| Thursday, 19th June 2025, 9:06 am

ശ്രീരാമനെ അപമാനിച്ചെന്ന് ആരോപണം; മുസ്‌ലിം യുവാവിനെക്കൊണ്ട് ഹനുമാൻ ക്ഷേത്രത്തിൽ വെച്ച് മാപ്പ് പറയിപ്പിച്ച് തീവ്ര ഹിന്ദുത്വവാദികൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തർപ്രദേശിൽ ശ്രീരാമനെ അപമാനിച്ചെന്ന് ആരോപിച്ച് മുസ്‌ലിം യുവാവിനെകൊണ്ട് ക്ഷേത്രത്തിൽ വെച്ച് മാപ്പ് പറയിപ്പിച്ച് തീവ്ര ഹിന്ദുത്വവാദികൾ. നെറ്റിയിൽ നിർബന്ധിച്ച് തിലകം ചാർത്തിയാണ് യുവാവിനെക്കൊണ്ട് മാപ്പ് പറയിപ്പിച്ചത്.

ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലാണ് സംഭവം. ഹിന്ദു ദൈവമായ ശ്രീരാമനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അപമാനകരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് യാസിൻ എന്ന യുവാവിന് നേരെയാണ് തീവ്ര ഹിന്ദുത്വസംഘടനയായ ബജ്‌റംഗ്ദൾ അതിക്രമം നടത്തിയത്.

തീവ്ര ഹിന്ദുത്വവാദികളുടെ സംഘം യുവാവിന്റെ വീട്ടിലെത്തുകയും യുവാവിനെ ബലമായി വീട്ടിൽ നിന്നും അടുത്തുള്ള പ്രാദേശിക ഹനുമാൻ ക്ഷേത്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വെച്ച് യുവാവിന്റെ നെറ്റിയിൽ തിലകം ചാർത്തുകയും ഹനുമാന്റെ മുന്നിൽ വെച്ച് മാപ്പ് പറയാൻ നിർബന്ധിക്കുകയുമായിരുന്നു.

ഫത്തേപ്പൂർ നഗരത്തിലെ വെർമ ചൗരഹ പ്രദേശത്താണ് സംഭവം നടന്നത്. തുടക്കത്തിൽ യാസിൻ മാപ്പ് പറയാൻ വിസമ്മതിച്ചെങ്കിലും പിന്നീട് സമ്മതിച്ചെന്ന് ബജ്‌രംഗ്ദൾ പ്രവർത്തകർ പറയുന്നു. വീട്ടിലെത്തിയ സംഘത്തെ കണ്ട് ഭയന്ന യാസിന്റെ പങ്കാളി മാപ്പ് പറയാൻ നിർബന്ധിച്ചതോടെയാണ് യുവാവ് മാപ്പ് പറഞ്ഞതെന്നും ബജ്‌രംഗ്ദൾ പ്രവർത്തകർ പറഞ്ഞു.

വർമ ചൗരഹ ഹനുമാൻ ക്ഷേത്രത്തിൽ വെച്ചായിരുന്നു യാസിൻ ക്ഷമാപണം നടത്തിയത്. മാപ്പ് പറഞ്ഞ യുവാവിനെ പിന്നീട് ബജ്‌രംഗ്ദൾ പ്രവർത്തകർ വിട്ടയച്ചു.

Content Highlight: Hindu group forces man to apply tilak, apologise to Lord Ram for insulting post

We use cookies to give you the best possible experience. Learn more