ബ്രസല്‍സ്: ഗസയിലെ യുദ്ധക്കുറ്റകൃത്യങ്ങളില്‍ പങ്കാളിത്തമുള്ളതായി കരുതുന്ന ഇസ്രഈല്‍ സെനികന് ലിഡോര് ഡഫ്നയ്ക്കെതിരെ ‘ഹിന്ദ് റജബ് ഫൗണ്ടേഷന്’ (എച്ച്.ആര്.എഫ്) യു.കെ അധികൃതര്‍ക്ക് ക്രിമിനല്‍ പരാതി നല്കി. യുദ്ധക്കുറ്റങ്ങള്‍, മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങള്‍, വംശഹത്യ എന്നിവയുമായി ബന്ധപ്പെട്ടാണ് പരാതി.
ഇസ്രഈല്‍ സേനയുടെ ഏഴാം ആംഡ് ബ്രിഗേഡിന്റെ 603-ാം കോംബാറ്റ് എന്‍ജിനീയറിംഗ് ബറ്റാലിയനില്‍ ‘ഡി9’ കവചിത ബുള്‍ഡോസര്‍ ഓപ്പറേറ്ററായി സേവനമനുഷ്ഠിക്കുന്ന റിസര്‍വിസ്റ്റ് സൈനികനാണ് ഡഫ്നയെന്ന് എച്ച്.ആര്.എഫിന്റെ പ്രസ്താവനയില്‍ പറയുന്നു. 2023 നവംബര്‍ മുതല്‍ ഗസയിലും ലെബനനിലും നടന്ന സൈനിക നടപടികളിലും ഡഫ്ന പങ്കെടുത്തു. ഇയാള്‍ നിലവില്‍ യുകെയിലുണ്ടെന്ന് വിശ്വസിക്കാന്‍ തക്ക കാരണങ്ങളുണ്ടെന്നും ഫൗണ്ടേഷന് വ്യക്തമാക്കി.
ഖാന് യൂനിസിനും റഫയ്ക്കും ഇടയിലുള്ള ‘മോറാഗ് ഇടനാഴി’യിലെ ‘ഗ്രേറ്റ് ഓഷ്യന്‍ മില്‍സ്’ എന്ന വ്യാവസായിക കേന്ദ്രം തകര്‍ത്ത സൈനിക സംഘത്തില്‍ ഡഫ്നയുണ്ടെന്ന് കരുതുന്നതായി എച്ച്.ആര്.എഫ് അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ ഡഫ്ന തന്നെ പങ്കുവെച്ച ദൃശ്യങ്ങളില്‍, ഒരു ബുള്‍ഡോസര്‍ ഉപയോഗിച്ച് ഈ കേന്ദ്രത്തിലെ ഗോതമ്പ് സംഭരണശാലകള്‍ തകര്‍ക്കുന്നത് കാണാമെന്നും ഫൗണ്ടേഷന് ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് ഇസ്രായേലി സൈന്യം ഈ കെട്ടിടം പിടിച്ചെടുത്ത് ഒരു സൈനിക താവളമാക്കി മാറ്റി. സമീപത്തുള്ള ‘ഗാസ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്’ കേന്ദ്രത്തില്‍ നിന്ന് ഭക്ഷ്യസഹായം തേടിയെത്തിയ ഫലസ്തീനികള്‍ക്ക് നേരെ ഇവിടെ നിന്ന് വെടിയുതിര്‍ത്തതായും റിപ്പോര്ട്ടുകളുണ്ടായിരുന്നെന്നും എച്ച്.ആര്.എഫിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഡഫ്നയ്ക്കെതിരെ അന്വേഷണം നടത്താനും അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനും ഫൗണ്ടേഷന് ബ്രിട്ടീഷ് അധികൃതരോട് ആവശ്യപ്പെട്ടു. നാലാം ജനീവ കണ്‍വെന്‍ഷനിലെ ഗുരുതരമായ ലംഘനങ്ങള്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തികളെ കണ്ടെത്താന്‍ രാഷ്ട്രങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.
Content Highlight: Hind Rajab Foundation files UK criminal complaint against Israeli soldier over Gaza war crimes