| Friday, 18th July 2025, 8:44 pm

ശ്രാവണ മാസത്തില്‍ മാംസം വിറ്റു; ഗാസിയാബാദില്‍ കെ.എഫ്.സി ഔട്ട്‌ലെറ്റ് അടപ്പിച്ച് ഹിദുരക്ഷാദള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: സവാന്‍ മാസത്തില്‍ മാംസം വില്‍ക്കുന്നുവെന്നാരോപിച്ച് ഗാസിയാബാദില്‍ കെ.എഫി.സി ഔട്ട് ലെറ്റ് അടപ്പിച്ച് ഹിന്ദുരക്ഷാദള്‍. ജയ് ശ്രീറാം വിളിച്ചുകൊണ്ട് പൊലീസ് നോക്കി നില്‍ക്കെയാണ് തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ ബലമായി കട പൂട്ടിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്. കാവി കൊടികള്‍ ഉയര്‍ത്തി പിടിച്ചുനില്‍ക്കുന്ന പ്രവര്‍ത്തകര്‍ ‘ജയ് ശ്രീറാം, ഹര്‍ ഹര്‍ മഹാദേവ്’ എന്നും മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയിലുണ്ട്.

കടയുടമകളെ ഭീഷണിപ്പെടുത്തിയാണ് കടകള്‍ അടപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് ഹിന്ദുസ്ഥാനാണെന്നും ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുമെന്നും തീവ്ര വലത് സംഘടനയായ ഹിന്ദുരക്ഷാദള്‍ പ്രവര്‍ത്തകര്‍ കടകള്‍ക്ക് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിച്ചിരുന്നു.

പവിത്രമായ ശ്രാവണ മാസത്തില്‍ മാംസവും മത്സ്യവും ഉപേക്ഷിക്കണമെന്നാണ് ഉത്തരേന്ത്യയിലെ ശിവ ഭക്തരുടെ വിശ്വാസം. കാന്‍വാര്‍ തീര്‍ത്ഥാടന യാത്രയും ശിവ ഭക്തര്‍ ഗംഗാജലം ശേഖരിക്കുന്നതും ഇതേ മാസത്തിലാണ്. ഈ കാലയളവില്‍ മാംസം വില്‍ക്കുന്നതിന് ചില ഭരണകൂടങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

കാന്‍വാര്‍ താര്‍ത്ഥാടകര്‍ കടന്നുപോകുന്ന വഴികളില്‍ മത്സ്യ മാംസങ്ങള്‍ വില്‍ക്കരുതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കിയത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

വിവാദങ്ങള്‍ക്ക് പിന്നാലെയാണ് സവാന്‍ മാസത്തില്‍ മാംസം വില്‍ക്കുന്നുവെന്നാരോപിച്ച് ഗാസിയാബാദില്‍ കെ.എഫി.സി ഔട്ട് ലെറ്റ് ഹിന്ദുരക്ഷാദള്‍ അടപ്പിച്ചത്. മാത്രമല്ല കെ.എഫ്.സി ഔട്ട് ലെറ്റിന് അടുത്ത് പ്രവര്‍ത്തിച്ച നസീര്‍ എന്ന ഭക്ഷണ ശാലയും പ്രവര്‍ത്തകര്‍ അടപ്പിച്ചിരുന്നു.

Content Highlight: Hindu Raksha Dal closes KFC outlet in Ghaziabad

We use cookies to give you the best possible experience. Learn more