| Thursday, 26th February 2026, 7:41 am

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത ദല്‍ഹി പൊലീസിനെ കസ്റ്റഡിയിലെടുത്ത് ഹിമാചല്‍ പൊലീസ്; കോടതി വിട്ടയച്ചു, വീണ്ടും കസ്റ്റഡി

അനിത സി

ഷിംല: എ.ഐ ഇംപാക്ട് ഉച്ചകോടിയില്‍ പ്രതിഷേധം നടത്തിയെന്ന് ആരോപിച്ച് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഹിമാചല്‍ പ്രദേശിലെ ഷിംലയിലെത്തി കസ്റ്റഡിയില്‍ എടുത്ത് ദല്‍ഹി പൊലീസ്.

നിയമവിരുദ്ധമായാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച് ഹിമാചല്‍ പൊലീസ് 20 ഓളം വരുന്ന ദല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഇതോടെ ബുധനാഴ്ച രാത്രിയില്‍ ദല്‍ഹി-ഹിമാചല്‍ അന്തര്‍സംസ്ഥാന അധികാരപരിധിയെ ചൊല്ലി തര്‍ക്കം രൂപപ്പെട്ടു.

ബുധനാഴ്ച രാവിലെ ഹിമാചലിലെ റോഹ്രു ചിര്‍ഗാവിലെ മാണ്ട്ലി ഗ്രാമത്തിലുള്ള സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സാധാരണ വേഷത്തിലെത്തിയ ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബലമായി പിടിച്ചുവലിച്ച് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്നത് കണ്ടവരാണ് ഹിമാചല്‍ പൊലീസിനെ വിവരമറിയിച്ചത്.

തുടര്‍ന്ന് അന്വേഷണം നടത്തിയ ഹിമാചല്‍ പൊലീസ്, ദല്‍ഹി പൊലീസ് സംഘം റിസോര്‍ട്ടില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകളുടെ ഡി.വി.ആര്‍ നീക്കം ചെയ്തതായും മെമ്മോയോ രസീതോ നല്‍കാതെയാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തതെന്നും ആരോപിച്ചു.

ചിര്‍ഗാവ് പൊലീസിന്റെ നേതൃത്വത്തില്‍ ദല്‍ഹി സംഘത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ധരംപൂരില്‍ ചെക്ക് പോസ്റ്റ് സ്ഥാപിച്ച് ദല്‍ഹി പൊലീസിനെയും അറസ്റ്റിലായ യുവാക്കളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

തുടര്‍ന്ന് ഷിംല ജില്ലാ കോടതിയില്‍ ഹാജരാക്കിയെങ്കിലും കോടതി ഇവരെ വിട്ടയക്കുകയായിരുന്നു. പ്രാദേശിക പൊലീസിനെ നടപടി അറിയിക്കാത്തത് നിയമവിരുദ്ധമാണെന്ന് ഹിമാചല്‍ പൊലീസ് കോടതിയില്‍ വാദിച്ചു. എന്നാല്‍, ദല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിശദാംശങ്ങളും എഫ്.ഐ.ആറുമായി ബന്ധപ്പെട്ട രേഖകളും കോടതിയില്‍ ഹാജരാക്കി.

ഹിമാചല്‍ പൊലീസ് തങ്ങളുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നും ദല്‍ഹി പൊലീസ് സംഘം ആരോപിച്ചു. ഇതോടെ അറസ്റ്റിലായവരെ തുടര്‍നടപടികള്‍ക്കായി ദല്‍ഹിയിലേക്ക് കൊണ്ടുപോകാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു.

ബുധനാഴ്ച വൈകുന്നേരത്തോടെ ദല്‍ഹിയിലേക്ക് പുറപ്പെട്ട പൊലീസ് സംഘത്തെ ഷിംല പോലീസ് ഷോഗിക്ക് സമീപം വീണ്ടും തടഞ്ഞു. യുവാക്കളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും അറിയിച്ചു.

ഇതോടെ ദല്‍ഹിയിലേക്കുളള യാത്ര മുടങ്ങുകയും, അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അര്‍ബാസ്, സിദ്ധാര്‍ത്ഥ്, സൗരഭ് എന്നിവരെ ഷിംലയിലെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി ദല്‍ഹി പൊലീസ് പ്രവേശിപ്പിക്കുകയും ചെയ്തു. നിലവില്‍ യുവാക്കളെ ഷിംല സി.ജെ.എം കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് റിമാന്‍ഡ് ആവശ്യപ്പെടാനാണ് ദല്‍ഹി പൊലീസിന്റെ നീക്കം.

അതേസമയം, എ.ഐ ഇംപാക്ട് ഉച്ചകോടിക്കിടെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹിമാചചലിലെത്തിയെന്ന വിവരത്തെ തുടര്‍ന്ന് സദാനില്‍ ഫെബ്രുവരി 21 ന് ദല്‍ഹി പോലീസ് റെയ്ഡ് നടത്തിയിരുന്നു.

ഈ സമയത്ത് ദല്‍ഹിയിലായിരുന്ന ഹിമാചല്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖു പോലീസ് നടപടിയെ അപലപിച്ചിരുന്നു. റെയ്ഡിന്റെ വിവരം ഹിമാചല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയെങ്കിലും അറിയിക്കണമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

കഴിഞ്ഞദിവസം യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ ബാനു ഛിബിനെ എ.ഐ ഇംപാക്ട് ഉച്ചകോടിയിലെ പ്രതിഷേധത്തെ സംബന്ധിച്ച് അറിവുണ്ടായിരുന്നെന്ന് ആരോപിച്ച് ദല്‍ഹിയില്‍ അറസ്റ്റ് ചെയ്തിരുന്നു.

Content Highlight: Himachal Police takes custody of Delhi Police who arrested Youth Congress workers; Court releases them, remands them in custody

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more