അഗര്‍ത്തല: ബി.ജെ.പി സര്‍ക്കാര്‍ ഭരിക്കുന്ന ത്രിപുരയില്‍ മസ്ജിദിന് തീയിടാന്‍ ഹിന്ദുത്വ പ്രവര്‍ത്തകരുടെ ശ്രമം. മസ്ജിദ് കോമ്പൗണ്ടിനകത്ത് ജയ് ശ്രീറാം എഴുതിയ ഭീഷണിക്കത്തും മദ്യകുപ്പികളും ബജ്റംഗ്ദള്‍ പതാകയും കണ്ടെത്തി.
മനു-ചൗമനു റോഡിലെ മൈനാമ ജമാ മസ്ജിദിന് നേരെയാണ് ആക്രമണം നടന്നത്. മസ്ജിദിലെ ഇമാം പുലര്‍ച്ചെ ബാങ്ക് വിളിക്കാന്‍ എത്തിയപ്പോഴായിരുന്നു വിവരം അറിഞ്ഞത്.
പള്ളിക്കുള്ളില്‍ നമസ്‌ക്കരിക്കുന്ന സ്ഥലത്താണ് മദ്യ കുപ്പികള്‍ കണ്ടെത്തിയത്. പിന്നീടുളള തിരച്ചിലില്‍ ജയ് ശ്രീറാം മുദ്രാവാക്യങ്ങളും പള്ളി തകര്‍ക്കുമെന്ന ഭീഷണി അടങ്ങിയ കത്തും ബജ്‌റംദള്‍ കൊടിയും കണ്ടെത്തുകയായിരുന്നു.
ഇത് ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പാണ്, ഇതിലും വലുതാണ് അടുത്തത് സംഭവിക്കുക. ഇങ്ങനെയായിരുന്നു കത്തിലുണ്ടായിരുന്നത്. എന്നാല്‍ പള്ളിയുടെ ചില ഭാഗങ്ങള്‍ക്ക് തീവെച്ചിട്ടുണ്ടെങ്കിലും തീ കൂടുതല്‍ വ്യാപിച്ചിട്ടുണ്ടായിരുന്നില്ല.
സംഭവത്തില്‍ പള്ളി കമ്മിറ്റി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പള്ളിക്കുളളില്‍ മദ്യകുപ്പി വെച്ചത് വിശ്വാസത്തിനേറ്റ വലിയ അപമാനമാണെന്നും മത വികാരം വ്രണപ്പെട്ടതായും പരാതിയില്‍ പറഞ്ഞു. സംഘര്‍ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിതെന്നും പള്ളി ഇമാം സൈഫുല്‍ ഇസാലാം പറഞ്ഞു.
എന്നാല്‍ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കുറ്റക്കാരെ കണ്ടെത്തി ഉടന്‍ നടപടി സ്വീകരിക്കുമെന്നും ചൗമനു പൊലീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്റ്റര്‍ അറിയിച്ചു.
Content Highlight: Hindutva activists attempt to set fire to mosque in Tripura; Threat letter and Bajrang Dal flag found