| Sunday, 22nd March 2026, 7:06 pm

ഹിന്ദു എം.എല്‍.എ പരാമര്‍ശം; ഗോപാലകൃഷ്ണനെതിരെ കേസ്

ആദര്‍ശ് എം.കെ.

തൃശൂര്‍: ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഗുരുവായൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഡ്വ. ബി ഗോപാലകൃഷ്ണനെതിരെ ഗുരുവായൂര്‍ പൊലീസ് കേസെടുത്തു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കറുടെ നിര്‍ദേശപ്രകാരം തൃശൂര്‍ ജില്ലാകളക്ടറുടേതാണ് നടപടി.

1951ലെ 123 (3) വകുപ്പ് പ്രകാരവും ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരവുമാണ് കേസ്.

തെരഞ്ഞെടുപ്പില്‍ ജാതി അല്ലെങ്കില്‍ സാമുദായിക വികാരങ്ങള്‍ ഉപയോഗിച്ച് വോട്ട് ചോദിക്കുന്നത് നിയമവിരുദ്ധമാണ്. പള്ളികള്‍, ക്ഷേത്രങ്ങള്‍ അല്ലെങ്കില്‍ മറ്റ് ആരാധനാലയങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള വേദിയായി ഉപയോഗിക്കരുത് എന്ന മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന നിരീക്ഷണത്തിന് പിന്നാലെയാണ് നടപടി.

തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം പ്രസ്തുത വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തു. ഗുരവായൂര്‍ ടെമ്പിള്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യ ഉണ്ടായിട്ടും കഴിഞ്ഞ 50 വര്‍ഷമായി ഇടത്-വലത് മുന്നണികള്‍ ഗുരുവായൂരില്‍ ഒരു ഹിന്ദു എം.എല്‍.എയെ പോലും നിയമസഭയിലേക്ക് തെരഞ്ഞെടുത്ത് അയച്ചിട്ടില്ലെന്നായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പറഞ്ഞത്.

കൊടുങ്ങല്ലൂരമ്മയുടെ നടയില്‍നിന്ന് താന്‍ ഗുരുവായൂരിലേക്ക് എത്തിയത് ഗുരുവായൂരപ്പന്റെ വിളി കേട്ടാണെന്നും ഈ വരവ് ഒരു നിയോഗമാണെന്നും പറഞ്ഞുകൊണ്ടാണ് ഗോപാലകൃഷ്ണന്‍ തന്റെ പ്രസ്താവന ആരംഭിക്കുന്നത്.

അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമായ ഗുരുവായൂരില്‍ എന്തുകൊണ്ട് ഹിന്ദു എം.എല്‍.എ ഉണ്ടായില്ലെന്നുമാണ് ഗോപാലകൃഷ്ണന്റെ ചോദ്യം. മലപ്പുറത്ത് സംവരണ മണ്ഡലങ്ങളില്‍ ഒഴികെ മറ്റൊരിടത്തും ഹൈന്ദവ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെ കാണാനില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ 50 വര്‍ഷമായി ഗുരുവായൂരപ്പന്റെ മണ്ണ് അമ്പലക്കൊള്ളക്കാരുടെയും അമ്പലവിരോധികളുടെയും വര്‍ഗീയ മതരാഷ്ട്ര വാദികളുടെയും തടവറയിലാണ്. ഇത്തരം ശക്തികളെ ആട്ടി ഓടിച്ച് ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയെ മോചിപ്പിക്കാനാണ് തന്നെ ഭഗവാന്‍ വിളിച്ചിരിക്കുന്നതെന്നും ഈ പോരാട്ടത്തില്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ തന്നോടൊപ്പം ഉണ്ടാകണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

സംഭവത്തില്‍ സി.പി.ഐ.എമ്മും കെ.എസ്.യുവും ഗോപാലകൃഷ്ണനെതിരെ പരാതി നല്‍കിയിരുന്നു.

Content highlight: Hindu MLA remark; Case filed against Gopalakrishnan

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more