| Monday, 4th May 2026, 11:51 am

ബി.ജെ.പി വിരുദ്ധ മുഖ്യമന്ത്രിമാര്‍ കാലിടറിയപ്പോള്‍ കുലുങ്ങാതെ അസം മുഖ്യമന്ത്രി; അസമില്‍ ഹിമന്ത തരംഗം

ആദർശ് എം.കെ.

ദിസ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അസമില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് മുന്നേറ്റം. തെരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളില്‍ ഭരണപക്ഷം പിന്നില്‍ നില്‍ക്കുമ്പോള്‍ അധികാരം നിലനിര്‍ത്തുന്നത് അസമില്‍ മാത്രമാണ്.

കേരളത്തിലും തമിഴ്‌നാട്ടിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍ക്കടക്കം കാലിടറിയപ്പോള്‍ അസമില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ 15,000ലധികം വോട്ടിന് മുന്നിട്ട് നില്‍ക്കുകയാണ്.

ആകെയുള്ള 126 സീറ്റുകളില്‍ 80ലും ബി.ജെ.പി മുന്നിട്ട് നില്‍ക്കുകയാണ്. 24 സീറ്റുകളുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് രണ്ടാമത്.

സംസ്ഥാനത്ത് ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷികളായ ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് (ബി.ഒ.ഡി.എഫ്) പത്ത് സീറ്റുകളിലും അസം ഗണ പരിഷദ് ഒമ്പത് സീറ്റുകളിലും വ്യക്തമായ ലീഡ് സ്വന്തമാക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ശക്തമായ പ്രതിപക്ഷം പോലുമില്ലാതെ അസമില്‍ ബി.ജെ.പി സഖ്യം ഒരിക്കല്‍ക്കൂടി അധികാരമേറും.

അതേസമയം, കേരളത്തില്‍ പിണറായി വിജയന്‍, തമിഴ്നാട്ടില്‍ എം.കെ സ്റ്റാലിന്‍, പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി എന്നിവരാണ് നിലവില്‍ പിന്നില്‍ തന്നെ തുടരുകയാണ്. തങ്ങളുടെ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലാണ് മൂവര്‍ക്കും കാലിടറിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

മുഖ്യമന്ത്രിമാര്‍ മാത്രമല്ല മിക്ക മന്ത്രിമാരും നിലവില്‍ ഈ സംസ്ഥാനങ്ങളില്‍ പിന്നിലാണ്. കേരളത്തില്‍ നിലവില്‍ യു.ഡി.എഫ് 95 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ എല്‍.ഡി.എഫ് 42 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.

തമിഴ്നാട്ടില്‍ നിലവില്‍ 104 സീറ്റുകളില്‍ വിജയ് യുടെ ടി.വി.കെ മുന്നിട്ട് നില്‍ക്കുകയാണ്. പാര്‍ട്ടി അധ്യക്ഷന്‍ വിജയ് മത്സരിക്കുന്ന രണ്ട് സീറ്റുകളിലും ആധിപത്യം പുലര്‍ത്തുമ്പോള്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ അടക്കമുള്ള മന്ത്രിമാര്‍ക്കും തമിഴ് മണ്ണില്‍ കാലിടറുകയാണ്.

നിലവില്‍ അണ്ണാ ഡി.എം.കെ 64 സീറ്റിലും ഡി.എം.കെ 40 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

ബംഗാളില്‍ ബി.ജെ.പി 134 സീറ്റുകളില്‍ മുന്നേറുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് 72ലേക്ക് വീണിരിക്കുകയാണ്.

Content Highlight: Himanta Biswa Sarma and BJP leads in Assam

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more