| Wednesday, 24th December 2014, 12:58 pm

'പി.കെ' നിരോധിക്കണമെന്ന് ഹിന്ദു സംഘടനകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

താനെ: റിലീസായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിമര്‍ശക പ്രശംസ പിടിച്ചു പറ്റിയ ആമിര്‍ ഖാന്‍ ചിത്രം “പി.കെ”യ്‌ക്കെതിരെ പലതുപക്ഷ സംഘടനകള്‍. ഭൂരിപക്ഷ സമുദായങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നെന്നാരോപിച്ചാണ് ഇവര്‍ “പി.കെ”യ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

“പി.കെ” എത്രയും പെട്ടെന്ന് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുജാഗ്രിതി സമിതി രംഗത്തുവന്നിട്ടുണ്ട്. ചിത്രത്തിന്റെ ഉള്ളടക്കം പ്രകോപനം സൃഷ്ടിക്കുന്നതാണെന്നാണ് ഇവരുടെ കണ്ടെത്തല്‍. ഇത് ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ചിത്രത്തിനും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കുമെതിരെ നവി മുംബൈ, നാഗ്പൂര്‍, സാംഗ്ലി കോടതികളില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് എച്ച്.ജെ.എസ് മഹാരാഷ്ട്ര കോഡിനേറ്റര്‍ സുനില്‍ ധന്‍വത് അറിയിച്ചു.

ഹിന്ദുക്കള്‍ പിന്തുടരുന്ന നിരവധി ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തുറന്നു വിമര്‍ശിക്കുന്നതാണ് ചിത്രമെന്ന് എച്ച്.ജെ.എസ് പ്രവര്‍ത്തകനും “പി.കെ”യ്‌ക്കെതിരെ നവി മുംബൈ പോലീസില്‍ പരാതി നല്‍കിയ ആളുമായ ഉദയ് ധുരി പറഞ്ഞു. ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നതായതിനാല്‍ പി.കെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മതത്തിന്റെ പേരില്‍ വിവിധ വിഭാഗങ്ങളില്‍ വിദ്വേഷം പ്രചരിപ്പിച്ചുവെന്ന കുറ്റത്തിന് ചിത്രത്തിന്റെ നിര്‍മാതാവിനും സംവിധായകനും അഭിനേതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്നും ധുരി ആവശ്യപ്പെട്ടു.

ആമിറിനൊപ്പം അനുഷ്‌ക ശര്‍മ്മ നായികയായ ചിത്രം ഡിസംബര്‍ 19നാണ് തിയ്യേറ്ററുകളിലെത്തിയത്.

We use cookies to give you the best possible experience. Learn more