| Saturday, 10th May 2025, 7:56 am

പേര് മാറ്റണം, ഇന്ത്യന്‍ പതാക സ്ഥാപിക്കണം; ഹൈദരാബാദിലെ 'കറാച്ചി' ബേക്കറിക്കെതിരെ ഹിന്ദുത്വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസം ജാഹി: ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ‘കറാച്ചി ബേക്കറി’ക്കെതിരെ തീവ്ര ഹിന്ദുത്വവാദികള്‍. ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ കറാച്ചി എന്ന പേരില്‍ പ്രകോപിതരായ ഹിന്ദുത്വവാദികളാണ് പ്രതിഷേധവുമായെത്തിയത്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ പ്രധാനപ്പെട്ട ഒരു നഗരമാണ് കറാച്ചി.

കറാച്ചിയുടെ പേരില്‍ 1953 മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കറാച്ചി ബേക്കറി. ചരിത്രപ്രസിദ്ധമായ മോസം ജാഹി മാര്‍ക്കറ്റ് ജംഗ്ഷനിലാണ് കറാച്ചി ബേക്കറി സ്ഥിതി ചെയ്യുന്നത്.

1947ലെ വിഭജനത്തിനുശേഷം ഇന്ത്യയിലേക്ക് കുടിയേറിയ ഖാന്‍ചന്ദ് രാംനാനിയാണ് കറാച്ചി ബേക്കറിയുടെ സ്ഥാപകന്‍. ബേക്കറിക്കെതിരെ ഹിന്ദുത്വര്‍ രംഗത്തെത്തിയതോടെ സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ഹൈദരാബാദില്‍ സ്ഥാപിതമായ കറാച്ചി ബേക്കറി 100 ശതമാനം ഇന്ത്യന്‍ ബ്രാന്‍ഡാണ്. കറാച്ചി ബേക്കറി എന്ന പേര് ദേശീയതയ്ക്ക് പുറമെ ചരിത്രത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ പൊതുജനങ്ങളുടെ പിന്തുണ ഞങ്ങള്‍ക്കുണ്ടാകണം,’ സ്ഥാപനം പ്രതികരിച്ചു.

ഇന്ത്യയെ സേവിക്കാന്‍ പ്രതിജ്ഞാബന്ധമായ ഒരു ഇന്ത്യന്‍ സ്ഥാപനമാണ് കറാച്ചി ബേക്കറിയെന്നും സ്ഥാപനം വിശദീകരിച്ചു.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമായിരുന്നു. ഓപ്പറേഷന്‍ സിന്ദൂരിലൂടെ പാകിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ സേനകള്‍ ആക്രമണം നടത്തിയതോടെ പാകിസ്ഥാന്‍ പ്രകോപിതരാകുകയിരുന്നു. ഇതിനെ തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായി ഷെല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുകയാണ്.

ഇതിന്റെ പശ്ചാത്തലത്തിലാണ് കറാച്ചി ബേക്കറിക്കെതിരെ ഹിന്ദുത്വവാദികള്‍ പ്രതിഷേധിക്കുന്നത്. ബേക്കറിയുടെ പേര് മാറ്റണമെന്നാണ് ഹിന്ദുത്വരുടെ ആവശ്യം. കടയ്ക്ക് മുന്നില്‍ ഇന്ത്യന്‍ ദേശീയ പതാക സ്ഥാപിക്കാന്‍ ഹിന്ദുത്വര്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

പ്രതിഷേധം ഉയര്‍ന്നതോടെ ഫ്രൂട്ട് ബിസ്‌ക്കറ്റുകള്‍ക്ക് പേരുകേട്ട കറാച്ചി ബേക്കറി വലിയ സാമ്പത്തിക നഷ്ടവും നേരിട്ടു.

അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുമ്പോഴെല്ലാം ഹൈദരാബാദിലെ കറാച്ചി ബേക്കറിയിലേക്ക് പ്രതിഷേധം ഉണ്ടാകാറുള്ളതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ സിന്ധില്‍ ‘ബോബ് ബേക്കറി’ എന്ന പേരില്‍ സ്ഥാപനമുണ്ടെന്നും 1911 മുതല്‍ അത് സമാധാനപരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വിവിധ ഘട്ടങ്ങളിലായി ഏറ്റുമുട്ടലുകളുണ്ടായപ്പോള്‍ പോലും ഈ സ്ഥാപനത്തിന് നേരെ മറ്റു പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Hindutva against Hyderabad’s ‘Karachi’ bakery

We use cookies to give you the best possible experience. Learn more