| Thursday, 15th October 2026, 6:50 am

ദല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട ഹിന്ദു രക്ഷാ ദള്‍ പ്രവര്‍ത്തകന് മണിക്കൂറുകള്‍ക്കകം ജാമ്യം; മാലയിട്ട് സ്വീകരിച്ച് അനുയായികള്‍

നിഷാന. വി.വി

ന്യൂദല്‍ഹി: ദല്‍ഹിയില്‍ പ്രതിഷേധ പ്രകടനത്തിനിടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ ക്രൂരമായ അക്രമം അഴിച്ചുവിട്ട ഹിന്ദു രക്ഷാ ദള്‍ പ്രവര്‍ത്തകന് മണിക്കൂറുകള്‍ക്കകം ജാമ്യം. ജാമ്യത്തിലിറങ്ങിയ രവീന്ദ്ര സിങ് എന്ന ഗോവിന്ദ് ഹിന്ദുവിന് മാലയിട്ടും മുദ്രാവാക്യം വിളികളോടെയും അനുയായികള്‍ വന്‍ സ്വീകരണം നല്‍കി. പിങ്കി ഭയ്യ എന്ന ഭൂപേന്ദര്‍ ചൗധരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

‘ ഇതെല്ലാം എന്റെ പിങ്കി ഭയ്യയുടെ അനുഗ്രഹത്തോടെയാണ്. മോദി സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ഞങ്ങള്‍ ഇനിയും പോരാടും,’ സ്വീകരണത്തിന് പിന്നാലെ രവീന്ദ്ര സിങ് പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ 10ന് സി.ജെ.പി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ രവീന്ദ്ര സിങും കൂട്ടാളികളും വടികളുമായി ആയുധങ്ങളുമായി എത്തി സ്ത്രീകളെ അടക്കം അക്രമിക്കുകയും അപമാനിക്കുകയും ചെയ്യുന്നതിന്റെ വീഡിയോകള്‍ പുറത്ത് വന്നിരുന്നു.

പ്രതിഷേധത്തെ തുടര്‍ന്ന് ദല്‍ഹി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും, മണിക്കൂറുകള്‍ക്കകം തന്നെ ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. അക്രമം കാണിച്ച വ്യക്തിയെ വീരനായകനെപ്പോലെ സ്വീകരിച്ചതിനെതിരെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം ജന്തര്‍ മന്ദറില്‍ കയറി ദേശീയ പതാക ഉയര്‍ത്തിയതിന്റെ പേരില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക തുടങ്ങിയ നേതാക്കളെ അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണ്.

Content Highlight: Hindu Raksha Dal member who unleashed violence against protesters in Delhi granted bail within hours; welcomed by followers with garlands.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more