| Friday, 24th January 2025, 9:33 am

'മടി മാറ്റാന്‍' എന്‍.ഐ.ടിയില്‍ പുതിയ കോഴ്‌സുമായി ഹിന്ദുത്വ വാദികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആക്ടിവിറ്റി പോയിന്റുകള്‍ നല്‍കുമെന്ന വ്യാജേന വിദ്യാര്‍ത്ഥികളില്‍ ഹിന്ദുത്വം കുത്തിവെക്കാന്‍ പുതിയ കോഴ്‌സ് അവതരിപ്പിച്ച് കോഴിക്കോട് എന്‍.ഐ.ടി. മടി മാറ്റാന്‍ എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന കോഴ്‌സ് സംഘടിപ്പിക്കുന്നത് ദ്വാരക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദ്വാരക്വാദിഷ് ഹോളിസ്റ്റിക് സെന്റര്‍ ആണ്.

മൂന്ന് മാസത്തെ ദൈര്‍ഘ്യം ഉള്ള കോഴ്‌സില്‍ എട്ട് ദിവസം ഓണ്‍ലൈന്‍ ക്ലാസും മൂന്ന ദിവസം ഫോളോ അപ്പ് കോഴ്‌സുകളുമുണ്ടാകും. കോഴ്‌സില്‍ പങ്കെടുക്കുന്നവര്‍ക്ക് ആറ് ആക്ടിവിറ്റി പോയിന്റുകള്‍ ലഭിക്കുമെന്ന് പറഞ്ഞാണ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളെ ഈ കോഴ്‌സിലേക്ക് ആകര്‍ഷിക്കുന്നത്.

സാധാരണഗതിയില്‍ കായികം, സാമൂഹ്യസേവനം, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ആക്ടിവിറ്റി പോയിന്റ് നല്‍കുന്നത്. ഈ പരിപാടികളിലെ പ്രവര്‍ത്തനമികവും മാര്‍ക്കിന്റ അടിസ്ഥാന മാര്‍ഗദണ്ഡമാണ്.

 ബുദ്ധന്റെ അഷ്ടപാതയാണ് കോഴ്‌സിന്റെ പ്രധാന സിലബസായി നല്‍കിയിരിക്കുന്നത്. എന്‍.ഐ.ടിയിലെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ നോളജ് സിസ്റ്റമാണ് ‘ഇന്‍ട്രൊഡക്ഷന്‍ ഓഫ് ബി ലെയ്സി ഓര്‍ ബി സക്സസ്ഫുള്‍’ എന്ന കോഴ്‌സിന്റെ സംഘാടകര്‍.

ആത്മീയ രീതിയിലൂടെ പ്രൊഫഷണല്‍ ജീവിതത്തിലും ജോലിയിലും വ്യക്തി ജീവിതത്തിലും വിജയം നേടാനുള്ള അവസരമാണ് ഈ കോഴ്‌സ് എന്നാണ് വിദ്യാര്‍ഥികള്‍ക്ക് അയച്ച ഇമെയിലില്‍ സംഘാടകര്‍ പറയുന്നത്.

സാങ്കേതിക മികവിന് പേരുകേട്ട എന്‍.ഐ.ടി പോലുള്ള ഒരു സ്ഥാപനത്തില്‍ ഹിന്ദുത്വ ആശയങ്ങള്‍ തിരുകിക്കയറ്റാന്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ നോളജ് സിസ്റ്റം എന്ന സംവിധാനം ആരംഭിച്ചതിനെതിരെ മുമ്പ് തന്നെ വിമര്‍ശനം ഉണ്ടായിരുന്നു. മുമ്പും ഹിന്ദുത്വ അജണ്ടകള്‍ ഉപയോഗിച്ച് ക്യാമ്പസിനെ കാവി വത്ക്കരിക്കാന്‍ നിരവധി ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Content Highlight: Hindutva group with new course in NIT for changing laziness 

We use cookies to give you the best possible experience. Learn more