ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നിസ്‌ക്കാരം പൂര്‍ണമായി നിരോധിക്കണമെന്ന് ഹിന്ദുരക്ഷാ ദള്‍. തങ്ങളുടെ പ്രദേശത്ത് വെള്ളിയാഴ്ചത്തെ ജുമുഅ നിസ്‌ക്കാരമോ മറ്റ് നിസ്‌ക്കാരങ്ങളോ അനുവദിക്കില്ലെന്നും ഉത്തരാഖണ്ഡ് സംസ്ഥാന അധ്യക്ഷന്‍ ലളിത് ശര്‍മ പറഞ്ഞു.
യുവാക്കളെ അണിനിരത്തി സംഘടിപ്പിച്ച റാലിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. വിവാദ പരാമര്‍ശത്തിന്റെ വിഡീയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഘോഡ കോളനിയില്‍ സൂര്യ ചൗഹാന്‍ എന്ന പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് വലിയ രീതിയിലുള്ള പ്രതിഷേധ റാലി നടന്നത്. ഇത് അയല്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിലേക്കും പടര്‍ന്നതോടെയാണ് വലിയ രീതിയിലുള്ള പ്രതിഷേധ റാലി നടന്നത്. ബക്രീദ് ദിനത്തിലായിരുന്നു കൊലപാതകം നടന്നത്.
മുസ്‌ലിം യുവാവായ അസദ് ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം. വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെങ്കിലും ഇതിന് വലിയ രീതിയിലുള്ള മതസ്പര്‍ദ്ധയ്ക്കും ഹിന്ദു സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു.
എന്നാല്‍ പിന്നിടുള്ള പൊലീസ് ഏറ്റുമുട്ടലില്‍ അസദ് കൊല്ലപ്പെട്ടിരുന്നു. അസദിന്റെ കുടുംബത്തിനെതിരെയും ലളിത് ശര്‍മ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തി. പ്രതിയുടെ മുഴുവന്‍ കുടുംബത്തെയും പോലീസ് എന്‍കൗണ്ടര്‍ ചെയ്യണമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
മുസ്‌ലിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സാഹോദര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പള്ളികള്‍ ബഹിഷ്‌ക്കരിക്കണമെന്നും അത് മാത്രമാണ് പ്രതിവിധിയെന്നും ലളിത് ശര്‍മ പറഞ്ഞു.
Content Highlight: Hindu Raksha Dal demands complete ban on Namaz; Video, controversy