| Wednesday, 29th May 2019, 9:56 am

സവര്‍ക്കറിന്റെ ജന്മദിന വാര്‍ഷികത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കത്തി സമ്മാനമായി നല്‍കി ഹിന്ദു മഹാസഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആഗ്ര: ഹിന്ദു മഹാസഭാ നേതാവ് വിനായക് ദാമോദര്‍ സവര്‍ക്കറിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ പത്താം ക്ലാസിലേയും പ്ലസ് വണ്ണിലേയും വിദ്യാര്‍ത്ഥികള്‍ക്ക് കത്തി സമ്മാനമായി നല്‍കി അഖില ഭാരതീയ ഹിന്ദു മഹാസഭ.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി നരേന്ദ്ര മോദി സവര്‍ക്കറിന്റെ സ്വപ്‌നത്തിന്റെ ആദ്യപടി നേടിക്കഴിഞ്ഞെന്നും കുട്ടികള്‍ക്ക് കത്തികളും ആയുധങ്ങളും സമ്മാനിച്ച് ഹിന്ദു സൈനികരെ വളര്‍ത്തിയെടുത്ത് സവര്‍ക്കറിന്റെ മറ്റൊരു സ്വപ്‌നം ഞങ്ങള്‍ പൂര്‍ത്തീകരിക്കുകയാണെന്നുമായിരുന്നു ഹിന്ദു മഹാസഭാ വക്താവ് അശോക് പാണ്ഡെ പറഞ്ഞത്.

ആയുധങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് പഠിക്കുന്നതിലൂടെ മാത്രമേ ഹിന്ദുക്കള്‍ക്ക് സ്വയം സംരക്ഷിക്കാനും രാജ്യത്തെ രക്ഷിക്കാനും കഴിയുകയുള്ളൂവെന്നും അശോക് പാണ്ഡെ പറഞ്ഞു.

ഹിന്ദുക്കള്‍ക്ക് കത്തി ഉപയോഗിച്ച് സ്വയം സംരക്ഷണം തീര്‍ക്കാനും പ്രത്യേകിച്ച് പുതിയ തലമുറയില്‍പ്പെട്ടവര്‍ക്ക് അത്തരത്തിലൊരു അധികാരം നല്‍കി അവരെ എല്ലാത്തിനും പ്രേരിപ്പിക്കുകയാണ് തങ്ങളെന്നും മഹാസഭാ ദേശീയ സെക്രട്ടറി പൂജാ ശകുന്‍ പറഞ്ഞു.

കത്തിക്കൊപ്പം ഭഗവത് ഗീതയുടെ ഒരു പതിപ്പ് കൂടി തങ്ങള്‍ കുട്ടികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും പഠനത്തിലും പരീക്ഷയിലും മികച്ച വിജയം കരസ്ഥമാക്കിയവര്‍ക്കാണ് ഇത്തരത്തില്‍ സമ്മാനങ്ങള്‍ നല്‍കിയതെന്നും പൂജാ ശകുന്‍ പറഞ്ഞു.

ശക്തരും സ്വതന്ത്രരുമാണെന്ന തോന്നല്‍ അവരിലുണ്ടാകണം. തങ്ങളുടെ സഹോദരിയേയും മകളേയും അല്ലെങ്കില്‍ ബന്ധുക്കളെയോ സംരക്ഷിക്കാന്‍ ആകുമെന്ന് അവര്‍ക്ക് തോന്നണം.

നിരവധി ആക്രമണങ്ങളാണ് ഇന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്നത്. സ്വന്തം സംരക്ഷണത്തിനായി കത്തിയുള്‍പ്പെടെയുള്ള ആയുധങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് അവരെ പഠിപ്പിക്കേണ്ടതുണ്ട്. – എന്നായിരുന്നു ചടങ്ങിന് ശേഷം പൂജാ ശകുന്‍ പറഞ്ഞത്.

ഇന്നലെ സവര്‍ക്കര്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. സവര്‍ക്കറുടെ 136ആം ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തെ സ്മരിച്ചുകൊണ്ടുള്ള വീഡിയോയും മോദി ട്വീറ്റ് ചെയ്തിരുന്നു.

‘വീരസവര്‍ക്കര്‍ ജയന്തിയില്‍ ഞങ്ങള്‍ അദ്ദേഹത്തെ വണങ്ങുന്നു. സുശക്തമായ ഭാരത സൃഷ്ടിക്ക് വേണ്ടി സന്ധിയില്ലാതെ പോരാടിയ വീര സവര്‍ക്കര്‍ ധീരതയുടെയും ദേശസ്‌നേഹത്തിന്റെയും അവതാരമാണ്. രാഷ്ട്രനിര്‍മ്മാണ പ്രക്രിയയ്ക്കായി ജീവിതം ഉഴിഞ്ഞു വെക്കാന്‍ നിരവധി പേര്‍ക്ക് പ്രചോദനമായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.’ എന്നായിരുന്നു നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചത്.

സവര്‍ക്കറെ വര്‍ണ്ണിക്കുന്ന ഒരു വീഡിയോയും മോദി ട്വിറ്ററില്‍ പങ്കു വെച്ചിരുന്നു.
നേരത്തെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തില്‍ ഗാന്ധി വധം പുനരാവിഷ്‌കരിച്ച് കൊണ്ട് അദ്ദേഹത്തിന്റെ ചിത്രത്തിന് നേരെ വെടിയുതിര്‍ത്തുകൊണ്ടുള്ള ഹിന്ദു മഹാസഭയുടെ നടപടി ഏറെ വിവാദമായിരുന്നു.

We use cookies to give you the best possible experience. Learn more