ധാക്ക: ബംഗ്ലാദേശിലെ നര്‍സിങ്ഡിയില്‍ 23 വയസ്സുകാരനായ ഹിന്ദു യുവാവിനെ ജോലി ചെയ്തിരുന്ന ഗാരേജിനുള്ളില്‍ തീയിട്ട് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയാണ് അതിക്രൂരമായ ഈ സംഭവം നടന്നത്.
കുമില്ല ജില്ലയിലെ ലക്ഷ്മിപൂര്‍ ഗ്രാമവാസിയായ ഖോകന്‍ ചന്ദ്ര ഭൗമിക്കിന്റെ മകന്‍ ചഞ്ചല്‍ ചന്ദ്ര ഭൗമിക് ആണ് കൊല്ലപ്പെട്ടത്.
നര്‍സിങ്ഡിയിലെ പോലീസ് ലൈന്‍സ് പ്രദേശത്തെ ഖാന ബാരി മസ്ജിദ് മാര്‍ക്കറ്റിലുള്ള ഒരു കാര്‍ വര്‍ക്ഷോപ്പിലായിരുന്നു ചഞ്ചല്‍ ജോലി ചെയ്തിരുന്നത്.
വെള്ളിയാഴ്ച ജോലി കഴിഞ്ഞ ശേഷം പതിവുപോലെ ചഞ്ചല്‍ ഗാരേജിനുള്ളില്‍ ഉറങ്ങുകയായിരുന്നു. രാത്രി ഏറെ വൈകിയെത്തിയ അക്രമികള്‍ ഗാരേജിന്റെ ഷട്ടര്‍ പുറത്തുനിന്ന് പൂട്ടുകയും പെട്രോള്‍ ഒഴിച്ച് ശേഷം തീ കൊളുത്തുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കടയ്ക്കുള്ളില്‍ പെട്രോളും മറ്റ് തീപിടിക്കുന്ന വസ്തുക്കളും ഉണ്ടായിരുന്നതിനാല്‍ തീ അതിവേഗം ആളിപ്പടരുകയും ചെയ്തു.
തീയ്ക്കുള്ളില്‍ കുടുങ്ങിയ ചഞ്ചല്‍ പുക ശ്വസിച്ചും ഗുരുതരമായി പൊള്ളലേറ്റുമാണ് മരണപ്പെട്ടത്. വിവരമറിഞ്ഞ് അഗ്നിശമന സേന എത്തി. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇതിനോടകം തന്നെ ചഞ്ചല്‍ പൊള്ളലേറ്റ് കൊല്ലപ്പെട്ടിരുന്നു.
സംഭവസ്ഥലത്തുനിന്നും സമീപത്തെ സി.സി.ടി.വി ക്യാമറകളില്‍ നിന്നും പൊലീസിന് തെളിവുകള്‍ ശേഖരിച്ചു. ഒരാള്‍ കടയ്ക്ക് പുറത്ത് തീയിടുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
തീപിടുത്തത്തിന് പിന്നില്‍ അട്ടിമറിയാണോ അതോ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണോ എന്ന് അന്വേഷിക്കുകയാണെന്ന് നര്‍സിങ്ഡി പോലീസ് സൂപ്രണ്ട് അബ്ദുള്ള അല്‍ ഫാറൂഖ് അറിയിച്ചു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കൊലപാതകം ആസൂത്രിതമാണെന്ന് ചഞ്ചലിന്റെ കുടുംബം ആരോപിച്ചു. കുറ്റവാളികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
പ്രാദേശിക ഹിന്ദു നേതാക്കളും സംഭവത്തെ അപലപിച്ചു. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെടുകയും ചെയ്തു.
ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടത്തിന് കീഴില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം.
ആഴ്ചകള്‍ക്ക് മുമ്പ് ഗാസിപൂരില്‍ ഒരു ഹിന്ദു വ്യാപാരി മര്‍ദനമേറ്റു മരിക്കുകയും, ഫെനിയില്‍ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ കുത്തേറ്റ് കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഇതിനുപുറമെ, മറ്റ് പല സ്ഥലങ്ങളിലും ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഇരയാകുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയില്‍ ഇന്ത്യയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്
Content Highlight: Hindu youth burned alive in Bangladesh; family alleges premeditated murder