ഡിസ്‌പുർ: അസമിൽ രണ്ടാംതവണയും മുഖ്യമന്ത്രിയാവാൻ ഹിമന്ത ബിശ്വ ശർമ. ഇന്നലെ (ഞായർ) ചേർന്ന എൻ.ഡി.എ യോഗത്തിലാണ് ഹിമന്തയെ നിയമസഭാ നേതാവായി തെരഞ്ഞെടുത്തത്. നാളെ സത്യപ്രതിജ്ഞ നടക്കും.
അസം നിയമസഭാ തെരഞ്ഞെടുപ്പിന്റെ കോ-ഒബ്സർവർമാരായി നിയമിതരായ കേന്ദ്രമന്ത്രി ജെ.പി നദ്ദയും ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനിയും പങ്കെടുത്ത യോഗത്തിൽ എട്ട് എം.എൽ.എമാർ ശർമയുടെ പേര് നിർദേശിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നെന്ന് യോഗത്തിന് ശേഷം നദ്ദ പറഞ്ഞു.
യോഗത്തിന് ശേഷം പുതിയ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഹിമന്ത ബിശ്വ ശർമ അസം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയെ ലോക് ഭവനിലെത്തി സന്ദർശിച്ചു. തെരഞ്ഞെടുക്കപ്പെട്ട 102 എൻ.ഡി.എ എം.എൽ.എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് അദ്ദേഹം ഗവർണറെ അറിയിച്ചു. മുൻ കേന്ദ്രമന്ത്രി രാമേശ്വർ തേലി, സഖ്യകക്ഷികളായ എ.ജി.പി.യുടെ അതുൽ ബോറ, ബി.പി.എഫിന്റെ റിഹോൺ ദൈമാരി എന്നിവരും ഗവർണറെ കാണാൻ എത്തിയിരുന്നു.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ദിവസങ്ങൾക്കുള്ളിൽ തന്നെ ബി.ജെ.പിക്ക് അസമിൽ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി. 2021 ൽ വലിയ അനിശ്ചിതത്തിനൊടുവിലാണ് ഹിമന്തയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. 2016 ൽ ബി.ജെ.പിയെ ആദ്യമായി അസമിൽ അധികാരത്തിലെത്തിച്ച മുഖ്യമന്ത്രിയായ സർബാനന്ദ സോനോവാളും ഹിമന്തയും തമ്മിലായിരുന്നു പ്രധാന മത്സരം. ഇത്തവണ പ്രചാരണത്തിലുടനീളം പാർട്ടിയുടെ പ്രധാന മുഖം ഹിമന്ത ബിശ്വ ശർമതന്നെയായിരുന്നു.
സംസ്ഥാനത്തെ ബി.ജെ.പി സഖ്യത്തിന്റെ ഏറ്റവും വലിയ വിജയത്തിനാണ് ഇത്തവണ അസം സാക്ഷ്യം വഹിച്ചത്. 126 അംഗങ്ങളുള്ള നിയമസഭയിൽ ബി.ജെ.പി 82 സീറ്റുകൾ നേടിയപ്പോൾ സഖ്യകക്ഷികളായ എ.ജി.പി, ബി.പി.എഫ് എന്നിവർ 10 സീറ്റുകൾ വീതം നേടി. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് 19 സീറ്റിലൊതുങ്ങി. റൈജോർ ദൾ, എ.ഐ.യു.ഡി.എഫ് എന്നിവർക്ക് രണ്ട് സീറ്റുകൾ വീതവും തൃണമൂൽ കോൺഗ്രസിന് ഒരു സീറ്റുമാണ് ലഭിച്ചത്.
Content Highlight: Himanta Biswa Sarkar is the Chief Minister in Assam; oath-taking tomorrow