| Saturday, 21st March 2026, 3:32 pm

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹിമന്ത ബിശ്വ ശര്‍മയുടെയും പങ്കാളിയുടെയും സമ്പത്ത് ഇരട്ടിയായി; റിപ്പോര്‍ട്ട്

അനിത സി

ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെയും പങ്കാളിയുടെയും സമ്പത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇരട്ടിയായി വര്‍ധിച്ചെന്ന് റിപ്പോര്‍ട്ടുകള്‍.

അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍.

സത്യവാങ്മൂലം പ്രകാരം ഹിമന്തയുടെയും കുടുംബത്തിന്റെയും ആസ്തി 35.15 കോടി രൂപയായി ഉയര്‍ന്നു. 2021ലെ തെരഞ്ഞെടുപ്പ് കാലത്ത് ഇത് 17.27 കോടി രൂപയായിരുന്നു. 2006 തെരഞ്ഞെടുപ്പ് കാലത്തെ സത്യവാങ്മൂലത്തില്‍ 6.38 കോടി രൂപ മാത്രമായിരുന്നു. പത്ത് വര്‍ഷത്തിനിടെ ആറിരട്ടിയോളമാണ് സമ്പത്തില്‍ വര്‍ധനവുണ്ടായതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇത്തവണത്തെ സത്യവാങ്മൂലത്തില്‍ ഹിമന്തയ്ക്ക് നാല് ബാങ്ക് അക്കൗണ്ടുകളിലായി  70.28 ലക്ഷം രൂപ പണമായും 1.41 കോടി രൂപയുടെ വായ്പകളും ഉള്‍പ്പെടെ ആകെ 2.36 കോടിയുടെ ജംഗമ ആസ്തിയുണ്ട്. രേഖകള്‍ പ്രകാരം ഈ തുകയില്‍ 78.24 ലക്ഷം രൂപ പങ്കാളിയായ റിനികി ഭൂയാന്‍ ശര്‍മക്ക് കടമായി നല്‍കിയിരിക്കുകയാണ്.

റിനികിയുടെ കൈവശം 13.54 കോടി രൂപയുടെ ജംഗമ ആസ്തികളുണ്ട്. ഇതില്‍ 3.16 ലക്ഷം രൂപ പണമായും 74.85 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവുമുണ്ട്.

 നിലവിലെ വിപണി മൂല്യപ്രകാരം 25.10 ലക്ഷം രൂപ വിലമതിക്കുന്ന 180 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ പങ്കാളിയുടെ കൈവശഷം സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ, ലിസ്റ്റ് ചെയ്യാത്ത ഒരു കമ്പനിയില്‍ 2.74 കോടി രൂപയുടെ ഓഹരികള്‍, 2.32 കോടി രൂപ മ്യൂച്വല്‍ ഫണ്ടുകള്‍, 1.77 കോടി രൂപയുടെ സറണ്ടര്‍ മൂല്യമുള്ള ഇന്‍ഷുറന്‍സ് പോളിസി എന്നിവയും റിനികയുടെ പേരിലുണ്ട്.

3.69 കോടി രൂപയില്‍ കൂടുതല്‍ ഇവര്‍ വായ്പയായി നല്‍കിയിട്ടുണ്ട്, 21.60 ലക്ഷം രൂപ വിലമതിക്കുന്ന ഒരു എസ്.യു.വി സ്വന്തമായുണ്ട്. നിലവിലെ വിപണി മൂല്യത്തില്‍ 2.03 കോടി രൂപ വിലമതിക്കുന്ന 1.45 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും സ്വന്തമായിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.

അതേസമയം, സ്ഥാവര വിഭാഗത്തില്‍, ഹിമന്തയ്ക്കും റിനികിക്കും കൃഷിഭൂമിയില്ല, മുഖ്യമന്ത്രിയുടെ പേരില്‍ കാര്‍ഷികേതര ഭൂമിയുമില്ലെന്നും സത്യാവാങ്മൂലത്തില്‍ പറയുന്നു. 2001 മുതല്‍ ഹിമന്ത ബിശ്വ ശര്‍മ ജലുക്ബാരി മണ്ഡലത്തില്‍ നിന്നുമാണ് ജനവിധി തേടുന്നത്.

Content Highlight: Himanta Biswa Sarma and his partner’s wealth has doubled in the last five years: Report

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more