ഷിംല: സോണിയ ഗാന്ധിക്കെതിരായ പരാമർശത്തിൽ ബി.ജെ.പി എം.പി കങ്കണ റണാവത്തിനെതിരെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വീന്ദർ സിംഗ് സുഖു നരേഷ് ചൗഹാൻ.
കങ്കണ റണാവത്തിന്റെ പ്രസ്താവനകൾ ഹിമാചൽ പ്രദേശിന്റെ സാംസ്കാരിക ധാർമികതയുമായി ചേരാത്തതെന്ന് നരേഷ് ചൗഹാൻ പറഞ്ഞു. ഇത്തരം പ്രസ്താവനകൾ സംസ്ഥാനത്തെ ജനങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷിംല പൊലീസ് കങ്കണ റണാവത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനോട് പ്രതികരിച്ചുകൊണ്ട് എ.എൻ.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം വിവാദം ഒറ്റപ്പെട്ട സംഭവമല്ലെന്നും ഹിമാചൽ പ്രദേശിലെ നിരവധി ബി.ജെ.പി നേതാക്കൾക്ക് എം.പിയുടെ ആവർത്തിച്ചുള്ള വിവാദ പ്രസ്താവനകളിൽ അസ്വസ്ഥതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘സോണിയ ഗാന്ധിക്കെതിരായ അവരുടെ പരാമർശങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹവും അനുചിതവുമായിരുന്നു. ഒരു സ്ത്രീക്ക് ഇത്തരത്തിൽ ചിന്തിക്കാനും സ്വയം പ്രകടിപ്പിക്കാനും കഴിയുന്നത് ആശ്ചര്യകരമാണ്. ഇത്തരം പ്രസ്താവനകൾ ഹിമാചൽ പ്രദേശിന്റെ സാംസ്കാരിക മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല, ബി.ജെ.പിക്കുള്ളിലെ ആളുകൾക്ക് പോലും അത് ഇഷ്ടമല്ല.’ ചൗഹാൻ പറഞ്ഞു.
കങ്കണയുടെ ആവർത്തിച്ചുള്ള വിവാദ പ്രസ്താവനകൾ പ്രശസ്തി നേടുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും സംസ്ഥാനത്തെ ജനങ്ങൾ അത്തരം രാഷ്ട്രീയ തന്ത്രങ്ങൾ മനസിലാക്കാൻ പക്വതയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഒരാൾ ഒരു പരാതിയുമായി വന്നാൽ നടപടിയെടുക്കാൻ നിയമപ്രകാരം വ്യവസ്ഥകളുണ്ട്. പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെതിട്ടുണ്ട് അന്വേഷണം നടത്തും. എന്നാൽ കങ്കണ റണാവത്തിന്റെ പ്രസ്താവനകളോട് യോജിക്കുന്നുണ്ടോ എന്ന് ബി.ജെ.പി ആദ്യം വ്യക്തമാക്കണം.’ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.
മാണ്ഡിയിൽ നിന്നും കാങ്കണ റണാവത്തിനെ മത്സരിപ്പിക്കാനുള്ള ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനത്തെയും അദ്ദേഹം ചോദ്യം ചെയ്തു.
‘അവർക്ക് ടിക്കറ്റ് നൽകുന്നതിനുള്ള കാരണമായ രാഷ്ട്രീയ പശ്ചാത്തലം എന്തായിരുന്നു. അവർ സിനിമ മേഖലയിൽ നിന്നാണ്, എന്നാൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതിന് പിന്നിലെ യുക്തി എന്തായിരുന്നു? അവർ എം.പിയായിരുന്ന കാലത്ത് ഹിമാചൽ പ്രദേശിൽ ഗുരുതരമായ വെല്ലുവിളികൾ നേരിട്ടപ്പോൾ അവർ എന്ത് ചെയ്തു? കൂടുതലും വിവാദങ്ങൾ ഉണ്ടാക്കിയത് കണ്ടിട്ടുണ്ട്,’ ചൗഹാൻ പറഞ്ഞു
പ്രകൃതി ദുരന്തങ്ങളെത്തുടർന്ന് സംസ്ഥാനം നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ദുരന്ത സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി 1500 കോടി രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. പക്ഷെ ആ പണം സംസ്ഥാന സർക്കാരിൽ എത്തിയിട്ടില്ല. ഹിമാചൽ പ്രദേശുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളുണ്ട്. ജനങ്ങൾക്ക് വേണ്ടി ഈ കാര്യങ്ങൾ ഉന്നയിക്കുകയും ചെയ്യേണ്ടത് ഒരു എം.പിയുടെ ഉത്തരവാദിത്തമാണ്.’ ചൗഹാൻ പറഞ്ഞു.
നവംബർ 10ന് കങ്കണയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റുകൾക്കെതിരെയാണ് നടപടി. നവംബർ 12 ന് ഷിംല നിവാസിയായ ക്യാപ്റ്റൻ അതുൽ ശർമ്മയാണ് കങ്കണ റണാവത്തിനെരെ ഹിമാചൽ പ്രദേശ് ഡയറക്ടർ ജനറലിന് പരാതി നൽകിയത്.
മുൻ പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കോൺഗ്രസ് നേതാവ് സഞ്ജയ് ഗാന്ധി എന്നിവരുടെ മരണത്തെ കുറിച്ചും സോണിയ ഗാന്ധിയുടെ തുടർന്നുള്ള രാഷ്ട്രീയ ഉയർച്ചയെക്കുറിച്ചും ആക്ഷേപകരമായ പരാമർശങ്ങൾ പോസ്റ്റുകളിൽ അടങ്ങിയിട്ടുണ്ടെന്ന് പരാതിക്കാരൻ ആരോപിച്ചു.
മാനഷ്ടം, വിവിധ ഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഷിംല പൊലീസ് എഫ്. ഐ.ആർ രജിസ്റ്റർ ചെയ്തത്.
Content Highlight: Himachal Pradesh Chief Minister against BJP MP Kangana Ranaut over remarks about Sonia Gandhi