| Sunday, 18th January 2026, 11:15 am

ഹിന്ദി ഭാഷ ഒരു രാഷ്ട്രീയ പദ്ധതി; ഭിന്നിപ്പിക്കുന്നതിനുള്ള ഉപകരണമായി ഭാഷയെ മാറ്റുന്നു: എഴുത്തുകാരി ഗസാല വഹാബ്

നിഷാന. വി.വി

ന്യൂദല്‍ഹി: ഹിന്ദി ഭാഷയുടെ സൃഷ്ടി ഒരു രാഷ്ട്രീയ പദ്ധതിയാണെന്നും ഭിന്നിപ്പിക്കുന്നതിനുള്ള ഉപകരണമായി ഭാഷയെ ഉപയോഗിക്കുന്നുവെന്നും ആരോപണങ്ങളുമായി എഴുത്തുകാരി ഗസാല വഹാബ്.

ദി ഹിന്ദു സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗസാല.

‘ദി ഹിന്ദി ഹാര്‍ട്ട് ലാന്‍ഡ്: എ സ്റ്റഡി’ എന്ന തന്റെ പുസ്തകത്തെ കുറിച്ചുള്ള വിവരണത്തിനിടെയായിരുന്നു പരാമര്‍ശം.

ഭൂമിശാസ്ത്രപരവും രാഷ്ട്രീയവും സാമൂഹികവും ചരിത്രപരവുമായ വീക്ഷണകോണില്‍ നിന്ന് കൊണ്ടുള്ള ഹിന്ദി ഹൃദയഭൂമി എന്ന് പറയുന്ന പ്രദേശങ്ങളുടെ പ്രൊഫൈല്‍ ആണ് ഈ പുസ്തകം.

രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ബീഹാര്‍, ഛത്തീസ്ഗഢ്, എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഹിന്ദി ഹൃദയഭൂമി.

ഉത്തരേന്ത്യയിലെ ഹിന്ദി പ്രധാന ഭാഷയായി സംസാരിക്കുന്ന സംസ്ഥാനങ്ങളെയാണ് രാഷ്ട്രീയമായി ഹിന്ദി ഹൃദയഭൂമിയായി വിശേഷിപ്പിക്കാറുള്ളത്.

എന്നാല്‍ ഹരിയാന എന്തുകൊണ്ട് ഹിന്ദി ഹൃദയഭൂമിയില്‍ ഉള്‍പ്പെട്ടില്ലയെന്നുള്ള ചോദ്യത്തിന് ഹിന്ദി വെറുമൊരു രാഷ്ട്രീയ അസ്തിത്വമല്ല മറിച്ച് ഒരു ഭൂമിശാസ്ത്രപരമായ അസ്തിത്വമാണെന്നായിരുന്നു ഗസാലയുടെ മറുപടി.

അതൊരു ഭാഷപരമായ അസ്തിത്വമല്ല, വാസ്തവത്തില്‍ ഭാഷയാണ് ഏറ്റവും കുറഞ്ഞ ഏകീകരണ തത്വം. ഹിന്ദി ഹൃദയ ഭൂമി അടിസ്ഥാനപരമായി ഇന്റോ-ഗംഗാ താഴ്‌വരയാണ്, എഴുത്തുകാരി പറഞ്ഞു.

ഹിന്ദി ഭാഷയുടെ നിര്‍മാണം ഒരു രാഷ്ട്രീയ പദ്ധതിയാണെന്നും ഭാഷയുടെ ജൈവികപരിണാമമായിരുന്നില്ലെന്നും ഗസാലി പറഞ്ഞു.

ഭാഷയുടെ നിര്‍മ്മാണത്തിന് നിരവധി ഘടകങ്ങളുണ്ടെന്നും അതില്‍ സാങ്കേതികവിദ്യ, വാണിജ്യ- അധിനിവേശപരമായുള്ള ആളുകളുടെ ഇടപെടല്‍ എന്നിവയാണ് പ്രധാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹിന്ദിയെ ആദ്യം ഇന്ത്യയിലെ ഹിന്ദുക്കളുടെ ഭാഷയായി സങ്കല്‍പ്പിച്ചത് ബ്രിട്ടീഷുകാരാണ്, എന്നാല്‍ വൈവിധ്യത്തില്‍ നിന്ന് ഐക്യം കണ്ടെത്താനുള്ള ദേശീയവാദികളുടെ ആഗ്രഹത്തില്‍ നിന്നാണ്
ഹിന്ദി ഭാഷ ഉയര്‍ന്നുവന്നത്. ഇംഗ്ലീഷിനും പേര്‍ഷ്യനും പകരമായി ഒരു ‘ദേശീയ ഭാഷ’ കണ്ടെത്താനുള്ള ശ്രമമായിരുന്നു അത്,’ ഗസാല വഹാബ് പറഞ്ഞു.

എന്നാല്‍ ഇന്ന് ഭാഷയെ ഭിന്നിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമായി ഉപയോഗിക്കുന്നുവെന്നും മുസ്‌ലിങ്ങളെയും ഹിന്ദുക്കളെയും തമ്മില്‍ അകറ്റി നിര്‍ത്താനുള്ള ഏറ്റവും എളുപ്പമുള്ള വഴിയായി അത് മാറിയെന്നും അവര്‍ ആരോപിച്ചു.

ബ്രിട്ടീഷുകാര്‍ ഇന്ത്യയിലേക്ക് വരുന്നതതിന് മുന്‍പ് യു.പി, ബിഹാര്‍ മേഖലകള്‍ ഇന്ത്യയിലെ എന്നല്ല മുഴുവന്‍ ദക്ഷിണേഷ്യന്‍ മേഖലയിലെയും ഏറ്റവും സമ്പന്ന പ്രദേശങ്ങളായിരുന്നു വെന്നും ഈ മേഖലയിലെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണം കൊളോണിയലിസമാണെന്നും ഗസാല കൂട്ടിച്ചേര്‍ത്തു.

Content Highlight: Hindi language a political project; Language is being turned into a tool for division: Writer Ghazala Wahab

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more