| Thursday, 2nd April 2026, 5:50 pm

ഹനുമാന്‍ ജയന്തി ദിനത്തില്‍ ബീഫ് വില്‍പ്പന നടത്തിയെന്നാരോപണം; മുസ്‌ലിം വയോധികനേയും മകനെയും ആക്രമിച്ച് ഹിന്ദുത്വര്‍

നിഷാന. വി.വി

ഹൈദരാബാദ്: തെലങ്കാനയിലെ ജഗാതിയാല്‍ ജില്ലയില്‍ ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെ ബീഫ് വിറ്റുവെന്നാരോപിച്ച് മുസ്‌ലിം വയോധികനെയും കൗമാരക്കാരനായ മകനെയും ഹിന്ദുത്വര്‍ ആക്രമിച്ചതായി പരാതി.

മെറ്റ്പ്പള്ളി ടൗണിലെ ഇബ്രാഹീം പട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വര്‍ഷകൊണ്ട ഗ്രാമത്തിലാണ് ആക്രമണം നടന്നതെന്ന് സിയാസത് റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെയാണ് (ബുധനാഴ്ച) സംഭവം നടന്നത്. കാവി വസ്ത്രം ധരിച്ച 20 ഓളം പേരടങ്ങുന്ന സംഘം മുഹമ്മദ് ഖുറൈഷിയേയും (60) മകന്‍ മുഹമ്മദ് അനസിനെയും (16) വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ഹനുമാന്‍ ജയന്തി ദിവസം ബീഫ് വില്പന നടത്തിയെന്നാരോപിച്ചായിരുന്നു ആക്രമണം.

ഇറച്ചി പൊതികള്‍ തുറപ്പിക്കുകയും മര്‍ദിക്കുന്നതിനിടയില്‍ ജയ്ശ്രീരാം, ജയ് ശിവജി തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം.

ഇരകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തതായും പൊലീസ് അറിയിച്ചു.

പ്രതികളായ നാലോ അഞ്ചോ പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മറ്റുളളവര്‍ക്കായി വീഡിയോ പരിശോധിച്ച് വരികയാണെന്നും ഇബ്രാഹീം പട്ടണം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറഞ്ഞു.

Content Highlight: Hindu mob attacks Muslim elderly man and his son on charges of selling beef on Hanuman Jayanti

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more