| Thursday, 4th September 2025, 6:29 pm

റഷ്യയുടെ എണ്ണ വാങ്ങി ബ്രാഹ്‌മണര്‍ നേട്ടമുണ്ടാക്കുന്നെന്ന പരാമര്‍ശം ഹിന്ദുവിരുദ്ധം; ട്രംപിന്റെ ഉപദേഷ്ടാവിനെ പുറത്താക്കണമെന്ന് യു.എസിലെ ഹിന്ദു സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇന്ത്യയിലെ ഹിന്ദുക്കളെ അവഹേളിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ് പീറ്റര്‍ നവാരൊയെ പുറത്താക്കണമെന്ന് യു.എസിലെ ഹിന്ദു സംഘടന.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ചെലവില്‍ ഉയര്‍ന്ന ജാതിക്കാരായ ഹിന്ദുക്കളാണ് നേട്ടമുണ്ടാക്കുന്നതെന്ന നവാരൊയുടെ പരാമര്‍ശത്തിനെതിരെയാണ് ഹിന്ദു പാക്ട്‌സ് അമേരിക്കന്‍ ഹിന്ദുസ് എഗെയ്ന്‍സ്റ്റ് ഡിഫേമേഷന്‍ (എ.എച്ച്.എ.ഡി) എന്ന ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുന്നത്.

നവാരൊയുടെ പരാമര്‍ശം ഹിന്ദുവിരുദ്ധം ആണെന്നും അനുചിതമായിട്ടുളളതാണെന്നും സംഘടന വിമര്‍ശിക്കുന്നു. സാംസ്‌കാരിക ലംഘനം മാത്രമല്ല, ഒരു ബില്യണിലധികമുള്ള ഹിന്ദുക്കളുടെ അഭിമാനത്തെ പ്രകോപിക്കുകയുമാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ ചെയ്തതെന്ന് ഇവര്‍ ആരോപിക്കുന്നു.

പീറ്റര്‍ നവാരൊയുടെ പരാമര്‍ശം ഒരു വിമര്‍ശനമല്ല, കൊളോണിയല്‍ കാലഘട്ടത്തില്‍ ഇന്ത്യയെ അന്യായമായി ചിത്രീകരിക്കാന്‍ ഉപയോഗിച്ച തന്ത്രത്തിന്റെ ആവര്‍ത്തനമാണ്. ഇത് വിദേശനയമല്ലെന്നും ഹിന്ദു ഫോബിയയെ ആയുധമാക്കുകയാണെന്നും എ.എച്ച്.എ.ഡി ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അജയ് ഷാ പറഞ്ഞു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ് പീറ്റര്‍ നവാരൊ

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നവാരൊയെ പോലുള്ളവര്‍ക്ക് സ്ഥാനം നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുമതത്തിന് എതിരായ മുന്‍വിധികളെയും അപകീര്‍ത്തിപ്പെടുത്തലുകളെയും പ്രതിരോധിക്കാനുള്ള ഹിന്ദു വാച്ച് ഡോഗ് ഗ്രൂപ്പ് എന്നാണ് എ.എച്ച്.എ.ഡി സ്വയം വിശേഷിപ്പിക്കുന്നത്.

‘റഷ്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യ അവരുടെ ഒരു വിഴുപ്പലക്കല്‍ കേന്ദ്രം മാത്രമാണ്. ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ചെലവില്‍ ഇന്ത്യയിലെ ബ്രാഹ്‌മണരെ നിങ്ങള്‍ ലാഭം കൊയ്യാന്‍ പ്രേരിപ്പിച്ചു’, എന്നാണ് മുമ്പ് പീറ്റര്‍ നവാരൊ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ട്രംപ് ഭരണകൂടം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം കയറ്റുമതി തീരുവ ചുമത്തിയ നടപടിക്ക് എതിരെ വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലായിരുന്നു നവാരൊയുടെ പരാമര്‍ശം.

റഷ്യയുടെ എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്ക് നേട്ടമൊന്നുമില്ലെന്നും ലാഭമുണ്ടാക്കുന്നത് റിഫൈനറി ഉടമകളായ ഉയര്‍ന്ന ജാതിക്കാരാണ് എന്നായിരുന്നു നവാരൊയുടെ വിമര്‍ശനം.

ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് നിര്‍ത്തിവെച്ചാല്‍ തീരുവ വെട്ടിക്കുറയ്ക്കുമെന്നും, റഷ്യയുടെ ഉക്രൈന്‍ ആക്രമണത്തിന് ഇന്ത്യ പരോക്ഷമായ സഹായമാണ് നല്‍കുന്നതെന്നും നവാരൊ കുറ്റപ്പെടുത്തിയിരുന്നു.

Content Highlight:  Hindu organization in US demands Trump’s advisor be fired for commenting on Brahmins profiting from buying Russian oil

We use cookies to give you the best possible experience. Learn more