| Monday, 22nd December 2025, 7:13 am

ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു; 47 മരുന്നുകള്‍ തിരിച്ചുവിളിക്കാന്‍ ഉത്തരവിട്ട് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍

രാഗേന്ദു. പി.ആര്‍

ഷിംല: സംസ്ഥാനത്ത് നിര്‍മിച്ച 47 മരുന്നുകള്‍ വിപണികളില്‍ നിന്ന് തിരിച്ചുവിളിക്കാന്‍ ഉത്തരവിട്ട് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

പനി, പ്രമേഹം, പേശിവലിവ് തുടങ്ങിയവ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകളാണ് ഹിമാചലില്‍ നിര്‍മിച്ചത്.

ഗുണനിലവാരമില്ലാത്ത ഈ മരുന്നുകള്‍ എത്രയും വേഗം തിരിച്ചെടുക്കണമെന്ന് ബന്ധപ്പെട്ട മെഡിസിന്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സ്റ്റോക്കുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശിച്ച് മരുന്ന് കമ്പനികള്‍ക്ക് നോട്ടീസ് അയച്ചതായി സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ മനീഷ് കപൂര്‍ അറിയിച്ചു.

കമ്പനികളോട് വിശദീകരണം തേടിയിട്ടുണ്ടെന്നും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും മനീഷ് കപൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഹിമാചലില്‍ നിര്‍മിച്ച പാരസെറ്റമോള്‍, ക്ലോപ്പിഡോഗ്രല്‍, ആസ്പിരിന്‍, മെറ്റ്‌ഫോര്‍മിന്‍, റാമിപ്രില്‍, സോഡിയം വാല്‍പ്രോട്ട്, മെബെവെറിന്‍ ഹൈഡ്രോക്ലോറൈഡ് എന്നീ മരുന്നുകളാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്.

പരിശോധനയ്ക്ക് അയച്ച സാമ്പിളുകളില്‍ 28 എണ്ണം സോളാര്‍ ജില്ലയില്‍ നിന്നും 18 എണ്ണം സിര്‍മൗറില്‍ നിന്നും ഒന്ന് ഉനയില്‍ നിന്നുമാണെന്നാണ് വിവരം.

135 സാമ്പിളുകളാണ് ഹിമാചലില്‍ നിന്നും മാത്രമായി പരിശോധിച്ചത്. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളാണ് ഈ സാമ്പിളുകള്‍ ശേഖരിച്ചത്. നവംബറില്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ സംസ്ഥാനത്തെ 65 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.

മാത്രമല്ല, രാജ്യത്തുടനീളമായി പരിശോധനയ്ക്ക് വിധേയമാക്കിയ സാമ്പിളുകളില്‍ 200 എണ്ണം ഗുണനിലവാരം ഇല്ലാത്തതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗുണനിലവാര പരിശോധനയില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ഹിമാചല്‍ പ്രദേശ് ആരോഗ്യമന്ത്രി ധനി റാം ഷാന്‍ഡില്‍ നേരത്തെ പറഞ്ഞിരുന്നു.

മാര്‍ച്ചില്‍ സംസ്ഥാനത്തെ ഒന്നിലധികം മരുന്ന് കമ്പനികള്‍ സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്ര മരുന്ന് നിയന്ത്രണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: Himachal Pradesh government orders recall of 47 medicines after failing quality tests

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more