റായ്പൂര്‍: ക്രിസ്മസ് ദിനത്തിലും ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ള അതിക്രമങ്ങള്‍ തുടര്‍ന്ന് സംഘപരിവാര്‍. ക്രിസ്മസ് ദിനാഘോഷത്തിന്റെ ഭാഗമായി അലങ്കരിച്ച ഛത്തീസ്ഗഡിലെ ‘മാഗ്‌നെറ്റൊ’ എന്ന ഷോപ്പിങ് മാളിലേക്ക് അതിക്രമിച്ചുകയറുന്ന ഹിന്ദുത്വവാദികളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
കോണ്‍ഗ്രസ് കേരള ഘടകം ഉള്‍പ്പെടെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
‘ഈ ക്രിസ്മസ് ദിനത്തിലും വളരെ വേദനിപ്പിക്കുന്ന ദൃശ്യങ്ങളാണ് രാജ്യത്ത് ഉടനീളം നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കേണ്ടത് ഓരോ ഭാരതീയന്റേയും കടമയാണ്. വിപുലമായി തന്നെ ക്രിസ്മസ് ആഘോഷിക്കുക,’ എന്ന കുറിപ്പോടുകൂടിയാണ് കോണ്‍ഗ്രസിന്റെ പോസ്റ്റ്.
ഇന്നലെ (ബുധന്‍) വൈകുന്നേരമാണ് ഇതിനാസ്പദമായ സംഭവം നടന്നത്. വടികളും ആയുധങ്ങളുമായാണ് ഹിന്ദുത്വവാദികള്‍ മാളിലേക്ക് അതിക്രമിച്ചു കയറിയത്.
ശേഷം മാളിനുള്ളില്‍ സജ്ജീകരിച്ചിരുന്ന പോസ്റ്ററുകളും ക്രിസ്മസ് ട്രീയും മറ്റു അലങ്കാരങ്ങളും ഹിന്ദുത്വവാദികള്‍ തല്ലി തകര്‍ക്കുകയായിരുന്നു. 50ലധികം ആളുകളാണ് മാളിലേക്ക് ആയുധങ്ങളുമായി എത്തിയത്.
ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയിലുണ്ടായ ശവസംസ്‌കാരത്തെ ചൊല്ലിയുള്ള സംഘര്‍ഷത്തിന് പിന്നാലെ സംസ്ഥാനത്തെ ഹിന്ദുത്വ സംഘടനകള്‍ കഴിഞ്ഞ ദിവസം പണിമുടക്കിന് ആഹ്വാനം ചെതിരുന്നു. ഇതിനിടെയാണ് മാളിലെ സംഘപരിവാര്‍ ആക്രമണം.
എന്നാല്‍ ഇത്തരമൊരു പെരുമാറ്റം ആദ്യമായാണെന്ന് മാളിലെ ജീവനക്കാര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘കഴിഞ്ഞ 16 വര്‍ഷമായി ഞങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ബന്ദ് ആഹ്വാനങ്ങളെയും പിന്തുണക്കാറുമുണ്ട്. എന്നാല്‍ ഇങ്ങനെയൊരു സാഹചര്യം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല,’ മാളിലെ ജീവനക്കാരനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെ രാജ്യത്തുടനീളം വ്യാപക അതിക്രമങ്ങളാണ് നടക്കുന്നത്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലിയും ജയ് ശ്രീറാം വിളിച്ചുമാണ് ഹിന്ദുത്വര്‍ അക്രമം നടത്തിയത്.
അസമിലെ നല്‍ബാരി ജില്ലയില്‍ സ്‌കൂളിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രിസ്മസ് അലങ്കാരങ്ങള്‍ നശിപ്പിക്കുകയും പോസ്റ്ററുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.
ഒഡീഷയില്‍ വഴിയരികില്‍ സാന്റ തൊപ്പികള്‍ വിറ്റിരുന്ന യുവാവിനെയാണ് സംഘപരിവാറുകാര്‍ ഭീഷണിപ്പെടുത്തിയത്. കേരളത്തിലെ പാലക്കാട് ജില്ലയില്‍ കരോള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലും ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു.
Content Highlight: Hindutva activists arrive at Raipur mall armed with weapons and destroy Christmas decorations