| Sunday, 8th February 2026, 7:27 pm

ഗൊഗോയ് പാക് ചാരനെന്ന് ആവര്‍ത്തിച്ച് ഹിമന്ത; അസം മുഖ്യമന്ത്രി സ്വയം നാണംകെടുകയാണെന്ന് മറുപടി

രാഗേന്ദു. പി.ആര്‍

ഗുവാഹത്തി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ എം.പിയുമായ ഗൗരവ് ഗൊഗോയ്ക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് ആവര്‍ത്തിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഗൊഗോയ്‌യുടെ പാക് ബന്ധത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം നടത്തണമെന്നും ഹിമന്ത ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പാക് ഹൈക്കമ്മീഷനറുമാരും ചില പാക് പൗരന്മാരുമായും ഗൊഗോയ്ക്ക് ബന്ധമുണ്ടെന്നാണ് ഹിമന്തയുടെ ആരോപണം. അസമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ഗൊഗോയ്ക്ക് പാക് ബന്ധമുണ്ടെന്ന് ഹിമന്ത വീണ്ടും ആവര്‍ത്തിക്കുന്നത്.

പാക് ഹൈക്കമ്മീഷനില്‍ സന്ദര്‍ശിച്ച ഗൊഗോയ്‌യുടെ ചിത്രവും അദ്ദേഹവുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ചില പാക് പൗരന്മാരുടെ ചിത്രങ്ങളും ഹിമന്ത പത്രസമ്മേളനത്തില്‍ പുറത്തുവിട്ടു. അലി തൗഖീര്‍ ഷെയ്ഖ് എന്ന പാക് പൗരന്‍ യു.പി.എ ഭരണകാലത്ത് 13 തവണ അസം സന്ദര്‍ശിച്ചുവെന്നും ഹിമന്ത പറഞ്ഞു.

അസമില്‍ പാകിസ്ഥാനുമായി ബന്ധമുള്ളത് ഗൊഗോയ്ക്കും അദ്ദേഹത്തിന്റെ പങ്കാളി എലിസബത്ത് ഗൊഗോയ്ക്കും മാത്രമാണെന്നും ഹിമന്ത ആരോപിച്ചു. എലിസബത്ത് പാക് ചാരസംഘടനയായ ഐ.എസ്.ഐയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്.

2010 മുതല്‍ 2013 വരെയുള്ള കാലയളവിലാണ് തൗഖീര്‍ ഷെയ്ഖ് ഇന്ത്യ സന്ദര്‍ശിച്ചത്. തൗഖീറിന്റെ ശമ്പളം വാങ്ങിയിരുന്ന എലിസബത്ത് പാകിസ്ഥാന് വേണ്ടി ജോലി ചെയ്തുവെന്നും ഹിമന്തയുടെ നേതൃത്വത്തിലുള്ള അസമിലെ ബി.ജെ.പി സര്‍ക്കാര്‍ ആരോപിക്കുന്നു.

എന്നാല്‍ ഹിമന്തയുടെ ആരോപണങ്ങള്‍ നിഷേധിച്ച ഗൗരവ് ഗൊഗോയ്, അസം മുഖ്യമന്ത്രി പ്രാദേശിക-ദേശീയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്വയം നാണംകെടുകയാണെന്ന് പ്രതികരിച്ചു. രണ്ടരമണിക്കൂര്‍ നേരം പത്രസമ്മേളനം നടത്തിയിട്ടും മുഖ്യമന്ത്രിയുടെ മുന്നിലിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ ബോധ്യപ്പെട്ടിട്ടില്ലെന്നും ഗൊഗോയ് പറഞ്ഞു.

അസമിലെ ആരും തന്നെ ഹിമന്തയുടെ വാക്കുകള്‍ ഗൗരവമായി എടുക്കുന്നില്ലെന്നും ഗൊഗോയ് എക്സില്‍ എഴുതി. കൂടാതെ, സംസ്ഥാനത്തെ 4000 ഏക്കര്‍ ഭൂമി എങ്ങനെയാണ് ഹിമന്ത സ്വന്തമാക്കിയതെന്നും ഗൗരവ് ചോദ്യമുയര്‍ത്തി.

കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ഈ ഭൂമി പിടിച്ചെടുത്ത് ദരിദ്രര്‍ക്കും ഭൂരഹിതര്‍ക്കും നല്‍കുമെന്നും ഗൊഗോയ് പറഞ്ഞു.

Content Highlight: Himanta says Gaurav Gogoi has links with Pakistan

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more