| Wednesday, 27th July 2016, 5:36 pm

പാക്കിസ്ഥാനില്‍ ഖുര്‍ ആനെ അധിക്ഷേപിച്ച് സംസാരിച്ച ഹിന്ദു യുവാക്കള്‍ക്ക് വെടിയേറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഖുര്‍ ആനെ അധിക്ഷേപിച്ച് സംസാരിച്ച ഹിന്ദു യുവാക്കള്‍ക്ക് വെടിയേറ്റു. സിന്ദ് പ്രവിശ്യയിലാണ് സംഭവം. പതിനേഴുകാരനായ ദേവന്‍ സതീഷ് കുമാര്‍, ഇയാളുടെ സുഹൃത്ത് അവിനാഷ് എന്നിവര്‍ക്കാണ് വെടിയേറ്റത്. ഇതില്‍ അവിനാഷിന്റെ നില ഗുരുതരമാണ്.

ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പാകിസ്ഥാന്‍ പ്രവിശ്യയായ ഗോട്കിയില്‍ കഴിഞ്ഞ ദിവസം മതനിന്ദയുടെ പേരില്‍ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. അമര്‍ലാല്‍ എന്ന യുവാവിനെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. മുസ്‌ലീം സ്വാധീനം ഏറെയുള്ള പ്രദേശമാണ് ഗോട്കി. അമല്‍ലാലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ പ്രദേശത്ത് അരങ്ങേറുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് സിന്ദ് പ്രവിശ്യയില്‍ ദേവന്‍ സതീഷ് കുമാറും അവിനാഷും ഖുര്‍ ആനെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. മുസ്‌ലീം മതവിഭാഗത്തില്‍പ്പെട്ടവരാണ് യുവാക്കളെ വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഹിന്ദുക്കള്‍ ഏറെയുള്ള പ്രദേശമാണ് സിന്ദ് പ്രവിശ്യ. നേരത്തെ ഇവിടുത്തെ ചില കടകളില്‍ ഓം പ്രിന്റ് ചെയ്ത ചെരുപ്പുകള്‍ വില്‍പ്പനയ്ക്കുവെച്ചതിനെതിരെ ഹിന്ദുക്കള്‍ രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more