ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ച ഹിന്ദി ഭാഷാ നയത്തില്‍ നിന്നു പ്രതിഷേധം ഭയന്നു കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും പിന്മാറി. സംസ്ഥാനങ്ങള്‍ക്ക് അവരുടെ മാതൃഭാഷ അനുസരിച്ച് ഏതെങ്കിലും മൂന്നു ഭാഷകള്‍ക്കു പ്രാധാന്യം നല്‍കാമെന്നും ഹിന്ദി വേണമെന്നു നിര്‍ബന്ധമില്ലെന്നും കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കി.
മാനവ വിഭവ ശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്കും 26 സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരും കേന്ദ്ര വിദ്യാഭ്യാസ ഉപദേശക ബോര്‍ഡുമായി (സി.എ.ബി.ഇ.) നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.
വിദ്യാഭ്യാസ സംബന്ധമായ കാര്യത്തില്‍ രാജ്യത്തു തീരുമാനമെടുക്കാന്‍ കഴിയുന്ന ഏറ്റവും ഉന്നത അതോറിറ്റിയാണ് സി.എ.ബി.ഇ.
ഭൂരിപക്ഷം സംസ്ഥാനങ്ങളും അവരുടെ മാതൃഭാഷ വേണമെന്നാണ് ആവശ്യപ്പെട്ടതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
‘സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ ആവശ്യത്തോട് അനുകൂലമായ സമീപനമാണു സ്വീകരിച്ചത്. ഹിന്ദി നിര്‍ബന്ധമായി തെരഞ്ഞെടുക്കേണ്ടെന്നും ഏതെങ്കിലും മൂന്നു ഭാഷകള്‍ മതിയെന്നും അതില്‍ അവരുടെ മാതൃഭാഷ ഉള്‍പ്പെടുത്താമെന്നും കേന്ദ്രം അവരോടു പറഞ്ഞിട്ടുണ്ട്.’- മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
നേരത്തേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ചില മന്ത്രിമാര്‍ കേന്ദ്രത്തെ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനത്തിലുള്ള അതൃപ്തി അറിയിച്ചിരുന്നു.
ഹിന്ദിക്ക് രാജ്യത്തെ ഒന്നിപ്പിക്കാന്‍ കഴിയുമെന്ന അമിത് ഷായുടെ പ്രസ്താവന തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും കടുത്ത പ്രതിഷേധമാണുയര്‍ത്തിയത്. തുടര്‍ന്ന് ഹിന്ദി അടിച്ചേല്‍പ്പിക്കില്ലെന്ന വിശദീകരണവുമായി ഷായ്ക്കു രംഗത്തെത്തേണ്ടി വന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അന്ന് ഷാ പറഞ്ഞത് ഇങ്ങനെയായിരുന്നു- ‘രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണ്. രാജ്യത്തിന് ഒരു പൊതു ഭാഷ വേണം. നമ്മുടെ സ്വാതന്ത്ര്യ സമര ഭടന്‍മാരുടെ ഭാഷയായ ഹിന്ദിയാണത്. ജനങ്ങള്‍ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് അതിന് സാധിക്കും. സര്‍ദാര്‍ വല്ലഭായ് പട്ടേലും മഹാത്മാ ഗാന്ധിയും സ്വപ്നം കണ്ട ഒരു രാജ്യം, ഒരു ഭാഷ എന്ന ലക്ഷ്യത്തിനായി ജനങ്ങള്‍ മുന്നിട്ടിറങ്ങണം’.
തന്റെ പ്രസ്താവന വിവാദമായതോടെ ഷാ നടത്തിയ വിശദീകരണം ഇങ്ങനെ- ‘മാതൃഭാഷയോടൊപ്പം രണ്ടാം ഭാഷയായി ഹിന്ദിയും പഠിക്കണമെന്നാണു പറഞ്ഞത്. ഞാനും ഹിന്ദി ഇതര സംസ്ഥാനമായ ഗുജറാത്ത് സ്വദേശിയാണ്. എന്തിലും രാഷ്ട്രീയം കാണുന്നവര്‍ക്ക് അങ്ങനെ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്.’