| Tuesday, 10th March 2026, 3:50 pm

നാലുവരി പാതയും ഒരേ വശത്തേക്ക് പോകുന്ന വാഹനങ്ങളും; അസമിലെ റോഡെന്ന് അവകാശപ്പെട്ട് ഹിമന്തയുടെ എ.ഐ വീഡിയോ, ട്രോള്‍

രാഗേന്ദു. പി.ആര്‍

ഗുവാഹത്തി: ട്രോളിന് ഇരയായി അസമിലെ റോഡുകളെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പങ്കുവെച്ച വീഡിയോ. 26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയാണ് ഹിമന്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെച്ചിരിക്കുന്നത്.

ഹിമന്ത ബിശ്വ ശര്‍മ

എന്നാല്‍ ഈ വീഡിയോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ഹിമന്തയുടെ എക്‌സ് പോസ്റ്റിന് താഴെ ഇത്തരത്തില്‍ നിരവധി കമന്റുകളാണ് വരുന്നത്.

വീഡിയോയില്‍ നാലുവരി പാതയാണ് കാണാന്‍ സാധിക്കുന്നത്. എന്നാല്‍ നാല് പാതയിലും ഒരേ വശത്തേക്കാണ് വാഹനങ്ങള്‍ പോകുന്നത്. ഇടയ്ക്ക് ഒരു വരിപാതയില്‍ രണ്ട് വശങ്ങളിലേക്കും വാഹനങ്ങള്‍ പോകുന്നുണ്ട്.

തരിശുഭൂമിയെന്നും വയലെന്നും തോന്നിക്കുന്ന ദൃശ്യങ്ങളാണ് റോഡിന് ഇരുവശത്തുമായും കാണുന്നത്. പക്ഷെ ഇതുപോലൊരു റോഡ് ഹിമന്ത മുഖ്യമന്ത്രി ആയിരിക്കുന്ന അസമില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി, സംസ്ഥാനത്തെ ഏതാനും റോഡുകളുടെ ചിത്രങ്ങളും ചിലര്‍ പങ്കുവെക്കുന്നുണ്ട്.

ഗ്രോക്, ചാറ്റ് ജിപിടി, ജെമിനി തുടങ്ങിയ എ.ഐ പ്ലാറ്റ്ഫോമുകളെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് പലരും പ്രതികരിക്കുന്നത്.

എന്തുകൊണ്ടാണ് എല്ലാ വാഹനങ്ങളും ഒരേ വശത്തേക്ക് പോകുന്നത്, ടോള്‍ പ്ലാസ ഇല്ലാത്തതിന് നന്ദി, വീഡിയോയ്ക്ക് ശബ്ദം കുറവാണല്ലോ, റേസിങ് നടത്താല്ലോ തുടങ്ങിയ കമന്റുകളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

ചിലര്‍ ഹിമന്ത പങ്കുവെച്ച അതേ വീഡിയോ പോസ്റ്റ് ചെയ്ത് അസമിലെ ബി.ജെ.പി സര്‍ക്കാരിനെ അഭിനന്ദിക്കുകയാണ്.

ഈ പോസ്റ്റിന് പിന്നാലെ അസമിലെ മറ്റു പല വികസനങ്ങളും ഹിമന്ത പങ്കുവെച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഫ്‌ലൈ ഓവറുകളും സയന്‍സ് സിറ്റിയുടെ ചിത്രങ്ങളുമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

Content Highlight: Himanta’s AI video claims to be a road in Assam, viral

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more