്റവാളിയായെന്നും അയാളുടെ പ്രണയവുമെല്ലാം ചിത്രം സംസാരിക്കുന്നുണ്ട്. കലൈയരസി എന്ന കാമുകിയായി വേഷമിട്ടത് അനിഷ്മയാണ്. ഹിന്ദു പെണ്‍കുട്ടിയെ പ്രണയിക്കുന്ന മുസ്‌ലിം യുവാവിന്റെ കഥ പറയുന്ന ചിത്രത്തിനെതിരെ ഇപ്പോള്‍ ഒരുകൂട്ടം ഹിന്ദുത്വ പേജുകള്‍ രംഗത്തെത്തിയിരിക്കുകയാണ്.

ലൗ ജിഹാദ് ഒളിച്ചുകടത്തുന്ന ചിത്രമെന്നാണ് സിറൈയെ ചില ഹിന്ദുത്വ പേജുകള്‍ അഭിപ്രായപ്പെടുന്നത്. മുസ്‌ലിം യുവാവിന് പ്രണയിക്കാന്‍ ഹിന്ദു പെണ്‍കുട്ടിയെ മാത്രമേ കിട്ടിയുള്ളോ എന്നാണ് രാജേശ്വരി അയ്യര്‍ എന്ന ഐ.ഡി പങ്കുവെച്ച പോസ്റ്റ്. ഹിന്ദുമതത്തെ അടിച്ചമര്‍ത്താന്‍ നൂറ്റാണ്ടുകളായി പലരും ശ്രമിച്ചിട്ടുണ്ടെന്നും അതിനെയെല്ലാം അതിജീവിച്ച് ഹിന്ദുമതം ഇന്നും സ്‌ട്രോങ്ങായി നില്‍ക്കുന്നുണ്ടെന്നും പ്രവീണ്‍ കുമാര്‍ എന്നയാള്‍ പോസ്റ്റ് പങ്കുവെച്ചു.

ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ അബ്ദുള്‍ റൗഫ് എന്ന കഥാപാത്രം കോടതിക്ക് മുമ്പില്‍ നിസ്‌കരിക്കുന്ന രംഗമുണ്ട്. ഇതേ സീനില്‍ നായിക തൊട്ടടുത്തുള്ള വിഗ്രഹത്തിന് മുന്നില്‍ തൊഴുതുനില്‍ക്കുന്നതിന്റെ സ്‌ക്രീന്‍ഷോട്ടും ഇതിനോടകം വൈറലായി. ഈ സ്‌ക്രീന്‍ഷോട്ടിനെയും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. സിനിമയില്‍ മുസ്‌ലിം രാഷ്ട്രീയം ഒളിച്ചുകടത്തുകയാണെന്നും ചിലര്‍ വിമര്‍ശിക്കുന്നു.

എന്നാല്‍ സിനിമയിലെ ഏറ്റവും മികച്ച രംഗങ്ങളിലൊന്നായിരുന്നു ഈ സ്‌ക്രീന്‍ഷോട്ടെന്നും ഈയടുത്ത് കണ്ട ഏറ്റവും മികച്ച ഫ്രെയിമായിരുന്നു ഇതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. സംഘപരിവാറിന്റെ പ്രൊപ്പഗണ്ട സിനിമകളായ കേരള സ്റ്റോറി, ബംഗാള്‍ ഫയല്‍സ് എന്നിവക്ക് മറുപടിയാണ് ഇത്തരം സിനിമകളെന്നും ചിലര്‍ വാദിക്കുന്നു.

വെട്രിമാരന്റെ സംവിധാന സഹായിയാണ് സെന്തില്‍ രാജാകുമാരി. സംവിധായകനും നടനുമായ തമിഴാണ് ചിത്രത്തിന്റെ തിരക്കഥ. ക്യാമറക്ക് മുന്നിലും പിന്നിലും ചില മലയാളികള്‍ അണിനിരന്നിട്ടുണ്ട്. അനിഷ്മക്ക് പുറമെ രമ്യ സുരേഷും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ജസ്റ്റിന്‍ പ്രഭാകരനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്.

Content Highlight: Hindutva pages sharing posts against Sirai movie claiming Love jihad

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more